‘കോക്കിന് തെറ്റുപറ്റിയിട്ടുണ്ട്, അതാണ് ആ റിവ്യൂ പിൻവലിച്ചത്’ : സിയാദ് കോക്കർ

0
246

യുട്യൂബിൽ സിനിമാനിരൂപണം നടത്തുന്നയാളാണ് അശ്വന്ത് കോക്ക്. നിരവധി വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പേരുകൂടിയാണ് കോക്കിന്റെത്. മാരിവില്ലിന് ഗോപുരങ്ങൾ എന്ന സിനിമയ്‌ക്കെതിരെ ചെയ്ത മോശം റിവ്യൂ കോക് യുട്യൂബിൽ നിന്നും പിൻവലിച്ചിരുന്നു. അത് തീർച്ചയായും കോക്കിനു തെറ്റുപറ്റിയതുകൊണ്ടാണെന്നു അയാൾക്ക് തിയൊന്നിയതുകൊണ്ടാണെന്നും, നേരിട്ടൊരു സംസാരത്തിനു അദ്ദേഹം വിളിച്ചാൽ പോകാൻ തയ്യാറാണെന്നും സിയാദ് കോക്കർ പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

സിയാദ് കോക്കറിന്റെ വാക്കുകൾ…

”തീർച്ചയായും അശ്വന്ത് കോക്കിന് തെറ്റുപറ്റിയതാണ്. കോക്ക് വളരെ മോശമായാണ് ആ സിനിമയെ പറഞ്ഞത്. ചിലപ്പോൾ അ​ദ്ദേഹത്തി​ന്റെ ഫോളോവേഴ്സ്തന്നെ പറഞ്ഞിട്ടുണ്ടാകും, ആ സിനിമ തങ്ങൾ കണ്ടു , കുടുംബങ്ങൾക്ക് ഇഷ്ട്ടപ്പെട്ടു, മനോഹരമായ ഗാനങ്ങളാണ് എന്നൊക്കെ. പൊതുജനങ്ങളും പറഞ്ഞിട്ടുണ്ടാവണം. അദ്ദേഹം എവിടെയാണുള്ളതെന്നു പറയട്ടെ. ഞാൻ അദ്ദേഹത്തിന്റെ അടുത്തുപോയി സംസാരിക്കാൻ തയ്യാറാണ്. ഞാൻ ചെറിയ ആളായതുകൊണ്ടും അദ്ദേഹം വലിയ പൊസിഷനിൽ നിൽക്കുന്നതുകൊണ്ടും, ചിലപ്പോ അദ്ദേഹത്തിന് എന്റടുത്തു വരൻ മടിയുണ്ടാകും. ഞാൻ അങ്ങോട്ട് പോകാം. താൻ ഏതെങ്കിലും ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉണ്ട്, അല്ലെങ്കിൽ തന്റെ വീട്ടിൽ ഉണ്ട് എന്ന് പറയാനുള്ള ധൈര്യം അദ്ദേഹം കാണിക്കട്ടെ. ഞാൻ പറയുന്നു, ഞാൻ എറണാകുളത്തു ഉണ്ട്, എറണാകുളം സിറ്റിയുടെ നടുവിലാണ് എന്റെ ഓഫിസ് . അല്ലെങ്കിൽ അദ്ദേഹം ഇങ്ങോട്ട് വരട്ടെ. അങ്ങോട്ട് പോകുന്നതിനു എനിക്കൊരു മോശക്കേടും തോന്നുന്നില്ല. വലിയൊരു മഹാനെ കാണാൻ പോകുന്നതിനു ഞാനെന്തിനാ മോശക്കേടു കാണുന്നെ. രാഷ്ട്രപതിയൊക്കെ ഇവിടെ വന്നെനിക്കൊരു ക്ഷണം തരുമ്പോ ഞാൻ പോകണ്ടെ, അതോ ഞാൻ പറയുമോ രാഷ്‌ട്രപതി ഇവിടെ വരണമെന്ന്. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് മോശമല്ലേ.

ഞാൻ നിയമപരമായി മുന്നോട്ടുപോകും. ഞാൻ എന്തെങ്കിലും വിധത്തിൽ ഒരു തെറ്റായ പ്രവൃത്തി ചെയ്ത് എന്നെ അറ​സ്റ്റ് ചെയ്യുകയാണെങ്കിൽ നിങ്ങൾ വേറൊന്നും ധരിക്കരുത്, ഇത് ഇൻഡസ്ട്രിയുടെ ശാപമായി മാറാതിരിക്കാൻ വേണ്ടി ചെയ്ത ഒരു പ്രവൃത്തിയായി കണ്ടാൽ മതി. അക്കാര്യം സ്വയം ഏറ്റെടുക്കാൻഞാൻ തയ്യാറാണ്, അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പലരും എന്നെ വിളിച്ചിരുന്നു, അശ്വന്ത് കൊക്കിന്റെ റിവ്യൂ എന്തോ പിൻവലിക്കില്ല എന്നൊക്കെ പറഞ്ഞിട്ട്, അദ്ദേഹം പിൻവലിക്കുമോ ഇല്ലയോ എന്നല്ല എനിക്ക് വേണ്ടത്. തെറ്റുപറ്റി എന്നൊരു സമ്മതപത്രം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ ഇടണം. അതുവരെ ഞാൻ ഫൈറ്റ് ചെയ്യും,. ചിലപ്പോ അയാൾക്ക്‌ പരിക്ക് പറ്റിയെങ്കിൽ അയാൾ പറഞ്ഞിട്ടുണ്ടാവും സിയാദ് കോക്കർ ചെയ്തതാണെന്ന്. അങ്ങനെ എന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ അത് സിയാദ് കോക്കർ നേരിട്ട് ചെന്നേ ചെയ്യുകയുള്ളൂ. അല്ലാതെ ഹെൽമെറ്റോ മുഖംമൂടിയോ ഒന്നുംവേച്ചു ചെയ്യൂല്ല. ഇരുട്ടടി കൊടുക്കാനൊന്നും ഞാൻ നിൽക്കില്ല. എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അത് നേരിട്ട് കൊടുക്കും. പരിണിത ഫലം ഞാൻ അനുഭവിച്ചോളാം. കാരണം അത് സിനിമയ്‌ക്കൊരു പാഠമായിരിക്കും. ഒന്നുമില്ലെങ്കിൽ സിനിമയ്ക്കുവേണ്ടി ഒരാൾ ജയിലിൽ കിടന്നു തൂങ്ങിമരിച്ചു, എന്നൊക്കെയുള്ള നല്ലൊരു കാര്യമായിട്ടായിരിക്കും ഞാനത് കാണുന്നത്.”

LEAVE A REPLY

Please enter your comment!
Please enter your name here