മലയാള സിനിമയിലെ സ്ത്രീകൾ ഇവിടുണ്ട്

0
160

വർഷം തുടക്കത്തിലെ പ്രധാന പ്രശ്നമായിരുന്നു വിജയിക്കുന്ന മലയാള സിനിമകളിലെ സ്ത്രീകളിലില്ലായ്മ, അല്ലെങ്കിൽ സ്ത്രീപ്രാധാന്യമില്ലായ്മ.. പക്ഷെ ഇപ്പൊ അതല്ല അവസ്ഥ, ഇപ്പോ മുഴുവൻ സ്ത്രീകളാണ്.. ഇറങ്ങുന്ന സിനിമകളിൽ ചുമ്മാ പ്രതിമ പോലെ വെച്ചിരിക്കുന്ന വെറും സ്ത്രീ കഥാപാത്രങ്ങളല്ല, സിനിമയുടെ ഒഴുക്കിനെ മുന്നോട്ട് നയിക്കുന്ന സ്ത്രീകൾ…

ഉള്ളൊഴുക്കിലെ അഞ്ജുവും, ലീലാമ്മയും മുതൽ മന്ദാകിനിയിലെ രാജലക്ഷ്മിയും , നടന്ന സംഭവത്തിലെ ധന്യയും, ലോകത്തിന് മുന്നിൽ മലയാളികൾക്ക് അഭിമാനമായി കാനിൽ വരെയെത്തിയ കനിയും, പ്രഭയുമൊക്കെ മലയാള സിനിമയിലെ സ്ത്രീകളുടെ കരുത്തെന്തെന്ന് കാണിച്ചുകൊടുത്തവരാണ്….ഇനിയും വരാനുമുണ്ട് മലയാളത്തിലെ പെൺകരുത്തി​ന്റെ കഥാപാത്രങ്ങൾ…

നായകൻമാർക്ക് മാത്രം പ്രാധാന്യം നൽകിയ സിനിമകൾ അടുപ്പിച്ച് വിജയം കണ്ടപ്പോഴാണ് മലയാളത്തിലെ സ്ത്രീകളെവിടെയെന്ന ചോദ്യം വന്നത്. അന്നും സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷെ സിനിമ ഹോൾഡ് ചെയ്യാൻ പോന്ന കഥാപാത്രങ്ങളല്ലായിരുന്നു പലതും എന്നുമാത്രം. അടുത്തിടെ ഇറങ്ങിയ സിനിമകൾ നോക്കിയാൽ അന്നത്തെ ചോദ്യത്തിന് ഉത്തരമായി എന്നുറപ്പിച്ചുപറയാം. കൂടാതെ ഹിറ്റുകൾ എന്നത് ബോക്സോഫീസിലെ കണക്കുകൾ മാത്രമല്ല, കാരണം ലോജിക്കില്ലാത്ത പല സിനിമകളും ബോക്സോഫീസിൽ റെക്കോർഡ് കളക്ഷൻ നേടാറുണ്ട്. അതുകൊണ്ട് കൊമേഴ്ഷ്യൽ ഹിറ്റുകൾ മാത്രമല്ല ക്വാളിറ്റി ഹിറ്റുകളും കൂടിയാണ് ചർച്ചചെയ്യപ്പെടേണ്ടത്. അതിന് കാരണമാവുകയാണ് മലയാളത്തി​ന്റെ സ്ത്രീകൾ ഇപ്പോൾ.

പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലെെറ്റ് ആണ് കാനിൽ വരെ മലയാളത്തി​ന്റെ പെണ്ണുങ്ങളെ എത്തിച്ച ചിത്രം. തിരക്കുപിടിച്ച മുംബൈ നഗരത്തിൽ ജോലിയുടെ ഭാഗമായി എത്തിയ രണ്ട് മലയാളി നഴ്സുമാരുടെ കഥയാണിത്. ദിവ്യ പ്രഭ, കനി കുസൃതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രം കാനിൽ ​ഗ്രാൻഡ് പ്രിക്സ് അവാർഡും നേടി. സ്ത്രീകളുടെ സംരംഭം എന്നാണ് ചിത്രത്തെ പലരും വിശേഷിപ്പിച്ചത്.

നിരവധി സ്ത്രീ കഥാപാത്രങ്ങൾ ഉള്ള ചിത്രമാണ് മന്ദാകിനി, അവർക്ക് സ്പേസ് ഉള്ള ചിത്രം കൂടിയാണ്. അനാർക്കലിയുടെ അമ്പിളിയും, അശ്വതി ശ്രീകാന്തി​ന്റെ കഥാപാത്രവുമെല്ലാം മികച്ചുനിൽക്കുന്നുണ്ടെങ്കിലും, അമ്പിളിയുടെ അമ്മായിയമ്മയായെത്തിയ സരിത കുക്കുവി​ന്റെ രാജലക്ഷ്മിയെന്ന കഥാപാത്രം അൽപംകൂടി മികച്ചുനിൽക്കുന്നതാണ്.

