തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് വിജയ്. അതുകൊണ്ടുതന്നെ വിജയ് ചിത്രങ്ങളുടെ പ്രദർശനത്തിന് നിരവധി വേറിട്ട കാഴ്ചകളാണ് തീയേറ്ററുകളിൽനിന്നുള്ള ആഘോഷവുമായി ബന്ധപ്പെട്ട് വരാറുള്ളത്. അത്തരത്തിൽ ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കടുത്ത വിജയ് ആരാധകരായ വധൂ വരന്മാർ കല്യാണത്തിന്റെ തലേ ദിവസം തീയേറ്ററിലെത്തി, ‘ലിയോ’ സിനിമയുടെ ആദ്യ പ്രദർശനത്തിന് ശേഷം പരസ്പരം മലയിടുന്നത്തിന്റെ വിഡിയോ ആണ് തരംഗമായിരിക്കുന്നത്.
വിജയ് ചിത്രങ്ങൾ പ്രദർശനത്തിന് എത്തുമ്പോൾ ആരാധകരുടെ ആവേശക്കാഴ്ചകൾ എപ്പോഴും ഉള്ളതാണ് . ഡിജെ പാർട്ടികളും കട്ടൌട്ടിലെ പാലഭിഷേകവുമൊക്കെയാണ് സ്ഥിരമായി നടക്കാറുള്ളത് . എന്നാൽ ഇത്തരം ഒരു കാഴ്ച വിജയ് ആരാധകർക്ക് വേറിട്ട ഒന്നായിരുന്നു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് ഈ സംഭവം നടന്നത്. ലിയോ പ്രദർശനത്തിനെത്തിയ ദിവസമായ ഇന്നാണ് വിജയ് ആരാധകർ വ്യത്യസ്തമായ ഈ ആഘോഷത്തിന് സാക്ഷ്യം വഹിച്ചത്. വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം മാല ചാർത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദർശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നിൽ വച്ചായിരുന്നു മാലയിട്ടത് . വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളും തിയറ്ററിൽ ഒപ്പമുണ്ടായിരുന്നു.
ഇത്തവണ തെന്നിന്ത്യയിൽ ഏറ്റവും വലിയ പ്രതീക്ഷയോടെ വന്ന ചിത്രങ്ങളിൽ ഒന്നാണ് ലിയോ. വിജയ് ലോകേഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലിയോ ഇന്നാണ് പ്രദർശനത്തിനെത്തിയത്. തന്റെ സിനിമാ ജീവിതത്തിലെ വലിയ വിജയ ചിത്രമായ വിക്രത്തിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൂടിയാണിത്. മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അതേസമയം, പുറത്തിറങ്ങിയ അഭിപ്രായങ്ങളും നിരൂപണങ്ങളും നോക്കുകയാണെങ്കിൽ ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമാണെന്നാണ് പറയുന്നത്. കൈതി, വിക്രം എന്നിവയാണ് ഈ യൂണിവേഴ്സിലെ ആദ്യ രണ്ട് ചിത്രങ്ങൾ.
കൂടാതെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഈ ചിത്രം റെക്കോർഡുകളാണ് തീർത്തിരിക്കുന്നത്. ഒപ്പം യു എസ് എയിൽ ആയിരത്തിലധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അതോടൊപ്പം നിർമ്മാതാക്കളെ അങ്കലാപ്പിലാക്കിക്കൊണ്ട് ചിത്രത്തിലെ ചില രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ലിയോ പ്രദശനത്തിനു എത്തുന്നതിനു മുൻപുതന്നെ ഈ രംഗങ്ങൾ പ്രചരിച്ചിരുന്നു. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ഉൾപ്പെടെ ഉള്ളവർ ഇത് സ്ഥിരീകരിക്കുന്നുണ്ട്.