‘മലയാളത്തിന്റെ ചാപ്ലിൻ’, ചിരികൾക്ക് പുതിയ നിറം കൊടുത്ത ജഗദീഷിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ

0
780

മനുഷ്യരെ ചിരിപ്പിക്കാൻ വലിയ പാടാണ്, അതുകൊണ്ട് തന്നെ ഭൂമിയിലെ ഏറ്റവും പ്രയാസപ്പെട്ട ജോലി തമാശ പറയുന്നതും ആളുകളെ ചിരിപ്പിക്കുന്നതുമാണ്

തിരുവനന്തപുരം എം ജി കോളേജിലെ തിരക്കിട്ട ജോലികൾക്കിടയിൽ നിന്ന് വീണു കിട്ടുന്ന ഒഴിവു സമയങ്ങളിലൊക്കെ ഒരു മനുഷ്യൻ സിനിമയെക്കുറിച്ചു ദീർഘമായി ചിന്തിക്കുമായിരുന്നു. ജീവിതത്തിന്റെ പല നിമിഷങ്ങളിലും മനസ്സിൽ കടന്നുകൂടിയ ഒരു സ്വപ്നം അയാളെ സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അധ്യാപനത്തിനൊപ്പം തന്നെ അഭിനയവും തുടരാൻ അയാൾക്കൊരു അവസരം ലഭിച്ചു. പിന്നീട് നടന്നത് മലയാള സിനിമയുടെ ഗ്രാഫിനെ തന്നെ മാറ്റി മറിക്കുന്ന ചില അത്ഭുതങ്ങളായിരുന്നു.മനുഷ്യരെ ചിരിപ്പിക്കാൻ സംഭാഷണങ്ങൾ ആവശ്യമില്ലെന്ന് ആദ്യമായി വെളിപ്പെടുത്തുന്നത് ചാർളി ചാപ്ലിനാണ്. അദ്ദേഹത്തിന്റെ ഭാഷ ശരീരമായിരുന്നു. മുഖം കൊണ്ടും ശരീരം കൊണ്ടും അയാൾ പ്രേക്ഷകരെ ചിരിപ്പിച്ചു മുന്നേറി. അഞ്ചാം തരത്തിൽ പഠിക്കുമ്പോഴാണ് ഞാൻ മോഡേൺ ടൈംസ് കാണുന്നത്. അന്ന് മുതൽക്ക് എന്തുകൊണ്ട് നമുക്ക് ഇത്തരത്തിൽ ഒരു നടനില്ല എന്ന തോന്നൽ ഉണ്ടായിരുന്നു. അത് മാറുന്നത് ഞാൻ ജഗദീഷിനെ കണ്ട് തുടങ്ങുമ്പോഴാണ്. കോമഡിയുടെ എല്ലാ വിധ തലക്കെട്ടുകളെയും ജഗദീഷ് തിരുത്തി എഴുതുന്നത് ഓരോ സിനിമയിലും ഞാൻ വ്യക്തമായി കണ്ടിട്ടുണ്ട്. ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനിൽ നിന്നാണ് ജഗദീഷ് അത്തരത്തിൽ ഒരു മാറ്റം മലയാള സിനിമയിൽ കൊണ്ട് വന്നത്. മുഖത്തെ റിയാക്ഷൻ കൊണ്ടും സംഭാഷണങ്ങളിലെ പുതുമ കൊണ്ടും സൂപ്പർഹിറ്റായ ഹരിഹർ നഗറിൽ ജഗദീഷ് വ്യക്തമായ ആധിപത്യം അന്ന് സ്ഥാപിച്ചിരുന്നു.കാക്കയുടെ ഡയലോഗ് മുതൽക്ക് ഹരിഹർ നഗറിൽ ജഗദീഷ് പറഞ്ഞ ഓരോ ഡയലോഗുകളും അന്ന് സൂപ്പർഹിറ്റായിരുന്നു. അയാളുടെ മുഖത്തെ ആഷനും മറ്റും നമുക്ക് അതുവരെയ്ക്കും ആരും തരാത്ത ഒരു വലിയ സമ്മാനമായിരുന്നു. സൂപ്പർഹിറ്റ് ചിത്രം ഗോഡ് ഫാദറിലും ജഗദീഷ് തന്റെ സ്ഥിരം നമ്പറുകൾ ഇറക്കി. അതന്ന് ചൂടപ്പം പോലെയാണ് വിറ്റുപോയത്. മുകേഷിനും, ഇന്നസെന്റിനും, സിദ്ധീക്കിനുമൊപ്പം