‘ബാന്ദ്ര’ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്കിനെതിരെ പോലീസ് മേധാവിക്ക് പരാതി നൽകി നിർമ്മാതാക്കളുടെ സംഘടന

0
438

ദിലീപിനെയും തമന്നയെയും കേന്ദ്ര കഥാപാത്രങ്ങൾകി അരുൺ ഗോപി സംവിധാനം നിർവഹിച്ച ചിത്രമാണ് ബാന്ദ്ര. ഈ സിനിമയ്‌ക്കെതിരേ മോശം റിവ്യൂ നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഏഴു യൂട്യൂബര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രം​ഗത്തെത്തിയിരിക്കുകയാണ്. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ലോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം.

അതോടൊപ്പംതന്നെ നിർമ്മാതാക്കളുടെ സംഘടനാ അസോസിയേറ്റ് സെക്രട്ടറി രാകേഷ് അശ്വന്ത് കോക്കിനെതിരെ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. സിനിമയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. അദ്ദേഹമത് കേസന്വേഷണത്തിനായി കമ്മീഷണർക്ക് കെെമാറിയിട്ടുണ്ട്.

ചിത്രം റിലീസ് ചെയ്തതിന് ശേഷം കമ്പനിയ്ക്ക് നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് ക്യാമ്പയിന്‍ നല്‍കിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവര്‍ക്കെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സിനിമയെക്കുറിച്ച് വ്യാജ പ്രചരണം നടത്തുന്നുവെന്നും ആരോപിക്കുന്നു.

റിവ്യൂ ബോംബിങ്ങിലൂടെ സിനിമാ മേഖലയ്ക്ക് കോടികള്‍ നഷ്ടമാകുന്നുവെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയെക്കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെങ്കിൽ പോലും മനഃപൂര്‍വം വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പരാതിയുണ്ടെങ്കില്‍ നടപടി സ്വീകരിക്കാമെന്നും പണം തട്ടുന്നതിന് വേണ്ടി അണിയറ പ്രവര്‍ത്തകരെ സമീപിക്കുകയോ മറ്റോ ചെയ്താല്‍ പരാതിപ്പെടാന്‍ സാധിക്കുമെന്നും പോലീസ് പറഞ്ഞിരുന്നു.

‘രാമലീല’ എന്ന ചിത്രതതിന് ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ്’ബാന്ദ്ര’. പാന്‍ ഇന്ത്യന്‍ താരനിര അണിനിരക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിൽ എത്തിയിരുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ഇവരെക്കൂടാതെ ചിത്രത്തിലെത്തിയത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് നടി ദിവ്യ ഭാരതിയുടെ ജീവിതകഥയാണ് പശ്ചാത്തലമാക്കിയതെന്ന വാർത്തകൾ വന്നിരുന്നു. താരത്തിന്റെ മരണവും, അതിന്റെ ദുരൂഹതകളും ഏറെ ചർച്ചയായിരുന്നു. അതിനിടെ ചിത്രത്തിൽ തങ്ങളുടെ പ്രണയകഥയേയും താരത്തിന്റെ മരണത്തെയും മോശമായി ചിത്രീകരിച്ചെന്നും, അധോലോക ബന്ധമുണ്ടെന്നുമുള്ള തരത്തിൽ ചിത്രീകരിച്ചെന്നും ആരോപിച്ച് നിർമ്മാതാവും ദിവ്യ ഭാരതിയുടെ ഭർത്താവുമായ സാജിദ് നദിയാവാല പരാതി നൽകിയിരുന്നു എന്നും വാർത്തകൾ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here