‘ഇന്ത്യൻ 2’ ചെയ്യാനുള്ള കാരണം ‘ഇന്ത്യൻ 3’ ആണ് : കമൽ ഹാസൻ

0
203

പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന കമൽഹാസൻ ചിത്രങ്ങളിൽ ഒന്നാണ് ‘ഇന്ത്യൻ 2. കമൽഹാസനും ഷങ്കറും വീണ്ടുമൊന്നിക്കുന്ന ചിത്രം ജൂലൈ 12 ന് തിയറ്ററുകളിൽ എത്താന്‍ പോവുകയാണ്. പ്രൊമോഷൻ പരിപാടികൾ തകൃതിയായി നടക്കുന്ന ഈ സമയത്ത് ഇന്ത്യൻ 3 സംബന്ധിച്ച ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. ഇന്ത്യന്‍ രണ്ടാം ഭാഗത്തെക്കാൾ മൂന്നാം ഭാഗമാണ് തനിക്ക് ഇഷ്ടമെന്നാണ് താരം പറയുന്നത്. ഇന്ത്യൻ 2ന്‍റെ പ്രൊമോഷ​ന്റെ ഭാ​ഗമായി രാജ്യവ്യാപകമായി പര്യടനം നടത്തുന്ന കമൽഹാസൻ, ഇന്ത്യൻ 3യെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് താൻ ഇന്ത്യൻ 2 ചെയ്യാൻ സമ്മതിച്ചതെന്നാണ് പറഞ്ഞത്.

“സത്യം പറഞ്ഞാൽ, ഞാൻ ഇന്ത്യന്‍ രണ്ടാം ഭാഗം ചെയ്യാൻ സമ്മതിച്ചതിന്‍റെ ഒരേയൊരു കാരണം, ഈ ചിത്രത്തി​ന്റെ മൂന്നാം ഭാഗം മാത്രമാണ്. മൂന്നാം ഭാഗത്തിന്‍റെ വലിയ ആരാധകനാണ് ഞാൻ . സാധാരണ സിനിമയുടെ ഫസ്റ്റ് ഹാഫാണ് ഇഷ്ടപ്പെട്ടത്, രണ്ടാം പകുതിയാണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ സിനിമ കണ്ടതിനുശേഷം ആളുകൾ പറയാറില്ലേ, എന്നെ സംബന്ധിച്ചിടത്തോളം ”ഇന്ത്യൻ 3”യാണ് രണ്ടാം പകുതി. പക്ഷെ ആ ചിത്രത്തിനായി ആറ് മാസത്തെ കാത്തിരിപ്പ് ഇനിയും ബാക്കിയുണ്ട്, ”കമല്‍ഹാസൻ പറഞ്ഞു.

Image

അതേ സമയം ഇന്ത്യൻ 2 വില്‍ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, നെടുമുടി വേണു, വിവേക്, സമുദ്രക്കനി, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാശ്, മനോബാല, ദീപാ കിഷോർ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ജൂണ്‍ 1ന് ചെന്നൈയില്‍ നടന്നിരുന്നു. അതേ സമയം ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചിട്ടുണ്ട്.‌. യുകെയില്‍ ഇതിനകം ചിത്രത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു.

Image

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ഉടമസ്ഥതയിലുള്ള ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നുകൊണ്ടാണ്. കമല്‍ഹാസൻ നായകനായി 1996ല്‍ റിലീസായ ചിത്രം ‘ഇന്ത്യൻ’ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് പുതിയചിത്രം. ഷങ്കറിന്റെ ‘ഇന്ത്യൻ’ എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ട വേഷത്തിലായിരുന്നു എത്തിയത്. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഈ സിനിമയിലൂടെ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here