‘കൈതി’ ഇനി ‘ഭോല’: അജയ്ദേവ്ഗണ്‍ മാജിക്ക് പ്രതീക്ഷിച്ച് സിനിമാ ലോകം 

0
873

തമിഴകം ഇളക്കിമറിച്ച സിനിമയായിരുന്നു കൈതി. അടുത്തിടെ ഒട്ടനവധി ചിത്രങ്ങളാണ് ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യപ്പെട്ടത്.. ഒടുവില്‍ കൈതിയും ‘ഭോലാ’ എന്ന പേരില്‍ ബോളിവുഡിലേക്ക് എത്തുകയാണ് എന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് നായക വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ സംവിധാനം അജയ് ദേവ്ഗണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

കൈതി ബോളിവുഡിലേക്ക് ചേക്കേറുമ്പോള്‍ ഏത് തരത്തിലുള്ള പുതുമകളാണ് ചിത്രത്തിനുണ്ടാവുക എന്ന ആകാക്ഷയിലാണ് ഏവരും. ആകാംക്ഷയ്ക്ക് മാറ്റു കൂട്ടാനായി ‘ഭോലാ’യിലെ പുതിയ ഗാനം കൂടി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്.

‘ഭോലാ’യിലെ ‘ദില്‍ ഹേ ഭോലാ’ എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നിവയാണ് അജയ് ദേവ്ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ഭോലാ’യില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗണിന്റെ സംവിധാനത്തിലുള്ള ഭോലാ വന്‍ വിജയം കൊയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

‘ദൃശ്യം 2’വാണ് അജയ് ദേവ്ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ന്റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടുന്നത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തത്. ഭൂഷന്‍ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. ‘ദൃശ്യം’ ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്ഗണ്‍ തന്നെയായിരുന്നു നായകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here