കല്യാണരാമനിൽ നമ്മെ ചിരിപ്പിച്ച മുത്തശ്ശൻ : ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മകൾക്ക് ഇന്ന് മൂന്ന് വയസ്സ്

0
117

നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മലയാളികളുടെ മുത്തശ്ശൻ മുഖം. കല്യാണരാമനിലൂടെ നർമ്മ രസമുണർത്തുന്ന മുത്തശ്ശനായും കണ്ണുനനയിക്കുന്ന അഭിനയത്തിലൂടെയും പ്രേക്ഷകമനസ്സിനെ പിടിച്ചുകുലുക്കാൻ സാധിച്ച നടനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഇന്ന് മൂന്ന് വയസ്സ് തികയുകയാണ്.

76-ാം വയസിൽ സിനിമയിലെത്തിയ പ്രതിഭയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. വാത്സല്യവും സ്നേഹവും കുസൃതിയും നിറയുന്ന ചിരിയോടെ സിനിമയിലെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി മലയാളത്തിലെ നിരവധി താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിട്ടിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ പുല്ലേരി വാധ്യാരില്ലത്തെ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന കലാകാരൻ ‘ദേശാടനം’ എന്ന സിനിമയിലൂടെയായിരുന്നു അഭിനയരംഗത്തേയ്ക്ക് വന്നത്.

മൂത്ത മകൾ ദേവകിയുടെ ഭർത്താവും പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി വഴിയായിരുന്നു സിനിമയിലേക്കുള്ള വഴി അദ്ദേഹത്തിന് തുറന്നുകിട്ടുന്നത്. നാല് തമിഴ് സിനിമകളടക്കം 22 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. മലയാളികളുടെ മനസ്സിൽ ഒരു മുത്തശ്ശനായി ഇടം നേടാൻ അതുതന്നെ ധാരാളമായിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ, ജയറാം, ദിലീപ്, സുരേഷ്‌ ഗോപി, മുരളി എന്നിവർക്കൊപ്പം അച്ഛനും മുത്തച്ഛനുമായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ദിലീപ് നായകനായ കല്യാണരാമൻ അടക്കമുള്ള സിനിമയിൽ അദ്ദേഹം അഭിനയിച്ച രംഗങ്ങൾ ഇന്നും മലയാളികളെ ചിരിപ്പിക്കുന്ന ഒന്നാണ്. സിനിമയിൽ പ്രേക്ഷകർ കണ്ട രസികനായ അച്ഛൻ തന്നെയായിരുന്നു ജീവിതത്തിലും എന്ന് മകനും കേരള ഹൈക്കോടതി ജഡ്ജിയുമായ പി.വി. കുഞ്ഞികൃഷ്ണൻ മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. ചായയിൽ ഒരു സ്പൂൺ മധുരം അധികം വേണമെന്നത് നിർബന്ധം പിടിക്കുന്ന , ഉച്ചയ്ക്ക് ചൂടുചോറിൽ പാലും പഞ്ചസാരയും ചേർത്ത് കഴിക്കുന്ന മധുരം ഏറെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു അദ്ദേഹം. മധുരത്തോടുള്ള ഈ പ്രിയമായിരിക്കാം അദ്ദേഹത്തിന്റെ ചിരിയും അതിമധുരം ആയി നമ്മുക്ക് തോന്നാൻ കാരണം.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് എ.കെ.ജി. അടക്കമുള്ള കമ്മ്യൂണിസ്റ്റുകാരെ ഇല്ലത്ത് ഒളിവിൽ താമസിപ്പിക്കാനുള്ള ധൈര്യം അന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. 2021 ജനുവരി 20-ന് 97-ാമത്തെ വയസ്സിലായിരുന്നു മരണം അദ്ദേഹത്തെ തേടിയെത്തിയത്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം ഇത്തവണ നൽകുന്നത് നടൻ മധുവിനാണ്. ജനുവരി 25-ന് മധുവിന്റെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പുരസ്കാരം കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here