‘സിനിമ ഭയങ്കര ഇമോഷണലായിരുന്നു, വീട്ടിൽ പോയി രാജുവിനെ ഒന്ന് കാണണമെന്നുണ്ട്’ : ‘ആടുജീവിതം’ കണ്ടിറങ്ങിയ സുപ്രിയ പറയുന്നു‌

0
257

ജീബായി തിരശീലയിൽ പകർന്നാടിയ പൃഥ്വിരാജിനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് പ്രേക്ഷകർ. ബ്ലെസി സംവിധാനം നിർവഹിച്ച ‘ആടുജീവിതം’ വളരെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം ആടുജീവിതം കാണാൻ സുപ്രിയ മേനോനും തീയേറ്ററിൽ എത്തിയിരുന്നു. സിനിമ വളരെയധികം ഇമോഷണലായിരുന്നുവെന്നും, മനസ് നിറഞ്ഞിരിക്കുകയാണെന്നും സുപ്രിയ മാധ്യമങ്ങളോട് പറയുകയുണ്ടായി.

”പടം കണ്ടിറങ്ങിയതേ ഉള്ളു, സിനിമ ഭയങ്കര ഇമോഷണലാണ്, മനസ് ഭയങ്കരമായിട്ട് നിറഞ്ഞിരിക്കുകയാണ്, വീട്ടിൽ പോയി രാജുവിനെ ഒന്ന് കാണണമെന്നുണ്ട്.” എന്നായിരുന്നു സുപ്രിയയുടെ വാക്കുകൾ.

കൂടാതെ ചിത്രം കാണാൻ സംവിധായകൻ ജിസ് ജോയും തീയേറ്ററിൽ എത്തിയിരുന്നു. ”പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ബെ​സ്റ്റ് പെർഫോമൻസാണ് ഇതിൽ കാഴ്ചവെച്ചിട്ടുള്ളത്. ഒരു സിനിമയുടെ എല്ലാ മേഖലകളും ഒരുപോലെ നന്നായ സിനിമ , അതാണ് ആടുജീവിതത്തെ കുറിച്ചെനിക്ക് പറയാനുള്ളത്. സംഗീതം, സിനിമാറ്റോഗ്രാഫി എല്ലാം നന്നായിരുന്നു. സിനിമാറ്റോഗ്രഫിയെ കുറിച്ചെനിക്ക് പറയാതിരിക്കാൻ വയ്യ. സുനിലിന്റെ വർക്ക് വളരെ ഗംഭീരമാണ്. അതുപോലെ പൃഥ്വിരാജി​ന്റെ അഭിനയവും നമ്മളെ ഞെട്ടിച്ചു . ഞാൻ അടുത്തകാലത്തൊന്നും ഇങ്ങനൊരു മലയാള സിനിമ ഞാൻ കണ്ടിട്ടില്ല. ഒരുപാട് സന്തോഷത്തോടെ, ഹൃദയം നിറഞ്ഞിട്ടാണ് ഞാൻ തീയേറ്ററിൽ നിന്നും ഇറങ്ങുന്നത്. ” എന്നെല്ലാമായിരുന്നു ജിസ് ജോയ് സിനിമയേക്കുറിച്ചു പങ്കുവെച്ച അഭിപ്രായങ്ങൾ.

താരങ്ങൾക്കൊപ്പം നടൻ റോഷൻ മാത്യുവും പൃഥ്വിരാജ് ചിത്രം കാണാൻ എത്തിയിരുന്നു. ” ഒരുപാട് വിഷമവും കരച്ചിലുമൊക്കെയുണ്ട്, പക്ഷെ അതിനൊപ്പം, സന്തോഷവും പ്രതീക്ഷയും എല്ലാം ഉണ്ട്. ചിത്രം ഭയങ്കര രസമുള്ള ഒരനുഭവമായി എനിക്ക് തോന്നി. ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവുമധികം ഡെഡിക്കേറ്റഡ് ആയിട്ടുള്ളതും, ഏറ്റവുമധികം എഫോർട്ട് ഇട്ടിട്ടുള്ളതുമായ പെർഫോമൻസ് ആണ് പൃഥ്വിരാജിന്റേത്. സിനിമ ആരംഭിച്ചതുമുതൽ അദ്ദേഹത്തിന്റെ നടപ്പും പ്രകടനവുമെല്ലാം ഇന്നുവരെ കാണാത്ത ഒരു പൃഥ്വിരാജിന്റേതായിരുന്നു. സിനിമയ്ക്കുവേണ്ടി പ്രവർത്തിച്ചവർ എടുത്ത പണിക്കു ലഭിക്കേണ്ട റിസൽട്ട് കിട്ടിയിട്ടുണ്ടെന്ന് തന്നെയാണെനിക്ക് പറയാനുള്ളത്.

അതേസമയം ചിത്രം കാണാൻ യഥാർത്ഥ കഥാനായകൻ നജീബും, അദ്ദേഹത്തിന്റെ ജീവിതം നോവലിലേക്ക് പകർത്തിയ ബെന്യാമിനും എത്തിയിരുന്നു. സ്‌ക്രീനിൽ പ്രിഥ്വിരാജ് തന്റെ ജീവിതം അതിന്റെ തീവ്രതയോടെ അവതരിപ്പിച്ചതുകൊണ്ട് കരഞ്ഞുപോയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഒപ്പം മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ചിത്രങ്ങളിൽ ഒന്നാണ് ആടുജീവിതമെന്നാണ് ബെന്യാമി​ന്റെ വാക്കുകൾ. ”മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ചിത്രങ്ങളിൽ ഒന്നെന്നു നിശ്ചയമായിട്ടും പറയാവുന്ന വേൾഡ് ക്ലാസിക് ചിത്രമാണ്, എന്റെ ചെറിയ കഥയെ ആസ്പദമാക്കി ലോകത്തിനു മുന്നിലേക്ക് സമ്മാനിച്ചിരിക്കുന്നത്. അതിൽ വളരെയധികം സന്തോഷമുണ്ട്. ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്ന് ഒരു പ്രേക്ഷകനെന്ന നിലയിൽ പറയുകയാണ് ഞാൻ. എല്ലാവരും കാണുക, വിലയിരുത്തുക അഭിപ്രായങ്ങൾ അറിയിക്കുക.” എന്നാണ് ബെന്യാമിൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here