ഒരു ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന, ശക്തമായ ഇച്ഛാശക്തിയുള്ള ഒരമ്മ. പലയിടത്തും അവരുടെ തീരുമാനങ്ങളും പ്രകടനവുമൊക്കെ കെെയ്യടി അർഹിക്കുന്നുണ്ട്. അത് വളരെ ഭം​ഗിയായവർ ചെയ്യുകയും ചെയ്തു.

പിന്നെ അടുത്തിറങ്ങിയ നടന്ന സംഭവമെന്ന ചിത്രത്തിലും സ്ത്രീകളുടെ പല അവസ്ഥകളും തുറന്നുകാട്ടുന്നുണ്ട്. അതിഗംഭീരമായ ഒരു സ്ത്രീപക്ഷ സിനിമയാണതെന്ന് പലരും അഭിപ്രായപ്പെടുന്നുമുണ്ട്.

പുരുഷനുമുന്നിൽ സ്ത്രീകളനുഭവിക്കുന്ന പല നിസ്സഹായവസ്ഥയും മടുപ്പും ഭയവുമെല്ലാം ധന്യയെന്ന കഥാപാത്രത്തിലൂടെ ലിജോമോൾക്ക് പറഞ്ഞുവെക്കാൻ സാധിച്ചിട്ടുണ്ട്.

അതേസമയം പുരോ​ഗമനപരമായി ഒരാളും പ്രത്യേകിച്ചൊരു ഡൊമിന​ൻസിക്ക് അവകാശമുള്ളവരല്ല എന്ന കാഴ്ച്ചപാട് മുന്നോട്ടുവെക്കാൻ ശ്രുതി രാമചന്ദ്ര​ന്റെ കഥാപാത്രത്തിനും കഴിഞ്ഞിട്ടുണ്ട്.

കൂടാതെ വ്യത്യസ്ത പരീക്ഷണവുമായെത്തിയ ചിത്രം ​ഗ​ഗനചാരിയിലും സ്ത്രീയുടെ പങ്ക് ചെറുതല്ല. ഡി​സ്റ്റോപ്പിയൻ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിൽ ഏലിയനായാണ് അനാർക്കലിയെത്തുന്നത്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത കഥാപശ്ചാത്തലത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ അനാർക്കലിക്ക് കഴിഞ്ഞിട്ടുണ്ട്.

ഒപ്പം ഉള്ളൊഴുക്കിലൂടെ പല തലത്തിലുള്ള സ്ത്രീ മനോഭാവത്തെ തുറന്നുകാട്ടുന്നുണ്ട്. അഭിനയത്തിലൂടെയത് പ്രതിഫലിപ്പിക്കാൻ ഉർവ്വശിക്കും പാർവ്വതിക്കും കഴിഞ്ഞിട്ടുണ്ടെന്നതി​ന്റെ തെളിവാണ് സിനിമയുടെ റസ്പോൻസുകൾ.

കൊമേഷ്യൽ സിനിമകൾ വിജയം കണ്ടപ്പോൾ ഇറങ്ങിയ പല സിനിമകളിലും ചർച്ചചെയ്യപ്പെടേണ്ട പല സ്ത്രീ കഥാപാത്രങ്ങളും ഉണ്ടായിരുന്നു, എന്നാൽ ബോക്സോഫീസ് കണക്കുകളിൽ അവ മുങ്ങിപ്പോയി.

പക്ഷെ, ഇനിയും വരാനിരിക്കുന്നുണ്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ.. റിമ കല്ലിങ്കൽ നായികയായി സജിൻ ബാബു ഒരുക്കുന്ന തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റിയുടെ പോ​സ്റ്റർ തന്നെമതി അതുറപ്പിക്കാൻ.

 

കൂടാതെ അമൽ നീരദിൻ്റെ ബൊഗെയ്ൻവില്ലയിലൂടെ 11 വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി തിരിച്ചുവരികയാണ്.

ഇതിനോടകം ഇറങ്ങിയ പോ​സ്റ്ററുകൾ വെച്ച് നോക്കുമ്പോൾ അടയാളപ്പെടുത്തേണ്ട ഒരു സ്ത്രീ കഥാപാത്രം തന്നെയായിരിക്കുമതും.

LEAVE A REPLY

Please enter your comment!
Please enter your name here