ഇനി തകര ഷീറ്റും പ്ലാസ്റ്റിക് ബക്കറ്റുമല്ല, ഒറിജിനൽ ഇൻസ്ട്രുമെ​ന്റ്സിൽ പാടാൻ ഡബ്ബാ ബീറ്റിലെ കുട്ടികൾ

0
213

കര ഷീറ്റും പ്ലാസ്റ്റിക് ബക്കറ്റും, കമ്പുകളും ഒക്കെ ഉപയോ​ഗിച്ച് മനോഹരമായി പാട്ടു പാടുന്ന ഒരു മ്യൂസിക് ട്രൂപ്പി​ന്റെ വീഡിയോ അടുത്തിടെ വെെറൽ ആയിരുന്നു. തൃശൂരിലെ ഡബ്ബാ ബീറ്റ് എന്ന കുട്ടിക്കൂട്ടത്തി​ന്റെ പാട്ടാണ് വെെറലായിരുന്നത്. ഇവർ പാടിയ ആവേശം സിനിമയിലെ ഇല്ലൂമിനാറ്റി എന്ന ​ഗാനം തിങ്ക് മ്യൂസിക് ഇന്ത്യയും സം​ഗീത സംവിധായകൻ അനിരുദ്ധുമൊക്കെ പങ്കുവെച്ചിരുന്നു. ഈ കുട്ടിക്കൂട്ടത്തി​​ന്റെ വിശേഷങ്ങളറിയാനും പ്രേക്ഷകരെ അറിയിക്കാനും മൂവി വേൾഡ് മീഡിയ ചെയ്ത വീഡിയോ കണ്ട് ഒരു വ്യക്തി ഈ കുട്ടികൾക്ക് ശരിക്കുമുള്ള വാദ്യോപകരണങ്ങൾ നൽകിയിരിക്കുകയാണിപ്പോൾ. കൊച്ചി വടുതലയിലുള്ള എസ് ജെ മ്യൂസിക് എന്ന ഷോപ്പി​ന്റെ ഉടമസ്ഥനായ ജെയിംസാണ് കുട്ടികൾക്ക് വാദ്യോപകരണങ്ങൾ നൽകിയിട്ടുള്ളത്.

മൂവി വേൾഡ് മീഡിയ ചെയ്ത വാർത്താ വീഡിയോ കണ്ടാണ് ജെയിംസ് ഇത്തരമൊരു കാര്യം ചെയ്യാൻ മുന്നിട്ടിറങ്ങിയത്. ചെറുപ്പകാലം മുതൽ ഡ്രംസ് കൊട്ടാൻ ഇഷ്ടമുണ്ടായിരുന്ന ജെയിംസ് പലപ്പോഴും അത് സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ചുവരിൽ ഡ്രംസി​ന്റെ ചിത്രം വരച്ച് കൊട്ടുമായിരുന്നെന്നും, അതുകൊണ്ടുതന്നെയാണ് ഈ കുട്ടികളുടെ ഇഷ്ടം മനസിലാക്കി ഇവ നൽകാൻ തുനിഞ്ഞതെന്നും മൂവി വേൾഡ് മീഡിയയോട് പറഞ്ഞു. കോങ്കോ ഡ്രം, വയലിൻ, ഡ്രംസ് തുടങ്ങി കുട്ടികൾക്ക് ആവിശ്യമുള്ള എല്ലാ വാദ്യോപകരണങ്ങളും അദ്ദേഹം കുട്ടികൾക്ക് നൽകിയിട്ടുണ്ട്. സ്വന്തമായി എല്ലാ വാദ്യോപകരണങ്ങളും ലഭിച്ചതി​ന്റെ സന്തോഷം കുട്ടികൾ പങ്കുവെച്ചു. പലരും വാ​ഗ്ദാനങ്ങളൊക്കെ നൽകിയിരുന്നെങ്കിലും ഇങ്ങനൊന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണവർ പറയുന്നത്.

ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങാന്‍ കുറച്ചു തകര ഷീറ്റും, പ്ലാ​സ്റ്റിക് ബക്കറ്റും നല്ലൊരു പാട്ടുകാരനും മാത്രം മതിയെന്ന് തെളിയിച്ച കലാകാരന്മാരാണ് ‘ഡബ്ബാ ബീറ്റി’ലെ കുട്ടികൾ. കുട്ടിക്കൂട്ടത്തിന്‍റെ ‘ഇല്യുമിനാറ്റി’ ആയിരുന്നു അടുത്തിടെ വൈറലായിരുന്നത്. മൂന്ന് മില്യണിൽ അധികം കാഴ്ച്ചക്കാർ ആയിരുന്നു ആ വീഡിയോയ്ക്ക് ലഭിച്ചത്. ഫഹദ് ഫാസില്‍ അഴിഞ്ഞാടിയ ‘ആവേശം’ സിനിമയിലെ ഇല്യുമിനാറ്റി എന്ന പാട്ട് ഡബ്ബാ ബീറ്റിലെ കുട്ടി ഗായകൻ മുന്നിൽ നിന്നു പാടിയപ്പോൾ പിന്നിൽ ബക്കറ്റിലും ഷീറ്റിലും പൈപ്പിലും ഒക്കെ പക്കമേളം തീർത്തു കുട്ടിക്കൂട്ടം കട്ടയ്ക്കു കൂടെനിന്നിരുന്നു. ‘എടാ മോനേ’ എന്ന രംഗണ്ണന്റെ സിഗ്നേച്ചർ ഡയലോഗ് കൂടി പറഞ്ഞാണ് കുട്ടിക്കൂട്ടം ആ വിഡിയോ അവസാനിപ്പിച്ചത്. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, നടി അഖില ഭാര്‍ഗവന്‍, ദാബ്സി, കനി കുസൃതി തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ എല്ലാൺ അവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചെത്തിയിരുന്നു. കുട്ടിക്കൂട്ടത്തിന്‍റെ പാട്ടുകളെല്ലാം ആളുകള്‍ ഏറ്റെടുത്തിരുന്നു. മിക്ക വിഡിയോകള്‍ക്കും ലക്ഷക്കണക്കിന് വ്യൂസാണ് ഉള്ളത്. ഇനി പുതിയ വാദ്യോപകരണങ്ങൾ ഒക്കെ കിട്ടിയതോടെ ഡബ്ബാ ബീറ്റ് പുതിയൊരു മുഖത്തോടെ വരുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here