‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഒരു പ്രൊപഗണ്ടയല്ലെന്ന് രൺദീപ് ഹൂഡ

0
214

ടൻ രൺദീപ് ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘സ്വാതന്ത്ര്യ വീർ സവർക്കർ’. ചിത്രം ഇപ്പോൾ റിലീസിനായി തയാറെടുക്കുകയാണ്. സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി താൻ ഒരുക്കിയ സിനിമ ഒരിക്കലും ഒരു പ്രൊപഗണ്ടയല്ലെന്ന് അവകാശപ്പെട്ട് താരം സംസാരിച്ചിരുന്നു. അതേസമയം ചിത്രത്തി​ന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സവർക്കർക്കെതിരായി നിലനിന്നിരുന്ന പല പ്രചാരണങ്ങളെയും തകർക്കുന്നതാകും ചിത്രമെന്നാണ് രൺദിപ് ഹൂഡ ഉന്നയിച്ച അവകാശവാദം. സവർക്കർ മാപ്പുപറഞ്ഞിട്ടില്ലെന്നും ജയിലിൽനിന്നു ദയാഹർജി നൽകുക മാത്രമാണു ചെയ്തതെന്നുമാണ് ഹൂഡയുടെ പക്ഷം. മുംബൈയിലെ ജുഹുവിൽ നടന്ന ട്രെയിലർ ലോഞ്ചിൽ സംസാരിക്കവെയാണ് നടൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. മാർച്ച് 22നാണ് സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

രൺദീപ് ഹൂഡ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യത്തെ ചിത്രം കൂടിയാണ് സ്വതന്ത്ര വീർ സവർക്കർ. താരം തന്നെയാണ് ചിത്രത്തിൽ സവർക്കറായി വേഷമിടുന്നതും. ഇതിനായുള്ള താരത്തി​ന്റെ മേക്കോവർ വളരെയധികം ചർച്ചചെയ്യപ്പെട്ടിരുന്നു. ‘ഇതൊരു പ്രോപഗണ്ട വിരുദ്ധ ചിത്രമാണ്. കാലങ്ങളായി സവർക്കർക്കെതിരെ പ്രചരിക്കുന്ന എല്ലാ പ്രോപഗണ്ടകളെയും എതിർക്കുന്ന ഒന്നാകും ഈ ചിത്രം. സവർക്കർ ഒരിക്കലും മാപ്പുപറയുന്ന ഒരാളല്ല. അദ്ദേഹം മാത്രമല്ല, നിരവധി പേർ ദയാഹർജി നൽകിയിരുന്നു. ഇതേക്കുറിച്ച് ചിത്രത്തിൽ വിശദമായി പരാമർശിക്കുന്നുമുണ്ട്. ജാമ്യാപേക്ഷകളും ഹർജികളുമെല്ലാമുണ്ട്. അതൊക്കെ തടവുപുള്ളികളുടെ അവകാശം കൂടിയാണ്. കോടതിയിൽ പോയവർക്ക് അറിയാം അതിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്നാണ്’’ ഹൂഡ പറഞ്ഞത്.

സവർക്കറെ അടച്ചിരുന്നത് സെല്ലുലാർ ജയിലിലാണെന്നും അവിടെനിന്നു പുറത്തിറങ്ങി രാജ്യത്തിന് സാംസ്‌കാരികമായും രാഷ്ട്രീയപരമായുമുള്ള സേവനങ്ങൾ അർപ്പിക്കണമെന്നായിരുന്നു സവർക്കർ ആഗ്രഹിച്ചതെന്നും നടൻ പറയുകയുണ്ടായി. അതിനാൽ, ജയിലിൽനിന്നു പുറത്തിറങ്ങി രാജ്യത്തിനു വേണ്ടി സംഭാവനകൾ അർപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി സായുധപോരാട്ടം നടത്തിയ നിരവധി രഹസ്യ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നയാളാൾകൂടിയാണ് സവർക്കർ. തന്റെ സിനിമയിലൂടെ ഊഹാപോഹങ്ങളുടെ ജയിലറയിൽനിന്നും അദ്ദേഹം മോചിതനാവുമെന്നും ഹൂഡ പറഞ്ഞിരുന്നു.

മുൻപ് സ്വാതന്ത്ര്യ സമരത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്ന തരത്തിലുള്ള നടൻ രൺദീപ് ഹൂഡയുടെ കുറിപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള പരിഹായമുയർന്നിരുന്നു. ‘ബ്രിട്ടീഷുകാർ തേടിനടന്നിരുന്ന ഇന്ത്യക്കാരൻ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനമായ വ്യക്തി, ആരായിരുന്നു സവർക്കർ? ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാർഥ കഥ കാണുയെ’ന്നായിരുന്നു ഹൂഡ പങ്കുവെച്ച കുറിപ്പ്. സവർക്കറുടെ പിറന്നാൾ ദിനത്തിൽ, ഹൂഡ നായകനായെത്തുന്ന ‘സ്വതന്ത്ര്യ വീർ സവർകർ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചതിനൊപ്പമായിരുന്നു നടൻ ത​ന്റെ കുറിപ്പും പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here