പിൻഗാമികളില്ലാത്ത രാജാവിന്റെ മകൻ, പ്രതിഭയുടെ പാദമുദ്രകൾക്ക് അറുപത്തിമൂന്നിന്റെ അഴക്

0
1043

സേതുമാധവൻ കീരിക്കാടൻ ജോസിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ, വിഷ്ണുവിന്റെ വധശിക്ഷ കോടതി തടഞ്ഞിരുന്നെങ്കിൽ, ബോബിയ്ക്ക് നീനയെ നഷ്ടപ്പെടാതിരുന്നെങ്കിൽ, ഗാഥ വിളിക്കുമ്പോൾ ഉണ്ണി ആ മുറിയിൽ തന്നെ ഉണ്ടായിരുന്നെങ്കിൽ

സിനിമ ഒരു മതമാണെങ്കിൽ ദൈവവും, സന്ദേശമാണെങ്കിൽ ഗാന്ധിയും, വാണിജ്യമാണെങ്കിൽ ബിൽഗേറ്റ്സും, സമർപ്പണമാണെകിൽ ഭഗത് സിംഗും മോഹൻലാൽ തന്നെയാണ്. അയാൾക്ക് മുകളിൽ അഭിനയ സാധ്യതകളോ കഥാപാത്രങ്ങളോ ലോക സിനിമയിൽ തന്നെ ഇതുവരേയ്ക്കും സംഭവിച്ചിട്ടില്ല. ചിരിച്ചു കൊണ്ട് മലയാളികളെ കരയിച്ച ഒരു നടനും ചടുലതകൾ കൊണ്ട് മലയാളികളെ ആവേശം കൊള്ളിച്ച നടനും മോഹൻലാൽ മാത്രമായിരുന്നു. അയാളുടെ അഭിനയത്തിലേക്കുള്ള ഓരോ കാൽവെയ്പുകളും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളുടെ പറുദീസ തന്നെ സമ്മാനിച്ചു. ഏതൊരു നടനെയും പോലെയായിരുന്നില്ല മോഹൻലാൽ, കണ്ണുകൾ മുതൽ കാലിലെ രോമങ്ങൾ വരേയ്ക്ക് അയാൾക്കൊപ്പം അഭിനയിച്ചുകൊണ്ടിരുന്നു. മലയാള സിനിമയുടെ വിന്റേജ് കാലഘട്ടത്തിൽ ഇത്രത്തോളം ആരാധകരെ സൃഷ്‌ടിച്ച ഒരു നടൻ ഉണ്ടായിട്ടില്ല.

കഥാപാത്രങ്ങളെ ഹൃദയത്തിലേക്കാവാഹിച്ച് അവരിലേക്ക് പരകായ പ്രവേശം നടത്തുന്ന മോഹൻലാൽ സിനിമയുടെ മുൻ തലമുറകൾക്ക് ഒരത്ഭുതമായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തുമ്പോൾ ഒരുപക്ഷെ അന്നയാൾ കൊണ്ട വെയിലോ മഴയോ മഞ്ഞോ ഒന്നും തങ്ങൾ കടന്നു പോകുന്നത് സിനിമയുടെ തന്നെ വിസ്മയമാകാൻ പോകുന്ന മനുഷ്യനെയാണ് എന്നറിഞ്ഞു കാണില്ല. വാനപ്രസ്ഥം പോലെയോ തന്മാത്ര പോലെയോ ഉള്ള ഒരു സിനിമ ഭൂമിയിൽ തന്നെ ഇത്ര പൂർണ്ണതയിൽ ചെയ്യാൻ മോഹൻലാലിന് മാത്രമേ കഴിയൂ. അയാൾ അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ച മനുഷ്യനാണ്. മറ്റൊന്നും അയാളോട് പറയരുത്, മറ്റൊന്നും അയാളെക്കൊണ്ട് ചെയ്യിക്കരുത്.

