മലയാളസിനിമയ്ക്ക് അഭിമാനം, വേൾഡ് ക്ലാസിക് ചിത്രം : ‘ആടുജീവിതം’ ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്ന് ബെന്യാമിൻ

0
453

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തി, ബ്ലെസി സംവിധാനം നിർവഹിച്ച ചിത്രം ‘ആടുജീവിതം’ ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രം കാണാൻ യഥാർത്ഥ കഥാനായകൻ നജീബും, അദ്ദേഹത്തിന്റെ ജീവിതം നോവലിലേക്ക് പകർത്തിയ ബെന്യാമിനും എത്തിയിരുനിന്നു. സ്‌ക്രീനിൽ പ്രിഥ്വിരാജ് തന്റെ ജീവിതം അതിന്റെ തീവ്രതയോടെ അവതരിപ്പിച്ചതുകൊണ്ട് കരഞ്ഞുപോയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഒപ്പം മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ചിത്രങ്ങളിൽ ഒന്നാണ് ആടുജീവിതമെന്നാണ് ബെന്യാമി​ന്റെ വാക്കുകൾ.

”മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ചിത്രങ്ങളിൽ ഒന്നെന്നു നിശ്ചയമായിട്ടും പറയാവുന്ന വേൾഡ് ക്ലാസിക് ചിത്രമാണ്, എന്റെ ചെറിയ കഥയെ ആസ്പദമാക്കി ലോകത്തിനു മുന്നിലേക്ക് സമ്മാനിച്ചിരിക്കുന്നത്. അതിൽ വളരെയധികം സന്തോഷമുണ്ട്. ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്ന് ഒരു പ്രേക്ഷകനെന്ന നിലയിൽ പറയുകയാണ് ഞാൻ. എല്ലാവരും കാണുക, വിലയിരുത്തുക അഭിപ്രായങ്ങൾ അറിയിക്കുക.” എന്നാണ് ബെന്യാമിൻ പറഞ്ഞത്.

”അത് കണ്ടപ്പോൾ മുതൽ ഞാൻ അവിടെ ഇരുന്നു കരയുകയായിരുന്നു. കാരണം ഞാനവിടെ അനുഭവിച്ച കാര്യങ്ങൾ പൃഥ്വിരാജ് സാർ സിനിമയിൽ അഭിനയിച്ചു കാണിച്ചപ്പോൾ എനിക്ക് സന്തോഷവുമുണ്ട്, ഉള്ളിന്റെ ഉള്ളിൽ ദുഖവുമുണ്ട്. കാരണം ഞാൻ അവിടെ അന്നനുഭവിച്ച അതേരീതിയിൽതന്നെയാണ് പൃഥ്വിരാജ് സാറും അതിൽ അഭിനയിച്ചിരിക്കുന്നത്. എല്ലാവരും പടം കണ്ട് വിജയിപ്പിക്കണം. എന്നാലെ അതിലെ കാര്യങ്ങളെല്ലാം മനസിലാവുകയുള്ളു. മനസിന്റെ ഒരു വിങ്ങലാണ് ഈ സിനിമ. ബെന്യാമിൻ എന്നെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു.” എന്നാണ് യഥാർത്ഥ കഥാനായകൻ നജീബ് പറഞ്ഞത്.

തനിക്കിതൊരു വികാരങ്ങളുടെ റോളർ കോസ്റ്ററാണെന്നായിരുന്നു എന്നാണ് ഹക്കിമായി സ്‌ക്രീനിലെത്തിയ ഗോകുലിന് പറയാനുള്ളത്. ”ഓരോ പ്രേക്ഷകനെപോലെയും ആദ്യമായിട്ട് ഈ സിനിമ കാണുന്ന ആളാണ് ഞാനും,എന്നെ സംബന്ധിച്ച് ഇതൊരു ഇമോഷണൽ റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. കൊറേ വികാരങ്ങൾ അങ്ങനെ ഇങ്ങനെയുമൊക്കെ പോയിട്ട് ഇടയ്ക്കു കരച്ചിലും ഇടയ്ക്കു റീലിഫും ഒക്കെ വന്നിരുന്നു. അങ്ങനെ വികാരങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഒരു റൈഡ് ആയിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമ. ഇതിൽ പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും ടെക്നീഷ്യന്മാർക്കുമെല്ലാം ഹാറ്റ്സോഫ്, അവരെല്ലാമാണ് ഈ സിനിമ ഇങ്ങനെയൊക്കെ മനോഹരമാക്കാൻ കഷ്ടപ്പെട്ടത്. സിനിമയ്ക്കുപിന്നിലുള്ള ഓരോരുത്തരും അവരുടെ വിയർപ്പും ചോരയും സിനിമയ്ക്ക് കൊടുത്തിട്ടുണ്ട്.”

സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ടെക്‌നിഷ്യൻമാർക്കും ക്രൂ മെമ്പേഴ്സിനും ഇതുതന്നെയാണ് പറയാനുള്ളത്. തങ്ങളുടെ കഷ്ടപ്പാട് വിജയം കണ്ടെന്നും ബ്ലെസി സാറിനൊപ്പം നിന്ന് ഇത്രകാലം പ്രവർത്തിച്ച എല്ലാവരുടെയും അധ്വാനത്തിന്റെ ഫലം ഇപ്പോൾ പ്രേക്ഷകരുടെ മുഖത്തുനിന്നും വായിച്ചെടുക്കാനാവുന്നുണ്ടെന്നും അവർ പറയുകയുണ്ടായി.

തനിക്കറിയാത്ത ഭാഷയാണ് താൻ ചിത്രത്തിൽ കൈകാര്യം ചെയ്തതെന്നും, അറബി അറിയില്ലായിരുന്നുവെന്നും, ഇതിനുവേണ്ടി പഠിക്കുകയായിരുന്നെന്നും നടൻ ജിമ്മി ജീൻ ലൂയിസ് പറഞ്ഞു. ഒരുപാട് വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ഈ പ്രൊജക്റ്റ് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here