‘മലയാളി ഫ്രം ഇന്ത്യ’ ‌‌‌കണ്ടപ്പോൾ വിഷമമായി, എനിക്ക് ആ സിനിമ ചെയ്യാൻപറ്റിയില്ലല്ലോ എന്നോർത്തിട്ട്’ : രാജീവ്

0
251

‘മലയാളി ഫ്രം ഇന്ത്യ’യുടെ കഥയുടെ അതേ കഥാതന്തു 2014 കാലഘട്ടത്തിൽ ഉണ്ടാവുകയും പ്രജിത് സംവിധായകനായും രഞ്ജിത്ത് നിർമ്മാതാവായും ദിലീപ് നായകനായും എത്താനിരുന്നൊരു സിനിമയുണ്ടായിരുന്നു. അതിന്റെ കഥ എഴുതിയത് നവാഗതനായ എഴുത്തുകാരൻ രാജീവാണ്. ഇന്ന് മലയാളി ഫ്രം ഇന്ത്യ സിനിമ ഇറങ്ങുകയും അതിന്റെ കഥയെച്ചൊല്ലി വിവാദങ്ങൾ നടക്കുകയും ചെയ്ത സമയത്ത് മലയാളി ഫ്രം ഇന്ത്യ സിനിമ കണ്ടതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് രാജീവ്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പങ്കുവെച്ചത്.

രാജീവിന്റെ വാക്കുകൾ…

‘സിനിമ കണ്ടു, കുറച്ചു വിഷമം തോന്നി. പിന്നെ ഭയങ്കരമായിട്ട് വർക്കാവുന്ന സാധനമായിരുന്നു. പത്തുവർഷം മുൻപ് എഴുതിയതാണ്. ഒരു റൂമിൽ ഒരിന്ത്യക്കാരനും പാകിസ്ഥാൻകാരനും ഒരുമിച്ചു നിൽക്കുന്നു. അന്ന് അതൊക്കെ പ്രേക്ഷകരെ സംബന്ധിച്ച് പുതുമയുള്ള കാര്യമാണ്. അത് ഭയങ്കരമായി വർക്കാവും എന്നെനിക്ക് മനസിലായി. അപ്പോൾ കുറച്ചു വിഷമമായി, എനിക്ക് ആ പടം ചെയ്യാൻ എനിക്ക് പറ്റിയില്ലല്ലോ എന്നോർത്തിട്ട്. പിന്നെ സിനിമ സംഭവിക്കുക എന്നതൊക്കെ ഓരോ സമയമാണ്. ചിലപ്പോൾ അവർക്കായിരിക്കും ആ സമയം. പരാതിയോ ഒന്നുമില്ല. ഇതിന്റെ പേരിൽ ഞാൻ ഫേസ്ബുക്കിലെഴുതുകയോ ഒന്നും ചെയ്തിട്ടില്ല. ഇങ്ങോട്ട് വിളിച്ചു ആളുകൾ സംസാരിച്ചപ്പോഴാണ് ഞാൻ പ്രതികരിച്ചത്. ഫെഫ്കയിൽ നിന്ന് വിളിച്ചപ്പോ ഞാൻ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു.’

നിഷാദ് കോയയ്ക്കും മുൻപ് ഇതേ വിഷയമുള്ള കഥ എഴുതിയ ആളാണ് രാജീവ്. പക്ഷെ ‘മലയാളി ഫ്രം ഇന്ത്യ’ ഇറങ്ങിയ സമയത്ത് അത് തന്റെ കഥയാണെന്നും മോഷിച്ചതാണെന്നും പറഞ്ഞു രംഗത്തെത്തിയത് തിരക്കഥാകൃത്ത് നിഷാദ് കോയ ആയിരുന്നു. എന്തുകൊണ്ടാണ് രാജീവിനും മുൻപ് അദ്ദേഹം രംഗത്തുവന്നതെന്നുള്ള ചോദ്യത്തിന് രാജീവ് ഉത്തരം നൽകുകയുണ്ടായി.

