‘കല്‍ക്കി 2898 എഡി’ ബുക്കിങ് ആരംഭിച്ചു, ചിത്രം ജൂണ്‍ 27 മുതല്‍

0
71

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍ക്കി 2898 എഡി’യുടെ ബുക്കിങ് ആരംഭിച്ചു. ജൂണ്‍ 27 മുതല്‍ ചിത്രം തിയേറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം വേഫെയറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ അടുത്തിടെ പുറത്തുവിട്ട റിലീസ് ട്രെയിലര്‍ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളില്‍ പുറത്തുവിട്ട ട്രെയിലറിന് മില്യണ്‍ വ്യൂസാണ് ലഭിച്ചത്.

‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കല്‍ക്കി 2898 എഡി’ പറയുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്. പ്രഭാസിനൊപ്പം മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ഹാസന്‍, ദിഷാ പഠാണി തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. ‘സുമതി’യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോള്‍ ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും ‘യാസ്‌കിന്‍’ എന്ന കഥാപാത്രമായ് കമല്‍ഹാസനും ‘ഭൈരവ’യായ് പ്രഭാസും ‘റോക്‌സി’യായി ദിഷാ പഠാണിയും വേഷമിടുന്നു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘കല്‍ക്കി 2898 എഡി’.മഹാഭാരതത്തിലെ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡി ഏയ്ജിങ് ടെക്നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ ലുക്കും ടീസറില്‍ കാണാം.

മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായിരുന്ന അശ്വത്ഥാമാവ് ഇന്നും മധ്യപ്രദേശിലെ നേമാവറില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് ഐതിഹ്യം. അതിനാലാണ് ബച്ചന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ അതേ സ്ഥലം തിരഞ്ഞെടുത്തത്. തുടര്‍ന്ന് അമിതാഭ് ബച്ചനും ട്വിറ്ററിലൂടെ ഇത്തരമൊരു വേഷം അവതരിപ്പിക്കാനായതിന്റെ സന്തോഷം പങ്കുവച്ചു.

നേരത്തേ, മഹാശിവരാത്രി വേളയില്‍ ചിത്രത്തിലെ നായകന്‍ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേര് ഭൈരവ എന്നാണെന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ‘കല്‍ക്കി 2898 എഡി’യില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് മുതല്‍ വന്‍ പ്രതീക്ഷയോടെയാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here