കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ്: മികച്ച സിനിമ, തിരക്കഥ, സംവിധാനം എന്നിവ മമ്മൂട്ടി കമ്പനി സിനിമകള്‍ക്ക്

0
55

2023ലെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്. മികച്ച ചലച്ചിത്രമായി തെരഞ്ഞെടുത്തത് ‘കാതല്‍ ദി കോറി’നെയാണ്. പുരസ്‌കാരം മമ്മൂട്ടി കമ്പനിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യനും സംവിധായകന്‍ ജിയോ ബേബിയും ചേര്‍ന്ന് സ്വീകരിച്ചു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കണ്ണൂര്‍ സ്‌ക്വാഡിന് ആണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം റോബി വര്‍ഗീസ് രാജും സ്വന്തമാക്കി. കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധാനത്തിനാണ് റോബി പുരസ്‌കാരത്തിന് അര്‍ഹനായത്.

2023 സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, കിഷോര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച് ജിയോ ബേബി സംവിധാനം ചെയ്ത് ചിത്രമാണ് കാതല്‍ ദ കോര്‍. 2023 നവംബറില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടി ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തിയ ചിത്രം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയിരുന്നു. മമ്മൂട്ടിയുടെ നായികയായി എത്തിയത് ജ്യോതിക ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അവതരിപ്പിച്ച ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടുകയും ചെയ്തു. സുധി കോഴിക്കോട്, ആര്‍.എസ്.പണിക്കര്‍, ജോജി ജോണ്‍, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം ചിത്രം കാഴ്ച വച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here