‘മധുരനാരങ്ങ’ എന്ന സിനിമ നിഷാദ് കോയ എന്നെ ചതിച്ചു സ്വന്തമാക്കിയ സിനിമയാണ്’ : സംവിധായകൻ മുഷ്‌താഖ്‌ റഹ്മാൻ

0
294

ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിച്ച് പ്രദർശനത്തിന് എത്തിയ പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ഇപ്പോൾ നിൽക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ മോഷ്ടിക്കപ്പെട്ടതാണ് എന്നാണ് വിവാദങ്ങൾക്കു തുടക്കമിട്ടുകൊണ്ടുവന്ന ആരോപണം. സംവിധായകൻ നിഷാദ് കോയ ആണ് ചിത്രത്തിന്റെ കഥ തന്റേതാണെന്നും അത് മോഷ്ടിച്ചാണ് ഈ സിനിമ ഉണ്ടാക്കിയതെന്നുമുള്ള ആരോപണം മുന്നോട്ടു വെച്ചത് സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ മുഷ്‌താഖ്‌ റഹ്മാൻ, അഭിരാമി , ഡെെറ ഡയറീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. വിവാദങ്ങളിൽ നിൽക്കുന്ന നിഷാദ് കോയ തന്നെ ചതിച്ച ഒരു സംവിധായകനാണെന്ന് പറയുകയാണ് മുഷ്താഖ്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുഷ്താഖ് റഹ്മാന്റെ വാക്കുകൾ…

‘നിഷാദ് കോയയുമായി ബന്ധപ്പെട്ടൊരു പ്രശ്നമാണ്. ശരിക്കും അതിനെ മോഷണം എന്നൊന്നും വിളിക്കാൻ പറ്റില്ല. എന്നാൽ രണ്ടുപേർക്ക് ഒരേ സമയത്ത് ഉദിച്ച കഥയും അല്ല. യഥാർത്ഥത്തിൽ ചതിച്ചു സ്വന്തമാക്കിയ ഒരു കഥയാണ്. എന്റെ ആർപ്പ് എന്ന സിനിമയുടെ കഥാകൃത്ത് ആണ് സലാം കോട്ടക്കൽ, അദ്ദേഹം തന്നെയാണ് നിഷാദ് കോയ ചെയ്ത മധുരനാരങ്ങ എന്ന സിനിമയുടെയും കഥാകൃത്തായി വന്നത്. ഈ കഥ നിഷാദ് സ്വന്തമാക്കിയ വഴിയാണ് ചതിയുടെ കഥയായി പോകുന്നത്. 2008 ൽ സെെനുദ്ദിൻ അൾട്ടിമേ പ്രൊഡ്യൂസ് ചെയ്തിട്ട് ദുബായിൽ ചെയ്തൊരു ടെലി സിനിമ ആയിരുന്നു ആർപ്പ്. ഒന്നരമണിക്കൂർ ദൈർഖ്യമുള്ള സിനിമ, ഏകദേശം അഞ്ചു ലക്ഷത്തോളം ചിലവുവന്നിരുന്നു ആ സിനിമയ്ക്ക്. സിനിമ ഇറങ്ങി വളരെയധികം പ്രശംസിക്കപ്പെടുന്നു. കാരണം അതിന്റെ കണ്ടന്റ് വളരെ നല്ലതായിരുന്നു. ആ ടെലി സിനിമയ്ക്ക് ചില അവാർഡുകളും ലഭിച്ചു.

നിഷാദ് കോയ അദ്ദേഹത്തിന്റെ ഓർഡിനറി എന്ന സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട ദുബായിൽ വന്നു. അന്ന് അദ്ദേഹം താമസിച്ചത് എന്റെ എഡിറ്ററുടെ ഫ്ലാറ്റിൽ ആയിരുന്നു. സ്വാഭാവികമായും നിഷാദ് കോയ എന്റെ ആർപ്പ് എന്ന സിനിമ അവിടെവെച്ചു കാണുന്നു. അദ്ദേഹത്തിന് അത് വളരെ ഇഷ്ട്ടപ്പെടുന്നു. എന്റടുത്തു എന്റെ എഡിറ്റർ നവീൻ പി വിജയൻ വന്നു പറഞ്ഞു, ആർപ്പ് കണ്ടിട്ട് നിഷാദ് കോയയ്ക്ക് വലിയ ഇഷ്ടമായി, അത് സിനിമയാക്കാൻ പറ്റുമോയെന്നു ചോദിച്ചെന്നു, അവൻ തന്നെ നിഷാദിനോട് പറഞ്ഞിരുന്നു അത് നടക്കില്ല മുഷ്‌താഖ്‌ തന്നെ അത് സിനിമയാക്കാൻ പോവുകയാണെന്ന്. അത്‌അവരെ ഞാൻ എല്ലാം നോർമ്മലായി എടുത്ത കാര്യമാണ്, അദ്ദേഹം അത് പറഞ്ഞു പോയി. പിന്നെ നടന്നതാണ് ചരിത്രം.

മധുരനാരങ്ങ തുടങ്ങുന്നതിന്റെ ഒരു പതിനഞ്ചു ദിവസം മുൻപ് ആണ് ആ സിനിമ അതാവാൻ പോവുകയാണ് എന്ന് ഞാനറിഞ്ഞത്. അദ്ദേഹം ആർപ്പ് കാണുകയും അത് ഞാൻ സിനിമയാക്കാൻ പോവുകയാണെന്ന് അറിഞ്ഞുകൊണ്ടും, എന്നെയും നിർമ്മാതാവിനെയും അതിൽനിന്നും ഒഴിവാക്കുകയും തിരക്കഥാകൃത്തിനെ പ്രലോഭിപ്പിച്ചു സ്ക്രിപ്റ്റ് അങ്ങോട്ടേക്ക് കൊണ്ടുപോയി. അതിന്റെ മറ്റൊരു കാര്യമെന്തെന്നുവെച്ചാൽ ഞാനും ആ സ്ക്രിപ്റ്റ് റൈറ്ററും അതിന്റെ കഴിഞ്ഞ ഒരു വർഷമായി തിരക്കഥയിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെയൊക്കെ സ്ക്രീൻ ഷോട്ടുകൾ എന്റെ കൈയിലുണ്ട് ഇപ്പോഴും.

ഈ സംഭവം ആരോ വളരെ കാഷ്വൽ ആയി എന്റടുത്തു പറഞ്ഞതാണ്. അപ്പോൾത്തന്നെ ഞാൻ നിഷാദ് കോയയെ വിളിച്ചു, ആള് ഫോണെടുത്തു. അപ്പൊ ഈ സിനിമയേക്കുറിച്ചു ഞാൻ ചോദിച്ചപ്പോ അദ്ദേഹം പറഞ്ഞത്, ആ അതെ സലാം കോട്ടക്കൽ എനിക്ക് തന്നല്ലോ എന്നാണ്. അപ്പോൾതന്നെ പോലീസൊക്കെയുണ്ട്, ഡ്രൈവിങ്ങിലാണ് എന്നൊക്കെപറഞ്ഞു അദ്ദേഹം കട്ട് ചെയ്തു. പിന്നീടിതുവരെ അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.’

LEAVE A REPLY

Please enter your comment!
Please enter your name here