47 വര്‍ഷം പിന്നിട്ട ദാമ്പത്യം; ഇന്നച്ചന്‍ വിടപറയുമ്പോള്‍ തനിച്ചാവുന്നത് ആലീസ്

0
8059
wife

ലയാള സിനിമയിലെ ഒരു അഭിനയ യുഗം അവസാനിപ്പിച്ചാണ് ഇന്നസെന്റ് മടങ്ങുന്നത്. നടന്‍ എന്ന നിലയില്‍ ചെറിയ വേഷങ്ങളില്‍ നിന്നും ഒരിക്കലും മലയാളി മറക്കാത്ത വേഷങ്ങളിലേക്കുള്ള പതിറ്റാണ്ടുകളുടെ അദ്ദേഹത്തിന്റെ യാത്ര കേരളത്തിന് സുപരിചിതമായിരുന്നു. ക്യാന്‍സര്‍ എന്ന മഹാരോഗത്തെ സധൈര്യം നേരിട്ട് ജീവിതത്തിലേക്ക് എത്തിയ ഇന്നസെന്റ് കലയവനികയ്ക്ക് ഉള്ളില്‍ മണ്‍മറഞ്ഞു പോയപ്പോള്‍ തനിച്ചായത് തന്റെ ജയപരാജയങ്ങള്‍ക്കും സുഖ- ദുഃഖത്തിലും സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിന്ന ആലീസാണ്. ആകെ കരഞ്ഞ് തളര്‍ന്ന നിലയിലാണ് ഭാര്യ ആലീസ്. പ്രിയതമന്റെ വിയോഗം ഉള്‍ക്കൊള്ളാനുള്ള ശക്തി ആലീസിന് നല്‍കട്ടെ എന്നാണ് സിനിമാലോകം ഒന്നടങ്കം പ്രാര്‍ത്ഥിക്കുന്നത്.

innocent and wife

ഇന്നസെന്റിന്റെ അഭിമുഖങ്ങളില്‍ എപ്പോഴും കേള്‍ക്കുന്ന പേരാണ് ഭാര്യ ആലീസിന്റേത്. കേരളത്തിലെ ഒരു നടന്റെയും ഭാര്യ ആരാധകര്‍ക്കിടയില്‍ ഇത്രയും പ്രശസ്തയായിട്ടില്ല. ജീവിതയാത്രയില്‍ താങ്ങും തണലുമായി ആലീസ് ഇന്നച്ചന്റെ ഒപ്പം ചേര്‍ന്നിട്ട് 47 വര്‍ഷം പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇന്നസെന്റിന്റെ വിയോഗം. പൊതുവേദികളില്‍ അത്രയൊന്നും പ്രത്യക്ഷപ്പെടാത്ത സ്ത്രീയായിരുന്നുആലീസ്. പക്ഷേ ഇന്നസെന്റ് കഥകള്‍ കേള്‍ക്കുന്നവര്‍ക്കെല്ലാം സുപരിചിതയാണ് ആലീസ്. ‘ആലീസ് പറഞ്ഞതുപോലെ’ എന്ന ഒരു ചൊല്ലുതന്നെയുണ്ട് ഈ നടന്റെ സുഹൃത്തുക്കള്‍ക്കിടയില്‍. ഭാര്യയൊക്കൊണ്ട് തമാശകള്‍ പറയുക അദ്ദേഹത്തിന്റെ ഹോബിയാണ്. പ്രണയ വിവാഹം ആയിരുന്നോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും ജീവിതവും. പക്ഷേ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.

alice

1976 സെപ്റ്റംബര്‍ 6നായിരുന്നു ആലീസ്, ഇന്നസെന്റ് എന്ന ഇരിങ്ങാലക്കുടക്കാരന്റെ കൈപിടിച്ചു ദാമ്പത്യ ജീവിതം തുടങ്ങിയത്. അന്ന് ഇന്നസെന്റ് ഒന്നുമായിരുന്നില്ല. മിക്കബിസിനസുകളും പൊളിഞ്ഞ് കുത്തുപാളയെടുത്ത് നില്‍ക്കുന്ന സമയം എന്നാണ് തന്റെ വിവാഹ സമയത്തെ ഇന്നസെന്റ് വിശേഷിപ്പിക്കുന്നത്. പക്ഷേ ആലീസ് ഭര്‍ത്താവിന് വലിയ പിന്തുണ നല്‍കി. ഇന്നസെന്റ് അമ്മ പ്രസിഡന്റായ സമയം. അപ്പോള്‍ ആലീസ് പറഞ്ഞ ഒരു കമന്റ് ഇന്നസെന്റ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ” നിങ്ങള്‍ക്ക് വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തതുകൊണ്ട്, ഇതിന്റെ വില പിടികിട്ടില്ല. അതിനാല്‍ നിങ്ങള്‍ തന്നെയിയിരിക്കും നിഷ്പക്ഷനായി ഈ സംഘടനയെ നയിക്കാന്‍ നല്ലത്. സ്വന്തം ഭര്‍ത്താവിന്റെ വിദ്യാഭ്യാസമില്ലായ്മ അലങ്കാരമാക്കുന്ന ഒരു ഭാര്യ വേറെയുണ്ടോ”- ഇന്നസെന്റ് ചിരിച്ചുകൊണ്ട് പറയുന്നു.

