‘നിങ്ങൾ നൃത്തം ചെയ്തതി​ന്റെ പകുതി ചെയ്തിരുന്നെങ്കിൽ എന്നാശിച്ചുപോയി’ : മോഹൻലാലി​ന്റെ ഡാൻസ് പങ്കുവെച്ച് ഷാരൂഖ്

0
317

ഷാറൂഖ് ഖാൻ ചിത്രം ജവാനിലെ സിന്ദ ബന്ദ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെക്കുന്ന മോഹൻലാലി​ന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. വനിതാ ഫിലിം അവാർഡ്‌സിൽ ആയിരുന്നു മോഹൻലാലിന്റെ മാസ്മരിക പ്രകടനം. രജനിയുടെ ജയിലറിലെ ഹുക്കും എന്ന ഗാനവും നടൻ വേദിയിൽ അവതരിപ്പിച്ചിരുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ വൈറലായ മോഹൻലാലിന്റെ ഡാൻസ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ കിം​ഗ് ഖാൻ ഷാരൂഖ് ഖാൻ. ട്വിറ്ററിലൂടെ ആയിരുന്നു താരം മോഹൻ ലാലി​ന്റെ ഡാൻസ് പങ്കുവെച്ചത്.

‘നന്ദി മോഹൻലാൽ, ഈ ഗാനം ഇപ്പോൾ എനിക്ക് ഏറ്റവും സ്‌പെഷ്യൽ ആക്കി നൽകിയതിന് നന്ദി സർ. നിങ്ങൾ ഈ ​ഗാനത്തിന് നൃത്തം ചെയ്തതി​ന്റെ പകുതി ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി. ലവ് യു സർ, ഒരുമിച്ചുള്ള അത്താഴത്തിന് വീട്ടിൽ കാത്തിരിക്കുന്നു. നിങ്ങളാണ് യഥാർത്ഥ സിന്ദാ ബന്ദ!’ എന്നാണ് ഷാരൂഖ് ട്വിറ്ററിൽ കുറിച്ചത്.

സിനിമാ തിരക്കുകൾക്കിയിൽ ആണ് മോഹൻലാൽ ഈ ഡാൻസ് ചെയ്യാനെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു മോഹൻലാലും ശോഭനയും വളരെക്കാലങ്ങൾക്കുശേഷം ഒന്നിക്കുന്ന ചിത്രത്തി​ന്റെ പൂജയും സ്വിച്ചോണും നടന്നത്. തരുൺ മൂർത്തിയാണ് ചിത്രത്തി​ന്റെ സംവിധാനം നിർവ്വഹിക്കുന്നത്. രജപുത്ര രഞ്ജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. L 360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ടാക്സി ഡ്രൈവറായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഷൺമുഖം എന്നാണ് മോഹൻലാലി​ന്റെ കഥാപാത്രത്തി​ന്റെ പേര്. ഓപ്പറേഷന്‍ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ വലിയ ചർച്ച ആയിരുന്നു. മോഹന്‍ലാലിന്റെ 360-ാം ചിത്രം കൂടിയാണിത്.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൂസിഫര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാന്‍. ജോഷിയുടെ സംവിധാനത്തില്‍ ചെമ്പന്‍ വിനോദ് തിരക്കഥയെഴുതി അണിയിച്ചൊരുക്കുന്ന റംബാനാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന മറ്റൊരു ചിത്രം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസും റിലീസിന് തയ്യാറെടുക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here