​ഗീതു മോഹൻദാസി​ന്റെ ‘ടോക്സിക്’ : ചിത്രത്തിൽനിന്ന് കരീന പിന്മാറി, പകരം നയൻതാര

0
214

ഗീതു മോഹൻദാസ് സംവിധാനം നിർവ്വഹിച്ച് യാഷ് നായകനാകുന്ന ചിത്രമാണ് ‘ടോക്സിക്’. ഈ ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്യുന്നത് ബോളിവുഡ് നടി കരീന കപൂർ ആണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ചിത്രത്തിൽ പിന്മാറിയെന്നാണ് വിവരങ്ങൾ. യാഷിന്‍റെ സഹോദരി വേഷത്തിലേക്കാണ് കരീനയെ പരിഗണിച്ചതെങ്കിലും ഷെഡ്യൂളിന് ഡേറ്റ് പ്രശ്നം വന്നതോടെയാണ് കരീന ചിത്രത്തിൽനിന്ന് പിന്‍മാറിയത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ ചിത്രത്തിൽ നയൻതാരയെയും പരിഗണിക്കുന്നുണ്ട് എന്നാണ് വിവരങ്ങൾ.

കരീന കപൂറി​ന്റെ പകരമാണോ ഇപ്പോൾ നയന്‍താരയെ പരിഗണിക്കുന്നത് എന്ന് വ്യക്തമല്ലെങ്കിലും, യാഷി​ന്റെ സഹോദരി വേഷത്തിലേക്കാണ്
താരത്തെ ക്ഷണിച്ചിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ഇപ്പോൾ പുരോഗമിക്കുകയാണ് എന്നാണ് വിവരങ്ങൾ. ചിത്രത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ ഒന്നും ഔദ്യോഗികമായി ഇതുവരെ ആരും വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ ഒരു ദേശീയ മാധ്യമത്തി​ന്റെ റിപ്പോർട്ടിൽ ടോക്സിക്ക് സിനിമയിൽ മൂന്ന് മുൻനിര നായികമാർ അണിനിരക്കുമെന്ന് മുൻപ് പറഞ്ഞിരുന്നു. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രത്തി​ന്റെ നിർമ്മാണം. 2025 ഏപ്രിൽ 10 ന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഗീതു മോഹൻദാസ് തന്നെയാണ് ഈ ചിത്രത്തി​ന്റെ രചനയും നി‍ർവഹിക്കുന്നത്.

പ്രഖ്യാപനത്തിന് പിന്നാലെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ടോക്സിക് . എ ഫെയറി ടെയിൽ ഫോർ ഗ്രോൺ -അപ്‌സ് എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൻറെ മെയിൻ ആകർഷണം ആയിട്ടുള്ളത് പാൻ ഇന്ത്യൻ നടൻ യാഷും ഇന്റർനാഷണൽ ലെവലിൽ ശ്രദ്ധ നേടിയ സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്നു എന്നതാണ്. ഇക്കൂട്ടത്തിലേക്ക് കിംഗ് ഖാൻ ഷാരൂഖ് ഖാനും എത്തുന്നുണ്ടാ എന്ന റിപ്പോർട്ടുകൾ മുന്നേ വന്നിരുന്നു. ചിത്രം 2025 ഏപ്രിൽ പത്തിന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറഞ്ഞിട്ടുള്ളത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ മേൽവിലാസം നേടിയെടുത്ത താരമാണ് യഷ്. സ്വന്തം പേരിനെക്കാളും കെ.ജി.എഫിലെ കഥാപാത്രത്തിന്റെ പേരായ റോക്കി ഭായ് എന്ന പേരിലാണ് നടൻ അറിയപ്പെടുന്നത് തന്നെ.2022 ല്‍ റിലീസ് ചെയ്ത കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം യഷിന്റേതായി പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നില്ല.എന്തുകൊണ്ട് താരം മറ്റ് ചിത്രങ്ങൾ ചെയ്യുന്നില്ലെന്ന ചോദ്യം നിലനിൽക്കെയാണ് ടോക്സിക് പ്രഖ്യാപിച്ചത്.അതുകൊണ്ട് തന്നെ മറ്റെങ്ങും ലഭിക്കാത്തത്ര സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.മാത്രമല്ല 2014 ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം ലയേഴ്സ് ഡൈസിനും നിവിന്‍ പോളി നായകനായി എത്തിയ മൂത്തോനും ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ടോക്‌സിക്കിനുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here