innachan

കാന്‍സര്‍ ബാധിതനായ ഇന്നസെന്റിന് ജീവിതത്തിലേക്ക് തിരികെ വരാനുള്ള കരുത്ത് നല്‍കിയതും മറ്റാരുമല്ല. അര്‍ബുദക്കിടക്കയിലും ഇന്നസെന്റ് ആലീസിനെക്കുറിച്ച് തമാശയിറക്കി. ആ കഥയിങ്ങനെ. ഒരിക്കല്‍ കാന്‍സര്‍ രോഗമുണ്ടോ എന്ന സംശയത്തില്‍ ആലീസിന് ഒരുപാട് ടെസ്റ്റുകള്‍ നടത്തി. പക്ഷേ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അപ്പോള്‍ അലീസിന് വിഷമം ഇത്രയും ടെസ്റ്റ് നടത്തി, പണം പോയല്ലോ എന്നായിരുന്നു. ‘അല്ല അസുഖം കണ്ടെത്തി ടെസ്റ്റിലെ കാശ് മുതലാവണം എന്നാണോ നീ കരുതിയത്’ എന്ന് ചോദിച്ച കാര്യം, ഇന്നസെന്റ് പറയാറുണ്ട്.

innachan family

അതുപോലെ ഇന്നസെന്റ് ഏറ്റവും ടെന്‍ഷന്‍ അടിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നതും ഭാര്യക്ക് കാന്‍സര്‍ ബാധിച്ചപ്പോഴാണ്. പക്ഷേ പിന്നീട്് അദ്ദേഹം അതും മനപ്പൊരുത്തം എന്ന് പറഞ്ഞ് തമാശയാക്കി. കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഗംഗാധരന്‍ ഇന്നസെന്റിന്റെ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിന്റെ തുടക്കം തന്നെ. കാന്‍സര്‍ രോഗികളില്‍ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത ഇന്നസെന്റിനെ അലട്ടിയില്ല, ഒരുപക്ഷെ ഉള്ളില്‍ അലട്ടിയിട്ടുണ്ടെങ്കില്‍ പോലും അത് പുറത്ത് കാണിക്കാതെ സമര്‍ഥമായി മറച്ചു പിടിച്ചു. പക്ഷെ ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ് ഉലഞ്ഞു പോയതായി തനിക്ക് തോന്നിയതെന്ന് ഡോക്ടര്‍ ഗംഗാധരന്‍ സാക്ഷ്യപ്പെടുത്തുന്നു.

നീണ്ട ഒന്നരവര്‍ഷത്തോളമാണ് സിനിമയില്‍ നിന്ന് അസുഖം അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത്. പക്ഷേ അസുഖം ഭേദമായി തിരികെ പ്രിയദര്‍ശന്റെ ‘ഗീതാഞ്ജലി’ യില്‍ തിരിച്ചുവന്നു. പിന്നീട് ഭാര്യക്കും കാന്‍സര്‍ ഭേദമായിരുന്നു. രോഗാവസ്ഥ പോലും പരസ്പരം പങ്കുവച്ചാണ് ഇന്നസെന്റും ആലീസും ജീവിതം മുന്നോട്ട് കൊണ്ട് പോയത്. ഇങ്ങനെ പരസ്പരം കൊണ്ടും കൊടുത്തും പ്രണയിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളു. ഇപ്പോള്‍ ഇന്നസെന്റ് ഈ ലോകത്ത് നിന്ന് മടുങ്ങുമ്പോള്‍ ഒരു നൂറ്റാണ്ട് കാലത്തേക്ക് ചിരിക്കാനുള്ള നര്‍മ്മങ്ങള്‍ ബാക്കിയാക്കിയാണ് തന്റെ ഭര്‍ത്താവ് മടങ്ങുന്നതെന്ന് ഓര്‍ത്ത് ആലീസിന് അഭിമാനിക്കാം.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here