അതി​ഗംഭീരം ‘ആടുജീവിതം’ : തെലങ്കാനയിലെ സ്പെഷ്യൽ പ്രീമിയർ ഷോയിൽ മികച്ച പ്രതികരണങ്ങളുമായി ബ്ലെസി ചിത്രം

0
327

പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രമാണ് ബ്ലെസി സംവിധാനം നിർവഹിക്കുന്ന ‘ആടുജീവിതം’. ചിത്രത്തി​ന്റെ ആദ്യ റിവ്യൂ പുറത്തുവന്നിരിക്കുകയാണ്. തെലങ്കാനയില്‍ ചിത്രത്തി​ന്റെ ആദ്യ പ്രിവ്യൂ ഷോ നടത്തിയിരുന്നു. തെലുങ്ക് സിനിമയിലെ സംവിധായകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായായി ചിത്രത്തിന്‍റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സ് ആണ് ഈ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചത്. അതി​ഗംഭീര ചിത്രമെന്നാണ് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നതും, സോഷ്യൽ മീഡിയയിൽ കുറിക്കുന്നതും.

തെലങ്കാനയിലെ ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു ചിത്രത്തി​ന്റെ സ്പെഷല്‍ സ്ക്രീനിംഗ് നടന്നത്. ചിത്രം കണ്ടതിന് ശേഷമുള്ള തെലുങ്ക് സംവിധായകരുടെ സിനിമയോടുള്ള പ്രതികരണം മൈത്രി മൂവി മേക്കേഴ്സ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ‘ബെസ്റ്റ് സര്‍വൈവല്‍ മൂവി, ദേശീയ അവാര്‍ഡ് ചിത്രം, പൃഥ്വിരാജിന് നിറഞ്ഞ കെെയ്യടി എന്നെല്ലാമാണ് ആടുജീവിതത്തിന് ലഭിച്ച അഭിപ്രായങ്ങൾ. ലോകം മുഴുവന്‍ കൈയടിക്കുന്ന സിനിമയാണിതെന്നും , വൈകാരികമായി ഈ സിനിമ പ്രേക്ഷകര്‍ക്ക് കണക്റ്റ് ആവും എന്നിങ്ങനെ ചിത്രം കണ്ട് ആവേശത്തില്‍ തെലുങ്ക് സിനിമയില്‍ നിന്നുള്ളവരുടെ പ്രതികരണങ്ങള്‍ നീണ്ടുപോവുകയാണ്. മാർച്ച് 28 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ് തീയതി. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതം നിർവഹിക്കുകയും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്യുകയും ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

അതേസമയം ചിത്രത്തിലെ ഒരു മനോഹരമായ ​ഗാനം ഇന്ന് പുറത്തിറങ്ങിയിരുന്നു. വിഷ്വൽ റൊമാൻസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഓമനേ എന്ന ഗാനം പ്രേക്ഷകർക്കുമുന്നിലേക്ക് എത്തിയത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബിന്റെ കഥാപാത്രത്തിന്റെയും അമല പോളിന്റെ സൈനുവെന്ന കഥാപാത്രത്തിന്റെയും മനോഹരമായ മധുവിധുകാലത്തെ പ്രണയമാണ് ഓമനെയെന്ന ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം പകർന്നത് എ ആർ റഹ്മാനാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, ചിന്മയി ശ്രീപാദ, രക്ഷിത സുരേഷ് എന്നിവർ ചേർന്നാണ്.

നജീബിന്റേയും സൈനുവിന്റെയും പ്രണയം അത്രയധികം മനോഹാരിതയിലാണ് ഗാനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പ്രകൃതിയുടെ ഓരോ മനോഹരമായ ഫ്രയിമുകളും അതിന്റെ ആഴത്തിൽ ഗാനത്തിലൂടെ ആവിഷ്കരിക്കാൻ അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം, ആടുജീവിതത്തിലെ ‘പെരിയോനെ റഹ്‌മാനെ’ വീഡിയോ ഗാനം മുൻപ് പുറത്തിറങ്ങിയിരുന്നു. ജിതിന്‍ രാജ് ആലപിച്ചിരിക്കുന്ന മനോഹര ഗാനമെഴുതിയിരിക്കുന്നതും റഫീക്ക് അഹമ്മദാണ്. എ ആര്‍ റഹ്‌മാന്‍ സംഗീതം ചെയ്യുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here