ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം; പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍

0
685

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്ത്യാക്കാര്‍ക്ക് അഭിമാന നിമിഷം എന്നാണ് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. പാര്‍ലമെന്റിന്റെ ഫോട്ടോകള്‍ ഉള്‍പ്പടെയായിരുന്നു ഉണ്ണി മുകുന്ദന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

‘ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം’, എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. #NewParliamentHouse എന്ന ഹാഷ്ടാഗും ഉണ്ണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

അതേസമയം, ഇന്ന് രാവിലെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തി പാര്‍ലമെന്റ് മന്ദിരത്തിന്‍രെ ഉദ്ഘാടനം നിര്‍വഹിച്ചു. 2020 ലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. 2022ല്‍ പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 899 ദിവസങ്ങളാണ് നിര്‍മ്മാണത്തിന് എടുത്തത്. 21 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാര്‍ലമെന്റ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

1200 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാര്‍ലമെന്റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അതേസമയം, കോണ്‍ഗ്രസും ഇടത് പക്ഷവും, ആംആദ്മി പാര്‍ട്ടിയുമടക്കം 21 കക്ഷികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.

മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്‌മണസംഘവുമായി പ്രധാനമനത്രി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന സമാജ് വാദി പാര്‍ട്ടി വിമര്‍ശിച്ചു.

എന്ത് പാടില്ലെന്നാണോ ഭരണഘടന പറയുന്നത് അത് നടന്നുവെന്ന് മോദിയും സന്ന്യാസിമാരുമായുള്ള ചിത്രം പങ്കുവച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.അതേ സമയം ചെങ്കോലിനെ അനുകൂലിച്ചും, എതിര്‍ത്തുമുള്ള വാദങ്ങളെ അംഗീകരിച്ച ശശി തരൂര്‍ എം പി വര്‍ത്തമാനകാല മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ചെങ്കോലിനെ സ്വീകരിക്കാമെന്ന് ട്വീറ്റ് ചെയ്തു.

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here