‘മഞ്ഞുമ്മൽ ബോയ്സി’ൽ ‘കൺമണി അൻപോട്…’ ​ഗാനം ഉപയോ​ഗിച്ചതിനെതിരെ ഇളയരാജ

0
178

ലയാള സിനിമയെ വാനോളം ഉയർത്തിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. മലയാളത്തിൽ നിന്നുള്ള ആദ്യത്തെ 200 കോടി ചിത്രമായ മാറി റെക്കോർഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയ മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി വന്നിരിക്കുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ. കമൽ ഹാസൻ നായകനായെത്തിയ ​ഗുണ എന്ന ചിത്രത്തിലെ ഹിറ്റ് ​ഗാനമായിരുന്നു കൺമണി അൻപോട് കാതലൻ. ഇളയരാജ സംഗീത സംവിധാനം ചെയ്ത് എത്തിയ ഗാനം മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉള്‍പ്പെടുത്തിയത് തന്റെ അനുമതി ചോദിക്കാതെയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഇളയരാജ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്.

സിനിമ ആരംഭിക്കുമ്പോൾ, ചിത്രത്തി​ന്റെ ടെെറ്റിൽ കാർഡിൽ ഇളയരാജയെ പരാമർശിച്ചിട്ടുണ്ട് .എന്നാൽ ടൈറ്റില്‍കാര്‍ഡില്‍ മാത്രം പരാമര്‍ശിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം നോട്ടീസില്‍ പറയുന്നുണ്ട്. പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ ഇളയരാജ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമായിരുന്നെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ താൻ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ അദ്ദേഹം പറയുന്നു.

എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്തെ ഒരു കൂട്ടം കൂട്ടുകാരായ യുവാക്കള്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്നതും കൂട്ടത്തിലൊരാള്‍ ഗുണാ കേവ്‌സില്‍ കുടുങ്ങുന്നതുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കഥാ പശ്ചാത്തലം. 2006 ൽ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ഗുണയിലെ ‘കണ്‍മണി അന്‍പോട്” എന്ന ഗാനത്തിന് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിൽ നിര്‍ണായക സ്ഥാനമുണ്ട്. ​ഗുണ സിനിമ ഇറങ്ങിയ സമയം മുതൽ ഈ ​ഗാനം ഒരു പ്രണയ​ഗാനം എന്ന നിലയിലാണ് ഹിറ്റായിരുന്നത്. എന്നാൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ ഇറങ്ങിയ ശേഷം ഈ ​ഗാനം സൗഹൃദത്തി​ന്റെ ​ഗാനമായി മാറിയിരുന്നു.

അതേസമയം ഇളയരാജ ഇതാദ്യമായിട്ടല്ല ഇത്തരമൊരു പ്രശ്നം ഉന്നയിച്ച് മുന്നോട്ട് വരുന്നത്. ഇളയരാജ സംഗീതം നൽകിയ പാട്ടുകൾക്ക് മുകളിലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ആ വിധിക്കെതിരെ പക്ഷെ അദ്ദേഹം ആദ്യം പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. പിന്നീട് സമൂഹ മാധ്യമത്തിലൂടെ പറഞ്ഞത് തനിക്ക് ഇതിലൊന്നും പ്രതികരിക്കാൻ നേരമില്ലെന്നും ആ സമയംകൊണ്ട് താൻ പുതിയൊരു സിംഫണി ഉണ്ടാക്കിയതെന്നും ഇളയരാജ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here