‘അദ്ദേഹം സിനിമയ്ക്ക് അകത്തു നിൽക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ ആ ധൈര്യത്തിൽ പ്രതികരിച്ചതായിരിക്കാം. എന്നെ സംബന്ധിച്ചു പത്തുവർഷം ആയിട്ടുണ്ട്. പിന്നെ ഞാനിത് അറിയുമ്പോഴേക്കും സിനിമയുടെ ഷൂട്ടൊക്കെ കഴിഞ്ഞിട്ടുണ്ട്. അപ്പോൾ തീയേറ്ററിൽ ഇറങ്ങാനിരിക്കുന്ന സിനിമയാണ്. ആ സമയത്ത് നമ്മൾ പ്രതികരിച്ചിട്ട് കാര്യമില്ലല്ലോ. കരണം ഒരു സിനിമയ്ക്കു പിന്നിൽ എത്രത്തോളം കഷ്ടപ്പാടുണ്ടെന്നു നമുക്കറിയാമല്ലോ. ഷൂട്ടിംഗ് സമയത്ത് ഞാൻ പോയി പറഞ്ഞ പ്രശ്നമുണ്ടാക്കിയാൽ ചിലപ്പോൾ അതിനു സ്റ്റേ കൊടുക്കാനൊക്കെ പറ്റുമായിരിക്കും. പക്ഷെ അതുകൊണ്ടെനിക്ക് കാര്യമൊന്നുമില്ലല്ലൊ. കാരണം എന്റെ സിനിമ നടക്കുന്നില്ലല്ലോ. എപ്പോഴും എന്റെ ആഗ്രഹം എന്റെ സിനിമ സംഭവിക്കുക നമ്മുടെ സിനിമ സംഭവിക്കുക എന്നതൊക്കെയാണ്. അതുകൊണ്ടുതന്നെ ഞാൻ പ്രതികരിച്ചില്ല.

എന്റെ കഥ അവർ മോഷ്ടിച്ചതാണോ എന്ന് ചോദിച്ചാൽ , ചിലപ്പോൾ ആളുകളിൽകൂടെ പറഞ്ഞുകേട്ട് പോയതായിരിക്കും, അല്ലെങ്കിൽ അവർക്കുതന്നെ സ്വാഭാവികമായി തോന്നിയതുമാകാം. പക്ഷെ ഈ മൂന്നു സ്ക്രിപ്റ്റുകളിലും ഒരുപാട് സാമ്യതകളുണ്ട്. പക്ഷെ ഇവരാരെയും എനിക്ക് അറിയുകയോ, വിളിക്കാനോ കാണാനോ ഉള്ള സാഹചര്യങ്ങളോ ഉണ്ടായിട്ടില്ല. ഈ പ്രജിത്തേട്ടനെയും രഞ്ജിത്തേട്ടനെയും എല്ലാവർക്കും അറിയാവുന്നതുകൊണ്ട് ഇത്തരമൊരു കഥ ഇന്നെയാൾക്കുവേണ്ടി എഴുതിയിട്ടുണ്ടെന്നൊക്കെ ഇൻഡസ്ട്രിയിൽ പലർക്കും അറിയാമായിരുന്നു. അത് പറഞ്ഞുകേട്ടതായി പലരും പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ സംസാരിച്ചുപോയതാണോ അതോ അവർക്കു തോന്നിയതാണോ എന്നെനിക്ക് അറിയില്ല.

ഇങ്ങനൊരു പടം ദുബായിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു, പക്ഷെ അത് ഇതാണെന്നറിഞ്ഞില്ല. രാമചന്ദ്രബോസി​ന്റെ കൂടെ ഡിജോയുടെ പടംകൂടി നടക്കുന്നുണ്ടെന്നറിഞ്ഞു. പിന്നീട് കുറച്ചുകഴിഞ്ഞ് ഒരാൾ വിളിച്ചുപറഞ്ഞിട്ടാണ് അത് ഇന്ത്യ പാകിസ്താൻ പടമാണെന്നറിഞ്ഞത്. അപ്പോൾ ഈ സിനിമയുമായി ബന്ധപ്പെട്ടവരിലൊരാളെ വിളിച്ചന്വേഷിച്ചപ്പോൾ അതുറപ്പായി. പിന്നെ ഞാനത് വിട്ടു. പ്രജിത്തേട്ടനോടോ രഞ്ജിത്തേട്ടനോടോ ഒന്നും സംസാരിക്കാനും പോയില്ല. പിന്നെ ആ വിഷയം ആർക്കും വരാം കാരണം ഞാൻ മാത്രമായിരിക്കില്ല ഒരു പാകിസ്താനിയുമായി റൂം ഷെയർ ചെയ്തിട്ടുണ്ടാവുക. ഒത്തിരിപ്പേരുണ്ടാകും, ​ഗൾഫിൽ സ്വാഭാവികമായ ഒരു കാര്യമാണത്.’

LEAVE A REPLY

Please enter your comment!
Please enter your name here