റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയിരുന്ന കാലം, ജീവിതത്തിന്റെ കനൽ വഴികൾ

0
344

മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് അനീഷ് ഉപാസന. സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിട്ടായിരുന്നു തുടക്കം. പിന്നീട് സംവിധാനത്തിലേക്കും തിരക്കഥാ രചനയിലേക്കും ചുവടു വച്ചിരിക്കുകയാണ് അനീഷ് ഉപാസന. മോഹൻലാലിൻറെ പേർസണൽ ഫോട്ടോഗ്രാഫർ കൂടിയാണ് അദ്ദേഹം. തന്റെ പുതിയ ചിത്രമായ ‘ജാനകീ ജാനേ’യുടെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ താൻ ജീവിതത്തിൽ അനുഭവിച്ച വേദനകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അനീഷ് ഉപാസന.

അനീഷ് ഉപാസനയുടെ വാക്കുകൾ…

“കുറേ വർഷമായി ഞാൻ സിനിമയിലുണ്ട്. പ്രിയദർശൻ സാറിന്റെയൊക്കെ കൂടെ പിന്നിൽ നിന്ന് ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട്. നിരവധി മാഗസിന് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഒരുവിധം സംവിധായകരുടെ കൂടെയും സഹകരിച്ചിട്ടുണ്ട്. സിനിമയോടുള്ള ഒരു ഇഷ്ടമാണ് നമ്മെ എല്ലാ മേഖലയിലേക്കും എത്തിക്കുന്നത്.

സിമയിലേക്കെത്തിപ്പെടണമെന്ന് പണ്ടേ അതിയായ ആഗ്രഹമുണ്ടായിരുന്നു. കുടുംബത്തിലോ മറ്റ് പരിചയത്തിലോ സിനിമയുമായി ബന്ധപ്പെട്ട ആരും തന്നെ ഉണ്ടായിരുന്നില്ല. അപ്പോൾ സിനിമയിലേക്കെത്താൻ വേണ്ടിയാണ് ഛായാഗ്രഹണം തെരഞ്ഞെടുത്തത്. അത്യാവശ്യം വരയ്ക്കാൻ ഒക്കെ അറിയാം, പക്ഷേ അതൊന്നും ശരിയായില്ല. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച കാലഘട്ടങ്ങളായിരുന്നു അന്നൊക്കെ.

അന്നാണ് ആദ്യമായി നാട്ടിലുള്ള സ്റ്റുഡിയോയിൽ നിന്ന് ഒരു ക്യാമറ വാങ്ങുന്നത്. ഫിലിം ക്യാമറയൊക്കെ ഉള്ള സമയമായിരുന്നു അത്. അന്ന് അമ്മ എനിക്ക് പതിനായിരം രൂപ തന്നു. ക്യാമറ കൈയിൽ കിട്ടിയെങ്കിലും എന്ത് ചെയ്യണമെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഫിലിം വാങ്ങാനൊന്നും അന്ന് പൈസയില്ല, അങ്ങനെ ക്യാമറയും കൊണ്ട് കുറേ നടന്നിട്ടുണ്ട്. പിന്നെ ഒരു വാശിയായിരുന്നു അത് പഠിച്ചെടുക്കാൻ.

സിനിമാമോഹവുമായി അങ്ങനെ കൊച്ചിയിൽ എത്തി. അവിടെ ഒരു കൂട്ടുകാരനുണ്ടായിരുന്നു. അവന്റെ കൂടെ താമസിച്ച് സിനിമയിൽ എങ്ങനെയെങ്കിലും കയറിപ്പറ്റാം എന്ന് ചിന്തിച്ചു. പിന്നീട് അവൻ ഒരു ഫ്ലാറ്റ് കാണിച്ചുതന്നു. ഞാൻ വിചാരിച്ചു അതായിരിക്കും അവൻ താമസിക്കുന്ന സ്ഥലമെന്ന്.എന്നാൽ ആ ഫ്ലാറ്റിന്റെ ടെറസ്സിൽ ആയിരുന്നു അവൻ കിടന്നിരുന്നത്. കൂട്ടുകാരൻ സിനിമയിൽ ക്യാമറ അസിസ്റ്റൻറ് ആയിരുന്നു,അവൻ ചെന്നൈയിൽ ജോലി വന്നപ്പോൾ പോയി. പിന്നെ പേപ്പറും വിരിച്ച് ഞാൻ അവിടെയാണ് കിടന്നിരുന്നത്. കൊതുകുകടി കൊണ്ട് കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. പിന്നീട് അവിടെ കിടക്കുന്നത് കണ്ട് ഫ്ലാറ്റിന്റെ ഉടമസ്ഥൻ എന്നെ ഇറക്കിവിട്ടു.

അതിനുശേഷം ഏകദേശം ഒരു മാസം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു കിടത്തം. പട്ടിണിയായിരുന്നു ആ ദിവസങ്ങളിലൊക്കെ. .റെയിൽവേ സ്റ്റേഷനിലെ പില്ലറിന്റെ അടിയിലായിരുന്നു കിടന്നിരുന്നത്. ആ സമയങ്ങളിൽ പത്രം വിളിക്കുമായിരുന്നു. അതിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ട് വാങ്ങുന്ന ബിസ്കറ്റും വെള്ളവും മാത്രമായിരുന്നു ഭക്ഷണം.

റെയിൽവേ സ്റ്റേഷനിൽ കിടക്കുന്നത് കണ്ടപ്പോൾ പോലീസുകാരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ അവിടെ നിന്ന് മാറേണ്ടി വന്നു. പള്ളിമുക്ക് മഹാരാജാസ് തുണിക്കടയുടെ മുൻപിൽ ഒരു പ്രതിമ ഉണ്ടായിരുന്നു, അതിന്റെ ചുവട്ടിലായിരുന്നു പിന്നീട് കിടന്നിരുന്നത്. അവിടെ കിടന്നാൽ റോഡിലൂടെ പോകുന്ന ആളുകൾക്ക് പെട്ടെന്ന് കാണാൻ കഴിയില്ല. പട്ടിണിയും പരവട്ടവും തന്നെയായിരുന്നു അപ്പോഴും ഉണ്ടായിരുന്നത്.

വീട്ടിലൊന്നും ഈ കാര്യം അറിയിച്ചിരുന്നില്ല. അമ്മയെത്തന്നെ ഒന്നര വർഷം ഞാൻ കാണാതിരുന്നിട്ടുണ്ട്. സിനിമയിൽ നല്ലൊരു നിലയിലെത്തിയിട്ടേ നാട്ടിലേക്കു വരൂ എന്നൊരു വാശി ഉണ്ടായിരുന്നു എനിക്ക്. പല ജോലികളും ഞാൻ അന്ന് ചെയ്തിട്ടുണ്ട്. വലിയ നടന്മാരെയൊക്കെ കാണാൻ കുറേ നടന്നിട്ടുണ്ട്. ലൊക്കേഷനിൽ നിന്ന് ഓടിച്ച് വിടുകയൊക്കെ ചെയ്തിട്ടുണ്ട്. എന്റെ കാല് തട്ടാത്ത സ്ഥലങ്ങളില്ല കൊച്ചിയിൽ, അത്രയ്ക്കധികം കൊച്ചിയിൽ അലഞ്ഞിട്ടുണ്ട്”. ജീവിതത്തിൽ കടന്നു പോയ കനൽ വഴികളെക്കുറിച്ച് ഓർമ്മിക്കുകയാണ് അനീഷ് ഉപാസന.

 

 

LEAVE A REPLY

Please enter your comment!
Please enter your name here