സൗത്ത് ഇന്ത്യൻ സിനിമകളിൽ സൂപ്പർസ്റ്റാറുകളും അവരുടെ എണ്ണമറ്റ ആരാധകരും കത്തിക്കയറിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ശിവാജി ഗണേശന് വേണ്ടിയും എം ജി ആറിന് വേണ്ടിയും തമിഴ് ജനത കൊല്ലാനും മരിക്കാനും തയ്യാറായ ഒരു കാലം. മലയാള സിനിമ അന്ന് ശൂന്യമായിരുന്നു. ജയൻ ഒഴികെ ഇവിടെ മനുഷ്യരെ രോമാഞ്ചം ഉണർത്താൻ പോന്ന ഒരു സൂപ്പർ താരങ്ങളും ഇല്ലായിരുന്നു. ആ ഒഴിവിലേക്കാണ് മലയാള സിനിമ മോഹൻലാൽ എന്ന ക്ലാസിക് ഹീറോയെ തിരഞ്ഞെടുക്കുന്നത്. അയാൾ വരുന്നതോട് കൂടി സിനിമയും അതിന്റെ സകല സഞ്ചാരവും മാറി മറിഞ്ഞു. പ്രതിഷ്ഠകളും പരിമിതികളൂം ഉടച്ചു വാർത്തുകൊണ്ട് മോഹൻലാൽ തുടങ്ങിയപ്പോൾ സൗത്ത് ഇന്ത്യയെന്നല്ല ലോകം തന്നെ മലയാള സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.

അഭിനയിക്കുക എന്നതിനേക്കാൾ അനുഭവിക്കുക എന്ന തന്ത്രമാണ് മോഹൻലാൽ സിനിമയിൽ ചെയ്തു പോന്നിരുന്നത്. രൂപം പോലും മാറാതെ കഥാപാത്രങ്ങളെ മാറാൻ കഴിയുന്ന ഒരേയൊരു അഭിനേതാവ് എന്ന് അയാളെ അടയാളപ്പെടുത്താം. ചിത്രം സിനിമയിലെ വിഷ്ണുവിൽ നിന്നും നാടോടിക്കാറ്റിലെ ദാസനിലേക്കും അടിവേരുകളിലെ ബാലകൃഷ്ണനിലേക്കും, ഗാന്ധി നഗറിലെ സേതുവിലേക്കും മോഹൻലാൽ മാറുന്നത് രൂപം കൊണ്ടായിരുന്നില്ല , ഭാവങ്ങൾ കൊണ്ടായിരുന്നു. ഓരോ കഥാപാത്രങ്ങൾക്കും അദ്ദേഹം കൊടുത്തത് വ്യത്യസ്തമായ പെരുമാറ്റങ്ങളായിരുന്നു. രൂപമല്ല ഭാവവും ഭേദങ്ങളുമാണ് മനുഷ്യരെ വ്യത്യസ്തരാക്കുന്നത് എന്ന രീതി തന്നെ മോഹൻലാലാണ് മലയാള സിനിമയിൽ കൊണ്ടുവരുന്നത്. താടി വച്ചും മറുക് വച്ചും കഥാപാത്രങ്ങളെ വ്യത്യസ്ഥരാക്കാൻ ശ്രമിച്ചിരുന്ന സംവിധായകർക്കും കഥാകൃത്തുകൾക്കും മോഹൻലാൽ എന്ന നടൻ അന്ന് നൽകിയത് പുതിയ ഒരു പാഠമായിരുന്നു.

