ജീത്തു ജോസഫ്, ആസിഫ് അലി ചിത്രം ‘ലെവല്‍ ക്രോസ്’ മ്യൂസിക് റൈറ്റ്‌സ് വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കി തിങ്ക് മ്യൂസിക്

0
73

കൂമനു ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായ ചിത്രം ‘ലെവല്‍ ക്രോസിന്റെ’ മ്യൂസിക് റൈറ്റ്‌സ് വമ്പന്‍ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കി. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് ചിത്രമായ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘റാം’ന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമാണിത്.

ജീത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അര്‍ഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ആദം ആയൂബിന്റെ മകനാണ് അര്‍ഫാസ്. അച്ഛനൊപ്പമായിരുന്നു അര്‍ഫാസിന്റെ സിനിമാ പഠനം ആരംഭിക്കുന്നത്. സംവിധാനത്തിലും തിരക്കഥാരചനയിലും പരിശീലനം നേടിയ ശേഷം ആദത്തിന്റെ തന്നെ ടെലിഫിലിമുകളിലും സംവിധാന സംരംഭങ്ങളിലും സഹായിയായി. ശേഷം മുംബൈയിലെത്തിയ അര്‍ഫാസ് ഹിന്ദി സിനിമാ ലോകത്താണ് തുടക്കമിടുന്നത്.

വിക്രം ഭട്ടിന്റെ ഒരു ഹൊറര്‍ മൂവിയില്‍ അസോഷ്യേറ്റ് ഡയറക്ടറായി തുടങ്ങിയ അര്‍ഫാസ് അവിടെ പ്രവര്‍ത്തിക്കുമ്പോഴാണ് ‘ദ് ബോഡി’ എന്ന ബോളിവുഡ് ചിത്രത്തിനായി ജീത്തു ജോസഫ് മുംബൈയിലെത്തിയത്. ജീത്തുവിനെ പരിചയപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ അസോഷ്യേറ്റായി. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ സിനിമകളുടെ സംഗീതസംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘ലെവല്‍ ക്രോസ്’.

ആസിഫ് അലി, ഷറഫുദ്ദീന്‍, അമലാ പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു ത്രില്ലറാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. പരുക്കന്‍ ലുക്കിലെത്തുന്ന ആസിഫിനെയായിരുന്നു ഫസ്‌ററ്‌ലുക്കിലെ പ്രധാന ആകര്‍ഷണം.

ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രമായ ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമല, ഷറഫു കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടിയായിരിക്കും ഇത്. താരനിരയില്‍ മാത്രമല്ല ടെക്‌നിക്കല്‍ ടീമിലും ഗംഭീരനിര തന്നെയുണ്ട്. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍. ഛായാഗ്രഹണം- അപ്പു പ്രഭാകര്‍.

ജെല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫാണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. സംഭാഷണം- ആദം അയൂബ്ബ്, സൗണ്ട് ഡിസൈനര്‍- ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം- ലിന്റാ ജീത്തു, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രേം നവാസ്, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്.

LEAVE A REPLY

Please enter your comment!
Please enter your name here