ഗോഡ് ഫാദറിന്റെ ഗോഡായി നിന്നത് അന്ന് ജഗദീഷ് കൂടിയായിരുന്നു. ചിരിപ്പിക്കാൻ ജന്മസിദ്ധമായി കഴിവുള്ള ഒരു നടനായിരുന്നു ജഗദീഷ്. അതിനെ ഓരോ കഥാപാത്രങ്ങളിലേക്കും പകർത്തിയെഴുതുകയും അയാൾ ചെയ്തു. ഒരേ സമയം സ്വഭാവ നടനായും കോമഡി നടനായും ജഗദീഷ് മലയാള സിനിമയിൽ അഭിനയിച്ചു മുന്നേറി.ഏത് കഥാപാത്രത്തെയും അവതരിപ്പിക്കാൻ സാധ്യതയുള്ള നടനായിരുന്നിട്ടും തന്റെ ഭൂതകാലങ്ങൾ പലപ്പോഴും ജഗദീഷിനെ വേട്ടയാടിയിരുന്നു. എന്നാൽ ആ സാധ്യത അയാൾ കൃത്യമായി മുതലെടുത്തു, എണ്ണപ്പെടാത്തത്ര സിനിമകളിൽ കോമഡികൾ ചെയ്ത് തന്നിലെ നടനെ എന്നും നിലനിർത്താൻ ജഗദീഷിന് കഴിഞ്ഞു. ഒപ്പമുള്ള പലരും സിനിമയുടെ ഉള്ളറകളിലേക്കും മറഞ്ഞിട്ടും ജഗദീഷിനുള്ള വേഷങ്ങൾ അയാൾക്ക് മാത്രമായി സിദ്ധിഖ് ലാൽ അടക്കമുള്ള സംവിധായകർ സൂക്ഷിച്ചു വച്ചു. വീണ്ടും വീണ്ടും തിരഞ്ഞുപിടിച്ചു കാണാൻ തോന്നുന്ന കഥാപാത്രങ്ങളെയാണ് ജഗദീഷ് ചെയ്തുവച്ചതൊക്കെയും. ജൂനിയർ മാൻഡ്രേക്കും, ഹരിഹർ നഗറിന്റെ രണ്ടാം ഭാഗവും, കാക്കക്കുയിലുമെല്ലാം ജഗദീഷിന്റെ ഏറ്റവും മികച്ച സിനിമകളായിത്തന്നെ നൂറു തലമുറകൾക്കിപ്പുറവും ജീവിച്ചിരിക്കും.ഒരു സ്വഭാവ നടൻ എന്നതിനേക്കാൾ ആ കാലഘട്ടത്തിൽ ജഗദീഷിനെ ഒരു കൊമേഡിയനായി കാണാനാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. സീരിയസ് വേഷങ്ങൾ ചെയ്യാനുള്ള തന്റെ ഇഷ്ടങ്ങൾ പലപ്പോഴും ജഗദീഷിന് വിട്ടുകൊടുക്കേണ്ടിവന്നത് തന്നെക്കൊണ്ട് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങൾ തേടിയെത്തിയപ്പോഴാണ്. അപ്പുക്കുട്ടനെ ഞാൻ മറന്നാലും നിങ്ങൾ മറക്കില്ല. മായിൻ കുട്ടിയെ നിങ്ങൾ മറന്നാലും ഞാൻ മറക്കില്ല. മാന്ത്രികത്തിലെ ജോബി ഡി കോസ്റ്റയെ നമ്മളൊക്കെ മറന്നാലും മലയാള സിനിമാ ലോകം തീർച്ചയായും മറക്കില്ല. മിമിക്സ് പരേഡ്, ഏയ് ഓട്ടോ, വരവേൽപ്പ്, കാസർഗോഡ് കാദർ ഭായ് അങ്ങനെ ജഗദീഷിന്റെ വണ്മാന്ഷോ നിറഞ്ഞ സിനിമകൾ അനവധിയാണ്.