വിന്റേജ് മോഹൻലാൽ എന്ന ഒരു ചിന്ത തന്നെ സമീപകാലത്ത് മലയാള സിനിമയിൽ രൂപപ്പെട്ടിട്ടുണ്ട്. താഴ്വാരവും, കന്മദവും, തൂവാനത്തുമ്പികളും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും കമലദളവും തുടങ്ങി തീർത്തും വ്യത്യസ്തരായ മനുഷ്യരുടെ മാനസിക വ്യാപാരങ്ങളിലൂടെയാണ് അന്ന് മോഹൻലാൽ സഞ്ചരിച്ചത്. അയാൾക്ക് പ്രയാസമായ ഒന്നും മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ‘ഹീ ഈസ് ദി കപ്ലീറ്റ് ആക്ടർ’ എന്ന് സിനിമാ പ്രേമികൾ ഉച്ചത്തിൽ വിളിച്ചു പറയുന്നത്.

മോഹൻലാൽ മുണ്ടുടുത്ത് മീശ പിരിച്ചു വന്നാൽ അതിനുമപ്പുറത്തക്ക് മാസോ ക്ലാസോ കാണിക്കാൻ കഴിയുന്ന ഒരു നടനും നിലവിൽ ഇല്ല. ദേവാസുരം, രാവണപ്രഭു, നരസിംഹം, പ്രജ, പിൻഗാമി, നാട്ടുരാജാവ്, തുടങ്ങിയ സിനിമകളിൽ ഒരു മുണ്ട് കൊണ്ടും മീശ കൊണ്ടും അയാൾ കാണിച്ച മാസ് ഒരു സിക്സ് പാക്ക് ബോളിവുഡ് ഹീറോയ്ക്കും ഇതുവരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. ഏത് തലത്തിലേക്കും അനായാസം സഞ്ചരിക്കാൻ കഴിയുന്ന മുഖത്തെ പേശികളും, ഏത് ഭാവവും കൈകാര്യം ചെയ്യാൻ കഴിയുന്ന തൊലിയുടെ ഫ്‌ളെക്‌സിബിലിറ്റിയും, എത്ര വലിയ ഫൈറ്റ് സീനുകളും ചെയ്ത് തീർക്കാൻ കഴിയുന്ന മെയ് വഴക്കവും മോഹൻലാൽ എന്ന പ്രതിഭയ്ക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നാണ്.

ലോക സിനിമയിൽത്തന്നെ ഏറ്റവും പ്രയാസമേറിയ ജീവിത സാഹചര്യങ്ങളും, വ്യത്യസ്തമായ ശരീര ഘടനകളും, ന്യൂറോണുകളിലെ സങ്കീര്ണതയുമെല്ലാം ഇന്ത്യൻ ജനതയ്ക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇവിടെ രചിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ മലയാള സിനിമയാണ് വിവിധ ഭാഷകളിലെയും, സംസ്കാരങ്ങളിലെയും, രാജ്യങ്ങളിലെയും കലാസൃഷ്ടികളെ ഒരുപോലെ ഏറ്റെടുക്കുന്നത്. അതുകൊണ്ട് തന്നെ, മലയാളികൾ രചിക്കുന്ന കഥകൾക്ക് സങ്കീർണ്ണതകൾ ഏറെയെയാണ്. അതിനെ ശാരീരിക മാറ്റങ്ങൾ ഒന്നുമില്ലാതെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുക എന്നുള്ളത് ഏറെ പ്രയാസമുള്ള കാര്യമാണ്. അവിടെയാണ് മോഹൻലാൽ എന്ന നടൻ പൂർണ്ണനാകുന്നത്.

