വേശാമണിയമ്മാളായി മലയാളിക്ക് മുന്നിലെത്തിയ മുത്തശ്ശിമുഖം : ഓർമ്മകളിൽ മറഞ്ഞ് ആർ സുബ്ബലക്ഷ്മി

0
323

ലയാളികളുടെ മനസിലേക്ക് വേശാമണിയമ്മാൾ ആയി കടന്നുവന്ന, മലയാളികളുടെ മുത്തശ്ശി മുഖം.. സുബ്ബലക്ഷ്മി. വളരെ നിഷ്കളങ്കമായി ചിരിക്കുന്ന മുഖത്തോടെ മാത്രം സിനിമകളിൽ നമ്മൾ കണ്ടിരുന്ന സുബ്ബലക്ഷ്മി. ‘നന്ദനം’ സിനിമയിലൂടെ അഭിനയരംഗത്തെത്തി, മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധിവേഷങ്ങൾ വളരെ ചുരുക്കം സിനിമകളിലൂടെ നമുക്ക് നൽകി.മലയാളത്തിനുമപ്പുറം തെന്നിന്ത്യയിലും ബോളിവുഡിയും ടോളിവുഡിലുമെല്ലാം ത​ന്റെ കെെയ്യൊപ്പ് പതിപ്പിച്ചു…കലയിൽ ജീവിതം ഊന്നിനിർത്തിയ മലയാളികളുടെ മുത്തശ്ശി നിരവധി നല്ല വേഷങ്ങൾ നൽകിയ ഓർമ്മകൾ ബാക്കിവെച്ചുകൊണ്ട് നമ്മെവിട്ട് പിരിഞ്ഞിരിക്കുകയാണ്…

 

വേശാമണിയമ്മാളിൽ നിന്നും നിഷ്കളങ്കമായുള്ള ചിരിയുമായി കല്യാണരാമനിലെ കാർത്ത്യായനി അമ്മയായി വീണ്ടും മലയാളികൾക്ക് മുന്നിലേക്കെത്തി. ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വർക്കായതും അവരുടെ ചിരി പടർത്തിയ വാർദ്ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ രാമന്റെ ഏറ്റവും നല്ല വിജയഘടകങ്ങളായിരുന്നു.

സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മിയുടെ കലാ രംഗത്തെക്കുള്ള കാൽവെപ്പ്. നൃത്ത അധ്യാപികയായും, ഓൾ ഇന്ത്യ റേഡിയോ റേഡിയോയിൽ വനിതാ കംമ്പോസറായും സുബ്ബലക്ഷ്‍മി പ്രവർത്തിച്ചിരുന്നു. ഡബ്ബിംഗ് ആർടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങി. കല്യാണ രാമൻ, നന്ദനം തുടങ്ങിയ വേഷങ്ങളാണ് സുബ്ബലക്ഷ്‍മിക്ക് മലയാളി മനസുകളിൽ ജനപ്രീതി നൽകിയത്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ മനസറിഞ്ഞ് ചിരിപ്പിച്ചിട്ടുമുണ്ട് നടി. സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വൺ, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളിൽ വേഷമിട്ടു. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വിജയ്‌യ്ക്കൊപ്പം ബീസ്റ്റ് സിനിമയിലാണ് അവസാനം അഭിനയിച്ചത്.

സിനിമ മാത്രമായിരുന്നില്ല താരത്തി​ന്റെ ഇടം, അതിന് പുറമെ നിരവധി ടെലിവിഷൻ സീരിയലുകളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം സുബ്ബലക്ഷ്‍മി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടന്മാരായ രൺബീർ കപൂറിനും സുശാന്ത് സിങ് രജ്പുത്തിനുമൊപ്പം പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മകൾ താര കല്യാണും കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോകളിലൂടെ പലപ്പോഴും സുബ്ബലക്ഷ്മി ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

1936 ൽ തിരുവനന്തപുരത്ത് ജനിച്ച സുബ്ബലക്ഷ്മി, കർണ്ണാടിക് സം​ഗീതത്തിലായിരുന്നു ത​ന്റെ കഴിവുകൾ മെരുക്കിയെടുത്തത്. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു താരം.. റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ഒരിക്കൽ ഒരു ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ദീഖിനെ പരിചയപ്പെടുകയും പിന്നീട് സിദ്ദീഖ് വഴി തന്നെ നന്ദനം സിനിമയിലേക്ക് എത്തിച്ചേരുകയുമായിരുന്നു. രഞ്ജിത്ത് സംവിധാനവും സിദ്ദീഖ് നിർമാണവും നിർവ്വഹിച്ച സൂപ്പർഹിറ്റ് ചിത്രമായ “നന്ദന”ത്തിലെ വാല്യക്കാരി മുത്തശ്ശിമാരിലൊരാളായ വേശാമണിയമ്മാൾ ആയിട്ടായിരുന്നു മലയാള സിനിമയിൽ സുബ്ബലക്ഷ്മിയുടെ തുടക്കം. തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യപ്രധാന വേഷങ്ങളും അവതരിപ്പിച്ചു. ജാക്ക് ആൻഡ് ഡാനിയൽ മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോൾ എന്നിവയിൽ ഡബ്ബിംഗ് ആർടിസ്റ്റുമായും തിളങ്ങിയിരുന്നു.


വേശാമണിയമ്മാൾ ആയി എത്തി മലയാളികളുടെ മനംകവർന്ന ആ മുത്തശ്ശിമുഖം ഓർമ്മയായി മാറിയിരിക്കുകയാണ്. ചെയ്തുവെച്ച വേഷങ്ങളും കലാസൃഷ്ടികളുമെല്ലാം ആ കലാകാരിയെ എന്നും പ്രേക്ഷകമനസിൽ നിലനിർത്തുമെന്നുറപ്പാണ് ..

LEAVE A REPLY

Please enter your comment!
Please enter your name here