നിലപാട് തുറന്ന് പറയാൻ മടിയില്ലാത്ത നടൻ: കെകെ ശൈലജ ടീച്ചർ

0
422

സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സസൂഷ്മം നിരീക്ഷിക്കാനും നിലപാടുകൾ പറയുന്നതിനും മടി കാണിക്കാത്ത വ്യക്തിയായിരുന്നു മാമുക്കോയയെന്ന് കെകെ ശൈലജ ടീച്ചർ. അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക ചുറ്റുപാടിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിക്കുന്നതെന്നും കെകെ ശൈലജ പറഞ്ഞു.

കെകെ ശൈലജയുടെ വാക്കുകൾ…

നാലു പതിറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞു നിന്ന പ്രതിഭ, ജീവിതദുരിതങ്ങളോട് പോരാടി നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാമുക്കോയ തനതായ കോഴിക്കോടൻ സംഭാഷണ ശൈലിയിലൂടെ സിനിമാലോകത്ത് തൻ്റേതായ ഇടം കണ്ടെത്തി.

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹാസ്യനടൻമാരിൽ ഒരാളായ മാമുക്കോയ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിൻ്റെ സാമൂഹ്യ സാംസ്കാരിക ചുറ്റുപാടിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിക്കുന്നത്. സിനിമാ മേഖലയിൽ മാത്രമല്ല വൈക്കം മുഹമ്മദ് ബഷീർ, എസ് കെ പൊറ്റക്കാട്, എം എസ് ബാബുരാജ് തുടങ്ങി സാഹിത്യ മേഖലയിലെ അതികായരുമായും അടുത്ത ബന്ധം പുലർത്തിയ കലാകാരനായിരുന്നു മാമുക്കോയ. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സസൂഷ്മം നിരീക്ഷിക്കാനും നിലപാടുകൾ പറയുന്നതിനും അദ്ദേഹം മടി കാണിച്ചിരുന്നില്ല.

1962 ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മാമുക്കോയ നാലു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിൽ ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും 450 ൽ ഏറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. സംഭാഷണത്തിലെ വേഗവും സ്വാഭാവികതയും അവയിലോരോന്നും പ്രേക്ഷകൻ്റെ മനസിൽ ആഴത്തിൽ പതിപ്പിച്ചു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റ്, വരവേൽപ്പ് തുടങ്ങി ഓരോ വേഷങ്ങളും അദ്ദേഹത്തെ മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവാക്കി വളർത്തി.

2008 ൽ സംസ്ഥാന സർക്കാറിൻ്റെ ആദ്യ ഹാസ്യ പുരസ്ക്കാരത്തിന് അർഹനായ മാമുക്കോയ പെരുമഴക്കാലം ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ അഭിനയത്തിലൂടെ പൂർണതയുള്ള തന്നിലെ അഭിനേതാവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. മലയാള സിനിമയുടെ മാത്രമല്ല മലയാളികളുടെ തന്നെ ഒരു കാലഘട്ടത്തിൻ്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ ഓർമയാവുന്നത്. മലയാള സിനിമാലോകത്തെ അതുല്യനായ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ…

LEAVE A REPLY

Please enter your comment!
Please enter your name here