ആവേശം കൊള്ളിച്ച് ധനുഷി​ന്റെ ശബ്ദം : ‘ക്യാപ്റ്റൻ മില്ലറി’ലെ ഗാനത്തി​ന്റെ ലിറിക് വീഡിയോ

0
244

രുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലറി’ലെ ‘കില്ലർ കില്ലർ’ എന്ന ഗാനത്തി​ന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ ഒരു ഗാനം ധനുഷ് പാടും എന്ന് ക്യാപ്റ്റൻ മില്ലെറിന്റെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആരാധകർ കാത്തിരുന്ന പോലെതന്നെ ത്രസിപ്പിക്കുന്ന ഒരു ​ഗാനംതന്നെയാണ് കില്ലർ കില്ലർ. യുദ്ധവും പോരാട്ടവും പരാമർശിക്കുന്ന ​ഗാനം വളരെ ആവേശകരമായ രീതിയിലാണ് ധനുഷ് ആലപിച്ചിരിക്കുന്നത്.

കബീർ വാസുകിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. തെന്നിന്ത്യൻ ആരാധകർ അതിയായ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് കേന്ദ്ര കഥാപാത്രമാകുന്ന ‘ക്യാപ്റ്റൻ മില്ലർ’. അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും അദ്ദേഹം തന്നെയാണ്. ‘ക്യാപ്റ്റൻ മില്ലറി’ന്റെതായി പുറത്തിറങ്ങുന്ന ഏതൊരു വാർത്തകൾക്കും കേൾവിക്കാർ ഏറെയാണ്. ചിത്രത്തിൻറെ പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു .റഷ്യൻ വിപ്ലവത്തിൻറെ നേതാവ് ലെനിൻറെ ചിത്രവും ഒപ്പം അരിവാൾ ചുറ്റിക ചിഹ്നത്തിനും അടുത്ത്, ഒരു ഉടുക്ക് കയ്യിൽ പിടിച്ചു നിൽക്കുന്ന ധനുഷി​ന്റെ ചിത്രം നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇത് ഇറങ്ങിയ മുതൽതന്നെ സിനിമയിലെ ​ഗാനത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു.

ചിത്രം 2023 ഡിസംബറിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് നീളുമെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ തീയതി നിർമ്മാതാക്കൾ പങ്കുവെച്ചിരുന്നു. പൊങ്കൽ/സംക്രാന്തി റിലീസായി 2024ലാണ് സിനിമ പ്രദർശനത്തിനെത്തുക. മുൻപ് തീരുമാനിച്ചിരുന്ന റിലീസ് തീയതി ഡിസംബർ 15നായിരുന്നു. എന്നാൽ 2024 ജനുവരി 12 വെള്ളിയാഴ്ചയാകും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. സത്യ ജ്യോതി ഫിലിംസ് ആണ് ക്യാപ്റ്റൻ മില്ലറിന്റെ നിർമ്മാതാക്കൾ. 1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ജോണറിൽ ഒരുങ്ങിയ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്.

അതേസമയം ക്യാപ്റ്റൻ മില്ലർ ചിത്രീകരിച്ച സ്ഥലവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ നിലനിന്നിരുന്നു. കലക്കാട് മുണ്ടത്തുറൈ ടൈഗർ റിസർവിൽ അല്ല ‘ക്യാപ്റ്റൻ മില്ലർ’ ചിത്രീകരിച്ചത് എന്നും ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അത് ചിത്രീകരിച്ചതെന്നും, അതിനുവേണ്ടി അനുവാദം വാങ്ങിച്ചിരുന്നുവെന്നും സംവിധായകൻ അരുൺ മതേശ്വരം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. വന്യമൃഗങ്ങൾക്ക് ഉപദ്രവമുണ്ടാകുന്ന രീതിയിൽ സിനിമയുടെ ചിത്രീകരണം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ മുൻപ് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here