അയാൾക്ക് വടിവൊത്ത ശരീരമോ, കാഴ്ചയ്ക്ക് പൂർണ്ണനെന്ന് തോന്നുന്ന ഉയരമോ ഒന്നുമില്ല. യഥാർത്ഥത്തിൽ കേരളീയർ ആഗ്രഹിക്കുന്ന ആര്യന്മാരുടെ സൗന്ദര്യ ശാസ്ത്രങ്ങൾ ഒന്നുമില്ലാത്ത ഒരു മനുഷ്യനാണ് മോഹൻലാൽ. പക്ഷെ അയാൾക്ക് ചുറ്റുമുള്ള ഒരു പ്രത്യേക എനർജിയുണ്ട്, എല്ലാ മനുഷ്യരെയും അടിച്ചു തോൽപ്പിച്ച് ലാലേട്ടൻ അവരെയെല്ലാം രക്ഷിക്കും എന്ന ഒരുറപ്പ് നമുക്കുണ്ട്. അതുകൊണ്ട് തന്നെ കേണലായാലും, ഡാൻസ് മാസ്റ്ററായാലും, പി ഡബ്ലിയു ഡി കോൺട്രാക്ടർ ആയാലും, ബസ്സ് മുതലാളി ആയാലും അയാളിൽ നമുക്ക് എന്തെന്നില്ലാത്ത ഒരു വിശ്വാസമുണ്ട്.

മോഹൻലാലിനോളം സ്ക്രീൻ പ്രസൻസുള്ള ഒരു നടനെ നമ്മൾ മുൻപ് കണ്ടിട്ടില്ല. അയാൾ വന്നു നിന്നാൽ അതൊരു നിൽപ്പ് തന്നെയാണ്. ഒപ്പമുള്ളവരെല്ലാം അപ്പോൾ തീരെ ചെറുതാവുകയും ആ രംഗങ്ങളുടെ കീ അയാൾ ഏറ്റെടുക്കുകയും ചെയ്യും. വാണിജ്യപരമായി മലയാള സിനിമയെ ഉന്നതങ്ങളിലേക്ക് എത്തിക്കാൻ മോഹൻലാലിന്റെ സിനിമകൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. ലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ എല്ലാം തന്നെ ബോക്സ് ഓഫീസുകളിൽ വലിയ ഹിറ്റ് സമ്മാനിച്ച സിനിമകളായിരുന്നു. സിബി മലയിലും രഞ്ജിത്തും ജോഷിയുമെല്ലാം മോഹൻലാൽ എന്ന പ്രതിഭയെ മാത്രം പ്രതീക്ഷിച്ച് സിനിമകൾ ചെയ്ത ഒരു കാലഘട്ടം ഉണ്ടായിരുന്നു.

ഇന്ന് മലയാള സിനിമയ്ക്ക് മോഹൻലാലിന്റെ മുഖമാണെന്ന് പറഞ്ഞാൽ എതിർക്കാനാവില്ല. കാരണം ഈ സിനിമാ മേഖലയെ പിടിച്ചുയർത്തുന്നതിലും ബോക്സ് ഓഫീസുകളിൽ ഹിറ്റുകളിൽ സൃഷ്ടിക്കുന്നതിലും അയാളോളം വന്നിട്ടില്ല മറ്റൊരാളും. പുലിമുരുകനും, ലൂസിഫറും തീർത്ത നൂറു കോടി കണക്കുകൾ തിരുത്താൻ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ തന്നെ വർഷങ്ങൾ എടുത്തെങ്കിൽ മനസ്സിലാക്കണം മലയാള സിനിമ ഇന്നും മോഹൻലാൽ എന്ന ബ്രാൻഡിനൊപ്പം തന്നെയാണ് സഞ്ചരിക്കുന്നതെന്ന്. പ്രമുഖ ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ മലൈകോട്ടൈ വാലിബൻ എന്ന സിനിമയുടെ പോസ്റ്ററിൽ എഴുതിയത് ഇങ്ങനെയാണ് മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’. ഈ വാക്ക് തന്നെ മതി രണ്ടായിരത്തി ഇരുപത്തി മൂന്നാം നൂറ്റാണ്ടിലും മോഹൻലാൽ എന്ന മനുഷ്യന്റെ സ്ഥാനം മലയാളികളുടെ ഹൃദയത്തിലാണെന്നറിയാൻ.

‘വാഴ്‌ക തലൈവാ പല്ലാണ്ട് കാലം’ 

ലാലേട്ടൻ @ 63 

LEAVE A REPLY

Please enter your comment!
Please enter your name here