ഹിമാചലിലെ കാറപകടത്തിൽ കാണാതായ സംവിധായകന്റെ മൃതദേഹം കണ്ടെത്തി

0
171

ഹിമാചൽ പ്രദേശിലെ സത്‌ലജ് നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ചെന്നൈ മുൻ മേയർ സൈദൈ ദുരൈസാമിയുടെ മകനും സംവിധായകനുമായ വെട്രി ദുരൈസാമിയെ കാണാതായിരുന്നു. ഇപ്പോൾ അദ്ദേഹത്തി​ന്റെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ്. നദിയിലും പരിസരത്തുമായി ഒരാഴ്ചയോളം തിരച്ചിൽ തുടരുകയായിരുന്നു. തിങ്കളാഴ്ച നദിയിൽനിന്ന് തന്നെയാണ് അദ്ദേഹത്തി​ന്റെ മൃതദേഹം കണ്ടെടുത്തത്.

ഒൻപത് ദിവസത്തെ തിരച്ചിലിനു ശേഷമാണ് അദ്ദേഹത്തി​ന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. 45 വയസ്സായിരുന്നു അദ്ദേഹത്തിന്. പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മൃതദേഹം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയായാൽ മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതേ അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട വെട്രിയുടെ സുഹൃത്ത് ഗോപിനാഥിനെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ‌‌

ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. ലാഹോൾ-സ്പിതിയിലെ കാസയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രയിലായിരുന്നു വെട്രിയും സുഹൃത്തും. കഷാംഗ് നലയിൽ തീരദേശ ഹൈവേയിലൂടെ പോയ്ക്കൊണ്ടിരിക്കവെ കാർ സത്‌ലജ് നദിയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഡ്രൈവർ മരിക്കുകയും ഒപ്പമുണ്ടായ തിരുപ്പൂർ സ്വദേശി ഗോപിനാഥിനെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നദിയിലെ പാറയില്‍ തങ്ങി നില്‍ക്കുന്ന നിലയിലാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്കൂബ ഡൈവര്‍മാരാണ് അദ്ദേഹത്തി​ന്റെ മൃതദേഹം കണ്ടെത്തിയത്.

അപകടസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്ററോളം ദൂരെ മാറിയാണ് മൃതദേഹം കിട്ടിയത്. അപകട സ്ഥലത്ത് നിന്ന് തലച്ചോറിന്റെ ഭാഗം കണ്ടെത്തിയതായി നേരത്തെതന്നെ പൊലീസ് അറിയിച്ചിരുന്നു. ജില്ലാ പൊലീസിന്റേയും ഐടിബിപി, എന്‍ഡിആര്‍എഫ്, നേവി, എസ്ഡിആര്‍എഫ്, ഹോം ഗാര്‍ഡ് എന്നിവരും ഒരുമിച്ചാണ് വെട്രിക്കായി തിരച്ചില്‍ നടത്തിയത്. അപകടത്തിൽ മകനെ കാണാതായപ്പോൾ മകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വെട്രിയുടെ പിതാവ് സെയ്ദെ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ മുന്‍ മേയറാണ് സെയ്ദെ ദുരൈസാമി.

കഴിഞ്ഞ ഒരാഴ്ചയായി ഇന്തോ-ടിബറ്റൻ അതിർത്തി പോലീസും ദുരന്തനിവാരണ സേനയും ഉൾപ്പെടെയുള്ള സംഘം തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്. സിനിമ സംവിധായകനായ വെട്രി ഒരു ഷൂട്ടിങ് സംഘത്തിനൊപ്പമായിരുന്നു ഹിമാചലിൽ എത്തിയിരുന്നത്. 2021-ൽ വെട്രി സംവിധാനംചെയ്ത തമിഴ് ചിത്രമായ ‘എൻട്രാവത് ഒരു നാൾ’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിധാർത്ഥും രമ്യാ നമ്പീശനുമാണ് ഈ സിനിമയിലെ നായികാനായകന്മാർ.

LEAVE A REPLY

Please enter your comment!
Please enter your name here