‘ടർബോ’ ജോസി​ന്റെ മാസ്സ് ആക്ഷൻ വരവ് ആഘോഷിച്ച് സൗദി അറേബ്യയിലെ മമ്മൂട്ടി ആരാധകർ

0
315

​ഗോളതലത്തിൽ മമ്മൂക്കയുടെ ആക്ഷൻ ചിത്രം ‘ടർബോ’ കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയിരുന്നു. വലിയ ആഘോഷത്തോടെയാണ് ചിത്രത്തെ പ്രേക്ഷകർ വരവേറ്റത്. റെക്കോർഡ് കളക്ഷനുമായി ചിത്രം ആദ്യദിനം തന്നെ കോടികൾ നേടിയിരുന്നു. മമ്മൂക്കയുടെ ടർബോ ജോസിനെ ആഘോഷത്തോടെ വരവേറ്റ സൗദിയിലെ ആരാധകരുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജിദ്ദയിലെ തിയറ്ററുകളെ അടിമുടി ഇളക്കിമറിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ ടർബോ സിനിമയെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സൗദി അറേബ്യയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. ജിദ്ദയിലും റിയാദിലും ദമാമിലുമുള്ള മമ്മൂട്ടി ആരാധകരാണ് ടർബോ ആഘോഷം ഗംഭീരമാക്കിമാറ്റിയത്. കേക്ക് മുറിച്ചു കൊണ്ടാണ് ടർബോ ജോസിൻ്റെ വരവ് ആരാധകർ ആഘോഷിച്ചത്. ജിദ്ദ ആന്ദലൂസ് മാളിലെ എംപയർ തിയറ്ററിൽ നടന്ന ആഘോഷത്തിൽ നിരവധി പേരാണ് പങ്കെടുത്തത്.

ജിദ്ദയിൽ സിനിമാ നിർമ്മാതാവ് നൗഷാദ് ആലത്തൂർ ആണ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഗഫൂർ ചാലിൽ പരിപാടിയിൽ പ്രസം​ഗിക്കുകയും ചെയ്തു. ജിദ്ദ സെക്രട്ടറി ഷിനോഫർ പള്ളിക്കൽ, ഹംസ മനു, ഫവാസ്, ടി.ടി അഷ്റഫ് തുടങ്ങിയവരും എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തിരുന്നു. റിയാദിൽ സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് അക്കരെയുടെ നേതൃത്വത്തിൽ സിനിമയെ സ്വീകരിക്കുകയായിരുന്നു.

മാസ് ആക്ഷൻ കോമഡി എന്റർടെയിനർ കാറ്റഗറിയിൽ എത്തിയ ചിത്രം പ്രേക്ഷക പ്രതീക്ഷകൾക്കപ്പുറമുള്ളതായിരുന്നു.തിയേറ്ററുകളെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ സീനുകളാൽ സമ്പന്നമാണ് ചിത്രമെന്നാണ് പൊതുവെയുള്ള അഭിപ്രായം. അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം തീർത്ത ചിത്രം ആദ്യ ദിനം തന്നെ ബോക്സ്ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും നിലവിൽ ടിക്കറ്റുകൾ ലഭിക്കാനില്ലാത്ത അവസ്ഥയാണ്.ആദ്യം ദിനം അഞ്ച് കോടിക്ക് മുകളിൽ ചിത്രം കരസ്ഥമാക്കിയെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.വെക്കേഷൻ ടൈം ആയതുകൊണ്ട് തന്നെ കളക്ഷൻ വർധിക്കുമെന്നാണ് ഭൂരിഭാഗവും പറയുന്നത്.ഈ രീതിയിൽ ആണെങ്കിൽ ചിത്രം ഉടൻ തന്നെ അമ്പത് കോടി ക്ലബിൽ ഇടപിടിക്കും.

തിയറ്ററുകളിലെ തിരക്ക് കണക്കിലെടുത്ത് 224 എക്സ്ട്രാ ഷോയാണ് ആദ്യ ദിനം പ്രദര്‍ശിപ്പിച്ചത്. എറണാകുളം ജില്ലയിൽ 40ലധികം ഷോകളാണ് വിവിധ തിയേറ്ററുകളിലായി ചാർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചാർട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here