ഇത് മലയാളികളുടെ വിജയം : ‘മലയാളി ഫ്രം ഇന്ത്യ’ രണ്ടാം വാരത്തിലേക്ക്

0
89

നിവിന്‍ പോളിയെ നായകനാക്കി ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന് തിയേറ്ററുകളില്‍നിന്നും മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ രണ്ടാം ആഴ്ച്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴും നിറഞ്ഞ തീയേറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. ചിത്രം രണ്ടാം ആഴ്ച്ചയിലേക്ക് കടന്നതി​ന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ. പുതിയ പോ​സ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയുടെ ആത്മാഭിമാനവും മത – രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായുള്ള ചേര്‍ത്തുപിടിക്കലുകളും ഏത് മരുഭൂമിയിലും പൊന്നുവിളയിക്കാനുള്ള മനക്കരുത്തുമൊക്കെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ലോകത്തുള്ള മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത് വിജയിപ്പിക്കുന്ന കാഴ്ചയാണ് കാണാനായത്. ഒരു കംപ്ലീറ്റ് ഫണ്‍ എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് പ്രേക്ഷക അഭിപ്രായം. മുല്ലക്കര എന്ന കൊച്ചുഗ്രാമത്തിലെ മൈത്രി കോളനിയിലെ നിസ്സാര സംഭവവികാസങ്ങള്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന രീതിയിലേക്ക് മാറിമറിയുന്നതാണ് ചിത്രത്തിലുള്ളത്. കേരളത്തില്‍ അടുത്തിടെ നടന്ന പല സംഭവങ്ങളിലേക്കും വിരല്‍ചൂണ്ടുന്നുണ്ട് ചിത്രം. പ്രൊമോ ടീസറും ട്രെയിലറും പാട്ടുകളുമൊക്കെ മുഴുനീള കോമഡി ചിത്രമായിരിക്കും എന്ന ധാരണ പ്രേക്ഷകര്‍ക്കിടയില്‍ നല്‍കിയിരുന്നെങ്കിലും ഒരേ സമയം ചിരിയും ചിന്തയും ചിത്രത്തിലുണ്ട് എന്നാണ് പ്രേക്ഷാഭിപ്രായം.

ഡിജോ ജോസ് ആന്റണിയുടെ മുൻപത്തെ സിനിമകൾ പോലെ ഈ സിനിമയും കൃത്യമായ രാഷ്ട്രീയം പറഞ്ഞുവെക്കുന്നുണ്ട്. അതേസമയം നിവിൻ പോളി ധ്യാൻ ശ്രീനിവാസൻ കോംബോയിലെ തമാശകൾ കുറച്ചുകൂടി വേണമായിരുന്നു എന്നായിരുന്നു പല പ്രേക്ഷകരും പറഞ്ഞിരുന്നത്. എന്നാൽ അതിനുള്ള വിശദീകരണം ഡിജോ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അധികം തമാശകൾ കുത്തിനിറച്ചാൽ അത് സിനിമയുടെ ഒഴുക്കിനെ ബാധിക്കുമെന്നും, അതുകൊണ്ടാണ് മിതമായ രീതിയിൽ തമാശകൾ ഉൾപ്പെടുത്തിയതെന്നുമാണ് ഡിജോ പറഞ്ഞത്.

പൃഥ്വിരാജ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ജനഗണമനയ്ക്കു ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിച്ചിരിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘മലയാളി ഫ്രം ഇന്ത്യ’യ്ക്കുണ്ട്. നിവിന്‍ പോളിക്കൊപ്പം അനശ്വര രാജന്‍, ധ്യാന്‍ ശ്രീനിവാസന്‍, മഞ്ജു പിള്ള തുടങ്ങി നിരവധിപേര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട് ചിത്രത്തില്‍. സുദീപ് ഇളമണിന്റെ മനോഹരമായ ഛായാഗ്രഹണവും ജെയ്ക്‌സ് ബിജോയുടെ മികവുറ്റ സംഗീത സംവിധാനവും ശ്രീജിത്ത് സാരംഗിന്റെ ബ്രില്ല്യന്റായ എഡിറ്റിംഗുമൊക്കെ സിനിമയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഛായാഗ്രഹണം സുദീപ് ഇളമന്‍.സംഗീതം ജെയ്ക്‌സ് ബിജോയ്. സഹനിര്‍മ്മാതാവ് ജസ്റ്റിന്‍ സ്റ്റീഫന്‍.

LEAVE A REPLY

Please enter your comment!
Please enter your name here