കാലത്തിനൊത്ത് മാറുമ്പോഴാണ് ഏതൊരു മനുഷ്യനും നിലനിൽപ്പ് പൂർണ്ണമാകുന്നത്. ജഗദീഷ് അത്തരത്തിൽ മാറ്റങ്ങൾക്ക് വിധേയനായ ഒരു മനുഷ്യനും നടനുമാണ്. കഥകളും തിരക്കഥകളുമെഴുതിയിരുന്ന ജഗദീഷ് ഒരു കാലഘട്ടത്തിനപ്പുറത്തേക്ക് പിന്നീട് ആ മേഖലകളിലേക്ക് ശ്രദ്ധ നല്കാതെയായി. അന്നയാൾ അഭിനയം മാത്രം ശ്രദ്ധിച്ചു. ഓരോ കഥകളും ഓരോ കാലത്തിനോട് മാത്രം ചേർന്ന് നിൽക്കുന്നതായിരുന്നു. അതിനെ വീണ്ടും വർത്തമാന കാലത്തിലേക്ക് പറിച്ചു നടുന്നത് ബുദ്ധിയല്ലെന്ന് അയാൾക്ക് തോന്നിക്കാണണം. ഗായകനായിരുന്ന ജഗദീഷ് പാട്ടുകൾ കൊണ്ടും ജഡ്ജായും സ്‌ക്രീനിൽ നിന്ന് വിട്ടു നിൽക്കാതെ തന്റെ സെലിബ്രിറ്റി ജീവിതത്തെ എപ്പോഴും ലൈവാക്കി മാറ്റി.ഉണ്ണി ആർ തിരക്കഥയെഴുതി രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന സിനിമയിലൂടെയാണ് നമ്മൾ ഇതുവരെയ്ക്ക് കാണാത്ത ഒരു ജഗദീഷ് അവതരിക്കുന്നത്. സ്വന്തം മകളെ റേപ്പ് ചെയ്യുന്ന ഒരച്ഛനായി അയാൾ ജീവിച്ചു തീർത്ത സിനിമയാണ് ലീല എന്ന് സംശയിക്കാതെ നമുക്ക് പറയാം. ആ സിനിമയിൽ ജഗദീഷിനെ കണ്ടാൽ നമ്മൾ പ്രേക്ഷകർക്ക് ഒറപ്പും വെറുപ്പും അനുഭവപ്പെടും. അത്രത്തോളം ഭീകരമായിട്ടാണ് തങ്കപ്പൻ എന്ന കഥാപാത്രത്തെ ജഗദീഷ് എന്ന നടൻ അവതരിപ്പിച്ചിരിക്കുന്നത്. ജഗദീഷിന്റെ ആ ഒരു മാറ്റം ഒരിക്കലും മലയാളികൾ പ്രതീക്ഷിച്ചതല്ലായിരുന്നു. പക്ഷെ ആ മാറ്റമാണ് അയാളിലെ നടനെ വീണ്ടും പുതിയ ഒരായുധമാക്കി സിനിമാ ലോകത്തിന് മുൻപിലേക്ക് പ്രതിഷ്ഠിച്ചത്.പുരുഷ പ്രേതം , റോഷാക്ക്, പൂക്കാലം, മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് , വീകം, ബ്രോ ഡാഡി, പട, തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ ജഗദീഷിന്റെ മികച്ച കഥാപാത്രങ്ങളാണ് നമ്മൾ കണ്ടത്. പുരുഷ പ്രേതത്തിലെ പൊലീസുകാരനായി ജഗദീഷ് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. പെട്ടെന്നുള്ള ഒരു മാറ്റമാണ് ജഗദീഷിനെ പ്രേഷകരുടെ പ്രിയ താരമാക്കി മാറ്റുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. കാലം മാറുമ്പോൾ കഥകളും കഥാപാത്രങ്ങളും മാറും, ആ മാറ്റത്തെ അറിയുന്നവനാണ് യഥാർത്ഥ കലാകാരൻ. ഇനിയും സിനിമയുടെ സമ്പന്നമായ കാലങ്ങൾക്കും കഥാപാത്രങ്ങളുടെ ഭംഗിയുള്ള സൃഷ്ടികൾക്കും ജഗദീഷിനെ ആവശ്യമമാണ്. അയാളെ ഇനിയും ഒരുപാട് കഥാപാത്രങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ടതുണ്ട്.

-സാൻ

LEAVE A REPLY

Please enter your comment!
Please enter your name here