പീഡനങ്ങൾ തുടർക്കഥയാകുമ്പോൾ ഇവയും ചിന്തിക്കണം

0
207

കുട്ടിക്കാലത്ത് നമ്മളെ അസ്വസ്ഥമാക്കുന്ന ഒരു ചെറിയ സ്പർശം മതി ജീവിതം മുഴുവൻ വേദനയുടേതാകാൻ. ആ മഞ്ഞ ചുരിദാറിൽ ചെറുപ്പത്തിൽ വേദനിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി അനിയത്തിക്ക് കൽപ്പിക്കുന്ന അതിർത്തികൾ ഏറെയാണ്. നിറമുള്ള വസ്ത്രങ്ങൾക്കും, സന്ധ്യ കഴിഞ്ഞുള്ള പുറത്തു പോകലുകളും, ആൺ കുട്ടികളുമായുള്ള സൗഹൃദം അങ്ങനെയങ്ങനെ…

ഇങ്ങനെ കൊണ്ട് പോകുന്ന വീട്ടിൽ അച്ഛൻ ഒരു പെൺകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ആ ഒരു അവസ്ഥ എന്തായിരിക്കും. പെട്ടന്നൊരു ദിവസം സെക്യൂരിറ്റി ജീവനക്കാരനായ അച്ഛൻ ഒരു സമയം കഴിഞ്ഞും വീട്ടിൽ വരാതാവുകയും, തിരഞ്ഞു ചെല്ലുമ്പോൾ പോലീസ് കൊണ്ട് പോയതായും അറിയുന്നു. തിരഞ്ഞു ചെല്ലുമ്പോൾ കേൾക്കുന്ന വാർത്ത അവൾക്ക് വിശ്വസിക്കാനാകുന്നില്ല. ആ പെൺകുട്ടിയെ പീഡിപ്പിച്ചതിൽ തന്റെ അച്ഛനും ഒരു പ്രതിയാണ് എന്നാണ് അവൾ അറിയുന്നത്. തന്റെ അച്ഛനെ കാണാൻ പോലും സമ്മതിക്കാതെ പൂട്ടിയിടുമ്പോൾ അവൾക്കുണ്ടാകുന്ന ഭയം ചെറുതൊന്നുമല്ല. അച്ഛൻ നിരപരാധിയാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ആ മകൾക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് പിന്നീട് നടക്കുന്നത്. മാധ്യമങ്ങളിലൂടെ തന്റെ അച്ഛൻ ഒരു പീഡനക്കേസിൽ പ്രതിയാണെന്ന് പുറം ലോകം അറിയുന്നു. സമൂഹം എത്രത്തോളം ഭയാനകമാണെന്ന് അവൾ അറിഞ്ഞ് തുടങ്ങുന്നത് അതിനെ തുടർന്നാണ്.

മറ്റുള്ളവരുടെ കുറ്റപ്പെടുത്തുന്ന നോട്ടങ്ങളും, വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലുകളും എല്ലാം ചേർന്നപ്പോൾ മാനസികമായി തകർന്നു പോയെങ്കിലും. അച്ഛനിലും നീതിന്യായ കോടതിയിലും ഉള്ള വിശ്വാസം അവളെ ആത്മവിശ്വാസമുള്ളവളാക്കുന്നു. മാധ്യമങ്ങളെ കണ്ടു പോലും ശീലമില്ലാത്ത ഒരു സ്കൂൾ ടീച്ചറിൽ നിന്നും പ്രതികരിക്കാൻ അത്രയേറെ പര്യാപ്തയായ ഒരുവളിലേക്കുള്ള മാറ്റം ആ സാഹചര്യങ്ങൾ കൊണ്ടെത്തിക്കുന്നതാണ്. ഇന്നുവരെ കോടതി കാണാത്ത ഒരു വക്കീലിന് മുന്നിൽ കേസുമായി പോകുമ്പോഴും ഈ പരിചയമില്ലായ്മ തന്നെയാണ് അവളിൽ പ്രകടമാകുന്നത്.

ആ പെൺകുട്ടി അവളുടെ അച്ഛന്റെ നേർക്ക് കൈ ചൂണ്ടുമ്പോഴും അത് മറ്റുള്ളവർ പറഞ്ഞു നല്കിയതാണെന്ന വാദത്തിൽ വീണ്ടും അവൾ ഉറച്ച് വിശ്വസിക്കുന്നു. അതിനായി രാവും പകലുമില്ലാതെ ഓടി നടക്കുന്നു. ഭാവഭേദങ്ങൾ ഏറെയാണ് കഥയുടെ അവസാനഭാഗത്തിൽ ആ പെണ്ണിന്. ശക്തമായ നടത്തവും, മുഖഭാവവും എല്ലാം ചേരുമ്പോൾ അവിടെ വല്ലാതെ ഒരു മാറ്റം കാണാൻ കാണികൾക്ക് കഴിയുന്നുണ്ട്. അവസാനം ആ പീഡപ്പിക്കപ്പെട്ട പെൺകുട്ടി അവളുടെ അച്ഛന് നേരെ തന്നെ വിരൽ ചൂണ്ടുമ്പോൾ തല കുനിച്ച് നിൽക്കുന്നതും അവൾക്ക് സ്വന്തം സ്വത്വത്തിൽ പോലും വിശ്വാസം ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് അവൾ നീങ്ങിയതായും ഇതിലൂടെ മനസിലാക്കാം. ഇത്രയും പറഞ്ഞത് എല്ലായിടത്തും ചർച്ചയായ ഗാർഗി എന്ന ചിത്രത്തെക്കുറിച്ചാണ്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത് സായിപല്ലവി കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമ.

പീഢനങ്ങൾ തുടർ കഥയാകുന്ന നാട്ടിൽ, എവിടെ ഇരുന്നാൽ പെണ്ണ് സുരക്ഷിതയാണ് എന്നത് ആർക്കും പറയാനാകില്ല. വീട്ടിൽ അച്ഛനാലും സഹോദരങ്ങളാലും പീഡിപ്പിക്കപ്പെടുന്ന മൃഗീയതയുടെ കഥകൾ ഇന്ന് പുതുമയില്ലാത്ത കഥയായി മാറിയിരിക്കുകയാണ് മലയാളിക്ക്. സ്വന്തം പെണ്മക്കളേ പോലും കാമം നിറയുന്ന സമയത്ത് മനസിലാകാതെ പോകുന്ന പിതാവ് എന്നത് ഭീതിപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. പ്രമോദ് രാമൻ എഴുതിയ തന്ത താഴ് എന്ന കഥ വായിക്കുമ്പോൾ അംഗീകരിക്കാം കഴിയുന്നില്ല എന്ന് പറഞ്ഞ തലമുറയാണ് ഇന്ന് ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ മൗനം പാലിക്കുന്നതും. സംസാരിക്കേണ്ടത് പീഡനങ്ങളെക്കുറിച്ച് മാത്രമല്ല രക്തബന്ധങ്ങളിൽ പോലും കാമം കലർത്തുന്ന ആളുകളെക്കുറിച്ച് കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here