കേരളത്തിനുപുറത്ത് ‘പ്രേമലു’വിന് സബ്ടെെറ്റിലില്ലെന്ന പ്രചരണം തള്ളി ഫഹദ് ഫാസിൽ

0
315

വർഷം തുടങ്ങിയതുമുതൽ നിരവധി സിനിമകൾ വരിവരിയായി പ്രദർശനത്തിനെത്തുകയാണ്. ഇപ്പോൾ ഫെബ്രുവരിയിൽ ഇറങ്ങിയവയിൽ വമ്പൻ കുത്തിച്ചോട്ടം നടത്തുന്ന ഒരു ചിത്രമാണ് ‘പ്രേമലു’. ‘ഭ്രമയുഗം’ പ്രദർശനത്തിനെത്തിയിട്ടും വലിയ കുലുക്കമില്ലാതെ തന്നെയാണ് പ്രേമലുവിന്റെ പ്രദർശനം തുടരുന്നത്. അതേസമയം ചിത്രത്തിന്റെ പ്രദർശനത്തെ സംബന്ധിച്ചുള്ള ചില പ്രചരണങ്ങളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ ഫഹദ് ഫാസിൽ.

അടുത്ത കാലത്തെ മലയാള സിനിമകളെയൊക്കെ പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്ക്രീന്‍ കൗണ്ടുമായി ആയിരുന്നു പ്രേമലുവിന്‍റെ പ്രദർശനം ആരംഭിച്ചത്. എന്നാല്‍ കേരളത്തിന് പുറത്ത് എല്ലാ സെന്‍ററുകളിലും ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ ലഭ്യമല്ലെന്ന തരത്തിലുള്ള പ്രചരണം നടന്നിരുന്നു. ആ പ്രചരണങ്ങളിൽ വാസ്തവമില്ലെന്നാണ് ഫഹദ് ഇപ്പോൾ ആരാധകരോടായി പറഞ്ഞിരിക്കുന്നത്. “കേരളത്തിന് പുറത്തുള്ള, മലയാളികളല്ലാത്ത ഞങ്ങളുടെ സുഹൃത്തുക്കളോട്, കേരളത്തിന് പുറത്തുള്ള എല്ലാ കേന്ദ്രങ്ങളിലും സബ് ടൈറ്റിലുകളോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതല്ലാതെ സബ്ടെെറ്റിൽ ഇല്ലെന്ന തരത്തിൽ ഇപ്പോൾ വരുന്ന പ്രചരണങ്ങളെല്ലാം തെറ്റാണ്. പ്രേമലുവിനോട് നിങ്ങളെല്ലാം കാണിക്കുന്ന സ്നേഹത്തിന് നന്ദി. ചിത്രം തിയറ്ററില്‍ തന്നെ അനുഭവിക്കാന്‍ മറക്കേണ്ട”, എന്നാണ് ഫഹദ് ഫാസില്‍ ഫേസ്ബുക്കിൽ കുറിച്ചത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം നിർവഹിച്ചെത്തിയ ചിത്രമാണ് പ്രേമലു. നസ്ലിനും മമിതയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോക്സ് ഓഫീസില്‍ ചിത്രം ഇനിയും ഏറെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂവേർസും ഒരുപോലെ പറയുകയാണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’വി​ന്റെ നിർമ്മാണത്തിനു പുറകിൽ.

ഏകദേശം 4 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ടുതന്നെ മുതൽമുടക്കു തിരിച്ചുപിടിച്ചിരുന്നു. ചിലവ് നോക്കുമ്പോൾ ഈ അടുത്തിറങ്ങിയ മലയാള സിനിമകളിൽ വച്ച് ബ്ലോക്ക്ബസ്റ്റർ വിഭാ​ഗത്തിലേക്കാണ് പ്രേമലുവിന്റെ യാത്ര. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി വേഷമിട്ടത്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here