പ്രശസ്ത സം​ഗീതജ്ഞൻ കെ.ജി.ജയൻ അന്തരിച്ചു : ആദരാഞ്ജലിയർപ്പിച്ച് മോഹൻലാൽ

0
116

പ്രശസ്ത സം​ഗീതജ്ഞൻ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ചലച്ചിത്ര ​ഗാനങ്ങളിലൂടെയും ഭക്തി​ഗാനങ്ങളിലൂടെയും സം​ഗീത ആസ്വാദകരുടെ മനംകവർന്ന സം​ഗീതപ്രതിഭയായിരുന്നു കെ ജി ജയൻ. നടൻ മനോജ് കെ ജയൻ അദ്ദേഹത്തി​ന്റെ മകനാണ്.

ഈ കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ ത​ന്റെ നവതി ആഘോഷിച്ചത്. സം​ഗീത ജീവിതത്തിൽ ത​ന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. നടൻ ജോസ് പ്രകാശ് ആയിരുന്നു കെ. ജി ജയൻ, കെ.ജി വിജയൻ എന്നീ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് . ആ കൂട്ടുകെട്ട് പേര് തെക്കേ ഇന്ത്യ മുഴുവൻ പല ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും സം​ഗീതാസ്വാദകരുടെ മനസ്സിൽ തിങ്ങിനിന്നിരുന്നു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ തങ്ങളുടെ സംഗീതയാത്രയ്ക്കു ആരംഭം കുറിച്ചത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിൽ ഒന്ന് ജയവിജയമാരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനവും ഇവർ ഈണമിട്ട് ആലപിച്ചതായിരുന്നു. ഇവർ ഈണം നൽകിയ ‘ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പാ…’ എന്ന ​ഗാനം ആലപിച്ചത് പി. ലീലയാണ്. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

ഇരുപതോളം സിനിമകൾക്ക് ഇവർ സം​ഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ഇവർ വർക്ക് ചെയ്ത ആദ്യസിനിമ. ‘നക്ഷത്രദീപങ്ങൾ തിളങ്ങി…’, ‘ഹൃദയം ദേവാലയം…’ തുടങ്ങിയവ സം​ഗീതാസ്വാദകർക്കിടയിൽ വലിയ ഹിറ്റായി മാറിയിരുന്നു. 1988-ലായിരുന്നു കെ.ജി. വിജയൻ അന്തരിക്കുന്നത്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗോപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പരേതയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ഇവരുടെ ജനനം. ശ്രീനാരായണ ​ഗുരുവിന്റെ നേർ ശിഷ്യനായിരുന്നു അച്ഛനായ ​ഗോപാലൻ തന്ത്രി. 2019-ൽ രാജ്യം ഇദ്ദേഹത്ത പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 1991-ൽ സം​ഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

നടൻ മോഹൻലാലും ഇദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കെ ജി ജയ​ന്റെ ഓർമ്മകൾ പങ്കുവെച്ചത്. ‘ശാസ്ത്രീയ സംഗീത രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഭക്തിഗാന ശാഖയിൽ വേറിട്ട സംഭാവനകൾ നൽകുകയും ചെയ്ത മഹാനായ സംഗീതഞ്ജനായിരുന്നു ശ്രീ കെ ജി ജയൻ. ഗാനങ്ങളിലെ ഭക്തിയും നൈർമ്മല്യവും, ജീവിതത്തിലും സാംശീകരിച്ച്, സഹോദരസ്നേഹത്തിൽ നമുക്ക് ഏവർക്കും മാതൃകയായി മാറിയ ആ മഹാകലാകാരന് ആദരാഞ്ജലികൾ’, എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here