തമിഴിൽ തിളങ്ങാൻ വീണ്ടും മമിത ബൈജു എത്തുന്നു, നായകനായി പ്രദീപ് രം​ഗനാഥനും

0
262

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മമിത ബെെജു. മലയാളത്തിൽ മാത്രമല്ല താരം ഇപ്പോൾ തമിഴ് സിനിമകളിലും സജീവമാണ്. വമ്പൻ ഹിറ്റായി മാറിയ ‘പ്രേമലു’ തമിഴിലും തെലുങ്കിലും എത്തിയതോടെയാണ് മമിതയ്ക്ക് അവിടുത്തെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത കൂടിയത്. കൂടാതെ താരത്തി​ന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ റിബൽ എന്ന ചിത്രവും തീയേറ്ററുകളിലെത്തി. ജി വി പ്രകാശ് കുമാറിനൊപ്പമുള്ളതായിരുന്നു ആ ചിത്രം. ഇപ്പോൾ താരത്തി​ന്റെ മറ്റൊരു തമിഴ് ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

സംവിധായകനായും നടനായും പ്രേക്ഷകർക്കിടയിൽ തിളങ്ങിയ പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ ആയി എത്തുന്നത്. വലിയ ഹിറ്റാവുകയും പ്രേക്ഷകശ്രദ്ധ നേടുകയുംചെയ്ത ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചത് പ്രദീപ് രംഗനാഥൻ ആയിരുന്നു. കോമാളി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്ത് ഹിറ്റാക്കിയിട്ടുണ്ട്. കീർത്തീശ്വരനാണ് പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. പ്രശസ്ത സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തീശ്വര​ന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

അതേസമയം മറ്റൊരു തമിഴ് ചിത്രം കൂടി മമിതയുടേതായി പ്രദർശനത്തിന് എത്താനുമുണ്ട്. അരുൺ വിജയ്‌യെ നായകനാക്കി ബാല സംവിധാനം നിർവ്വഹിച്ച വണങ്കാൻ എന്ന ചിത്രം ആണ് അത്. പ്രദീപ് രംഗനാഥൻ അഭിനയിച്ച മറ്റൊരു ചിത്രവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താനുണ്ട്. വിഗ്നേശ് ശിവൻ സംവിധാനം നിർവ്വഹിക്കുന്ന എൽഐസി എന്ന ചിത്രമാണ് അത്. ലവ് ഇൻഷുറൻസ് കോർപറേഷൻ എന്ന പേരിൻറെ ചുരുക്കെഴുത്താണ് എൽഐസി. എസ് ജെ സൂര്യയും കൃതി ഷെട്ടിയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് എന്നാണ് വിവരം. അശ്വത്ഥ് മാരിമുത്തു സംവിധാനം നിർവ്വഹിക്കുന്ന ഡ്രാഗൺ എന്ന ചിത്രവും പ്രദീപ് കമ്മിറ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ.

മലയാളത്തിൽ വമ്പൻ ഹിറ്റാവുകയും റെക്കോർഡ് കളക്ഷൻ നേടുകയും ചെയ്ത ചിത്രമായിരുന്നു പ്രേമലു. ചിത്രത്തിൽ നസ്ലിനും മമിത ബൈജുവും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വളരെ മനോഹരമായ പ്രണയത്തി​ന്റെയും, സൗഹൃദത്തി​ന്റെയും യുവാക്കളുടെ ജീവിതത്തി​ന്റെയും കഥ പറഞ്ഞ ചിത്രം പ്രേക്ഷകർ ഇരുകെെയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീടാണ് ഇതി​ന്റെ തെലുങ്ക് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ സ്വന്തമാക്കുകയും തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുകയും ചെയ്തത്. ചിത്രം തെലുങ്കിലും വമ്പൻ ഹിറ്റായി മാറി. പിന്നീട് ചിത്രം തമിഴിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here