കുസാറ്റ് ദുരന്തം : ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് നടൻ മോഹൻലാൽ

0
413

കൊച്ചി കളമശ്ശേരിയിലെ കുസാറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിൽ ടെക് ഫെ​സ്റ്റിനിടെ നടന്ന ദുരന്തത്തിൽ അനുശോചനവുമായി നടൻ മോഹൻലാൽ. കുസാറ്റ് കാമ്പസിൽ നടന്ന ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിക്കുന്നെന്നും, പരിക്കേറ്റവർക്ക് വേ​ഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നുമാണ് നടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം….

”കുസാറ്റിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..”

കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്‍റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് തിക്കിലും തിരക്കിലും അപകടത്തില്‍ പെട്ടത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ്, താമരശ്ശേരി സ്വദേശിനി സാറാ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കുസാറ്റില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ടെക് ഫെസ്റ്റിന്‍റെ ഭാഗമായുള്ള കലാപരിപാടികളില്‍ പങ്കെടുക്കാന്‍ കാമ്പസിന് പുറത്തു നിന്നും ധാരാളം ആളുകള്‍ എത്താറുണ്ടായിരുന്നു. ബോളിവുഡ് ഗായികയുടെ ഷോയ്ക്ക് വലിയ ജനക്കൂട്ടമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അധികൃതർക്ക് വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം. കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ക്ക് സാധാരണയുള്ള പൊലീസ് സാന്നിധ്യം മാത്രമേ ക്യാമ്പസിൽ ഉണ്ടായിരുന്നുള്ളൂ. പൊതുവെ വിദ്യാര്‍ത്ഥികളാണ് ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കാറുണ്ടായിരുന്നത്.

അതേസമയം, മഴയല്ല അപകട കാരണമെന്നാണ് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പരിപാടിക്കായി അകത്തുകയറാന്‍ ഗേറ്റ് തുറക്കാന്‍ വൈകി. അതോടെ ഉന്തും തള്ളുമായി. ഇതിനിടെ ഗേറ്റ് തുറന്നപ്പോള്‍ ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും പെട്ട് താഴേക്ക് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകളും വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് കളമശ്ശേരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here