‘മമ്മൂക്ക കൂടെ നിന്ന് ധെെര്യം തരും, അതിനൊപ്പം പേടിയും ഉണ്ട്, ഒരു പ്രിൻസിപ്പാളിനെപോലെയാണ് ഞങ്ങൾക്ക്’ : രാജ് ബി ഷെട്ടി

0
361

മ്മൂട്ടി നായകനായി പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ‘ടർബോ’. വൈശാഖ് സംവിധാനം നിർവഹിക്കുന്ന ചിത്രം മെയ് 23 ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്താനിരിക്കുകയാണ്. അതേസമയം ചിത്രത്തിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന മറ്റൊരു കഥാപാത്രം വില്ലനായെത്തുന്ന രാജ് ബി ഷെട്ടിയുടേതാണ്. അദ്ദേഹവും, ഒപ്പം ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ജന ജയപ്രകാശ് , അബിൻ ബിനോ എന്നിവർ മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയാണ്. മമ്മൂക്കയ്‌ക്കൊപ്പമുള്ള ആദ്യസീൻ എടുത്തതിനെക്കുറിച്ചു പറയുകയാണ് രാജ് ബി ഷെട്ടി.

രാജ് ബി ഷെട്ടിയുടെ വാക്കുകൾ…

‘മമ്മൂക്കയുടെ അടുത്ത് ഞാൻ അധികം സംസാരിക്കാറില്ല. കാരണം എനിക്ക് പേടിയാണ്. എപ്പോഴും ഒരു കൈ അകലത്തിൽ ആയിരുന്നു ഞാൻ നിന്നിരുന്നത്. മമ്മൂക്കയുടെ കൂടെയായിരുന്നു എ​ന്റെ ഫസ്റ്റ് സീൻ ഉണ്ടായിരുന്നത്. ഈ സിനിമയിൽ എന്റെ കഥാപാത്രം തമിഴ് ആണ് സംസാരിക്കുക, മലയാളവും സംസാരിക്കും. കുറച്ചുകൂടി ഇം​ഗ്ലീഷ് സംസാരിക്കും. തമിഴ് എനിക്ക് ഒട്ടും അറിയില്ല. മലയാളം എനിക്ക് മനസിലാകും, പക്ഷെ സംസാരിക്കുമ്പോൾ കുറച്ചു ബുദ്ധിമുട്ടുണ്ട്. ഞാൻ ഡയലോഗെല്ലാം തമിഴിൽ പഠിച്ചു.

വലിയൊരു മോണോ ലോഗ് ആണ്. ആദ്യ സീൻ മമ്മൂട്ടി സാറിന്റെ കൂടെയാണ്. മൊത്തം പഠിച്ചു സെറ്റിൽ പോയി. അവസാന നിമിഷം ഡയറക്ടർ പറയുകയാണ് ഇത് നമുക്ക് മലയാളത്തിൽ ചെയ്താലോ എന്ന്. ഞാനങ്ങ് ഇല്ലാണ്ടായി. കാരണം ആദ്യ സീനാണ്, അതും മമ്മൂട്ടി സാറിനൊപ്പം. ആ സീനിൽ മമ്മൂക്കയ്ക്ക് ഒരു ഡയലോഗ് പോലും ഇല്ല. ഇരുന്നു എന്നെ തുറിച്ചുനോക്കിയാൽ മതി. ഞാനാണ് അദ്ദേഹത്തെ പേടിപ്പിക്കേണ്ടത്. പക്ഷെ ഞാൻ അപ്പോഴേക്കും ആവശ്യത്തിലധികം പേടിച്ചുകഴിഞ്ഞിരുന്നു.

പക്ഷെ അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്തു. ആ ഡയലോഗ് എങ്ങനെ പറയണമെന്ന് എനിക്ക് പറഞ്ഞു തന്നു. മമ്മൂട്ടി സാറിനൊപ്പമുള്ള ആ ആദ്യ സീനിൽ എനിക്കൊരു ഗ്രേറ്റ് ടീച്ചറെ കിട്ടി. അതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. എല്ലാവരുടെയും സപ്പോർട്ട് കൊണ്ടാണ് എനിക്ക് ആ കഥാപാത്രത്തെ ചെയ്യാൻ കഴിഞ്ഞത്. എല്ലാത്തിനും മമ്മൂക്ക കൂടെ നിന്ന് ധെെര്യം തരും, അതിനൊപ്പം പേടിയും ഉണ്ട്. കാരണം വലിയ ടീച്ചർ ഉണ്ടെങ്കിൽ പേടിയുണ്ടാവുമല്ലോ. പക്ഷെ അദ്ദേഹം ടീച്ചറല്ല , പ്രിൻസിപ്പലാണ്. അദ്ദേഹം പറയുമ്പോൾ , ഓക്കേ സാർ, എനിക്കറിയാം, പക്ഷെ ചെയ്യാൻ പറ്റുമോ എന്നറിയില്ല. എന്ന അവസ്ഥയാണ് എ​ന്റേത്.’

LEAVE A REPLY

Please enter your comment!
Please enter your name here