‘പലപ്പോഴും മത്സരാർത്ഥികൾ വിളിക്കുമ്പോൾ ബി​ഗ്ബോസ് ബാത്റൂമിലായിരിക്കും, അത് കാണുമ്പോൾ ആരായാലും ചിരിച്ചുപോകും’ : ഫൈസൽ റാസി

0
148

മലയാളം റിയാലിറ്റി ഷോകളിൽ ഏറ്റവുമധികം പ്രേക്ഷകരുള്ളതും, ഏറ്റവും വലിയൊരു ഷോയുമാണ് ബിഗ് ബോസ് മലയാളം. ഈ ഷോയിൽ പ്രേക്ഷകർക്ക് ഏറെ കൗതുകം ഉണ്ടാക്കിയ ഒന്നാണ് ശബ്ദത്തിലൂടെ മാത്രം നമ്മൾ കേട്ടു പരിചയിച്ച ബിഗ്‌ബോസിന്റേത്. ഷോയുടെ പിന്നാമ്പുറ കാഴ്ചകളിൽ പലപ്പോഴും ബിഗ്‌ബോസിന്റെ അവസ്ഥ വളരെ രസകരമാണെന്നും , ഷോയുടെ സ്റ്റാഫുകളിൽ ഷിഫ്റ്റ് ഇല്ലാതെ ജോലിയെടുക്കുന്ന ഒരേ ഒരാൾ ബിഗ്‌ ബോസ്സാണെന്നും പറയുകയാണ്  ബിഗ്‌ബോസ് ഷോ ഡയറക്ടർ ഫൈസൽ റാസി. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫെെസൽ റാസിയുടെ വാക്കുകൾ…

”ഉള്ളിൽ നിന്ന് നോക്കുമ്പോൾ അത് വളരെ കോമഡി ആണ്. ഒന്ന് പുറത്തുപോയി കിടന്നുറങ്ങാം റസ്റ്റ് എടുക്കാം എന്നൊക്കെ ബിഗ്‌ ബോസ് വിചാരിച്ചിട്ടുണ്ടെങ്കിൽ ചിലപ്പോൾ അപ്പോഴായിരിക്കും പെട്ടന്ന് ടീമിൽനിന്നും കോൾ വരിക. ബിഗ് ബോസ് പെട്ടന്ന് തിരിച്ചുവരണം എന്നും പറഞ്ഞുകൊണ്ട്. ചിലപ്പോൾ അവിടെ കാറൊന്നും ഇല്ലെങ്കിൽ ഓടിയെങ്കിലും വരേണ്ടിവരും. പക്ഷെ അതൊക്കെ ഭയങ്കര ഇന്റെറസ്റ്റിംഗ് ആണ്. നേരിട്ട് കാണേണ്ട ഒരു കാഴ്ചയാണത്. പലപ്പോഴും സംഭവിക്കാറുള്ള മറ്റൊരു കാര്യമാണ്, കണ്ടസ്റ്റന്റ്സ് വന്നിട്ട് ബിഗ്‌ബോസ് ഓടിവരു എന്നൊക്കെ പറയും, പക്ഷെ ബിഗ്‌ബോസി​ന്റെ മറുപടി ഉണ്ടാവില്ല. കാരണം അദ്ദേഹം ചിലപ്പോൾ ബാത്‌റൂമിൽ ആയിരിക്കും. അത് കാണുമ്പോൾ ആരായാലും ചിരിച്ചുപോകും. ആളുകൾ കാണുമ്പോൾ വിചാരിക്കും ബിഗ്‌ബോസ് കുറച്ചു വെയിറ്റ് ഇടുകയാണെന്ന് പക്ഷെ അത് ഇതാണ് സംഭവം. എപ്പോൾ വിളിച്ചാലും വരേണ്ടുന്ന ഒരാളാണ് ബിഗ്‌ ബോസ്.

കൂടാതെ അദ്ദേഹത്തിന്റെ ഉത്തരങ്ങളൊക്കെ അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്നുതന്നെ വരുന്നതാണ്. പെട്ടന്നൊരു ചോദ്യത്തിന് വളരെ നർമ്മപരമായും, സീരിയസ് ആയും ഉത്തരം പറയുന്നത് അദ്ദേഹത്തിന്റെ ഉള്ളിൽ നിന്ന് വരുന്നത് തന്നെയാണ്. അതിൽ പലതും അദ്ദേഹത്തിന്റെ സംഭാവനകളാണ്. എല്ലാത്തിനും അതിന്റെതായ ടീമുകൾ ഉണ്ടെങ്കിലും ചിലപ്പോൾ പെട്ടന്ന് ഉത്തരങ്ങൾ പറയേണ്ടിവരും, അതിൽ അദ്ദേഹം വളരെ അനുഭവ സമ്പത്തുള്ളയാളാണ്. ഒന്നുമില്ലെങ്കിലും ഇത്ര വർഷമായുള്ള അനുഭവമുണ്ടല്ലൊ.

ബിഗ്‌ബോസിന്റെ മുഖം പ്രേക്ഷകർക്ക് അത്ര പരിചിതമല്ല, അത് ഷോയിൽ രഹസ്യമായി സൂക്ഷിക്കുകയുമാണ് ചെയ്തത്. എന്നാൽ കഴിഞ്ഞ സീസൺ അവസാനിച്ച സമയത് ബിഗ്‌ബോസ് ടൈറ്റിൽ വിന്നറായ അഖിൽ മാരാർ ഒരിക്കൽ ഒരു വീഡിയോയിൽ അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ അത് ചില വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതേസമയം ചിലതിന്റെ ഭം​ഗി അത് കാണാതിരിക്കുമ്പോഴാണെന്നും ഫൈസൽ റാസി പറയുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here