മലയാള സിനിമ പ്രേക്ഷകർക്കിടയിൽ എക്കാലവും ഓർത്തിരിക്കുന്ന ഒരു ചിത്രമാണ് നാടോടിക്കാറ്റ്. പ്രേക്ഷകരിൽ പൊട്ടിച്ചിരി ഉണർത്തുന്ന ഒട്ടേറെ രംഗങ്ങൾ ഉള്ള സിനിമയിൽ എല്ലാവരേയും അതിലേറെ പൊട്ടിച്ചിരിപ്പിച്ച ഒരു രംഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. അതിനു മറ്റൊരു കാരണവും ഉണ്ട്. ആ രംഗത്തിൽ നമ്മളെ ചിരിപ്പിച്ച ആരും ഇന്ന് ജീവിച്ചിരിപ്പില്ല. മുൻപ് ട്രോളുകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്നിരുന്ന ഈ രംഗം ഇന്ന് മലയാളിക്ക് ഒരു നൊമ്പരമായിരിക്കുകയാണ്.
ദുബായ് ആണെന്ന് കരുതി മദ്രാസ്സിലെത്തി അറബികളുടെ വേഷത്തിൽ നടക്കുന്ന ദാസനും വിജയനും. അവര് തങ്ങൾക്കു ഡോളറുമായി വന്നവരാണെന്നു കരുതുന്ന അനന്തൻ നമ്പ്യാരുടെ ഗുണ്ടകൾ. അവരുടെ കയ്യിൽ ആകെയുള്ളൊരു പെട്ടി. അത് കൈക്കലാക്കി നമ്പ്യാരുടെ അടുത്തേക്ക് ഗുണ്ടകളെത്തുമ്പോൾ നമുക്കറിയാം അതിൽ ഡോളർ അല്ല ദാസനെയും വിജയന്റെയും കുറച്ചു തുണികൾ മാത്രമേയുണ്ടാകു എന്ന്. അവരാ പെട്ടി തുറക്കും മുൻപ് നമ്മൾ ചിരിച്ചു തുടങ്ങിയിരുന്നു എവിടെ ? ഡോളറെവിടെ ? എന്ന നമ്പ്യാരുടെ ചോദ്യത്തോടെ ചിരി ഉച്ചസ്ഥായിയിലെത്തുന്നു. തിലകനും കൊല്ലം അജിത്തും കുണ്ടറ ജോണിയുമായിരുന്നു ആ രംഗത്തിൽ അഭിനയിച്ചവർ. തിലകൻ 2012 ലും കൊല്ലം അജിത് 2018 ലും കാലയവനികക്കുള്ളിൽ മറഞ്ഞു. ഇപ്പോഴിത കുണ്ടറ ജോണിയും അഭിനയ ജീവിതംഅവസാനിപ്പിച്ചു മടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചത്. 71 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. നൂറിൽ അധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു കുണ്ടറ ജോണിയുടെ പ്രധാന തട്ടകം.
ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തെ തേടി എത്തുകയും ചെയ്തിരുന്നു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ,ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, തുടങ്ങി നിരവധിഹിറ്റ് ചിത്രങ്ങളിൽ ജോണി വേഷമിട്ടു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പാടിയാൻ ആയിരുന്നു ഏറ്റവും അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ജോണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അധ്യാപികയായ സ്റ്റെല്ലയാണ് അദ്ദേഹത്തിന്റെ ഭാര്യ.