മനസും കണ്ണും നിറച്ച് ‘കാതൽ ദി കോർ’ : ആദ്യ പ്രതികരണങ്ങൾ മികച്ചത്

0
235

കൈകാര്യം ചെയ്യുന്ന വിഷയങ്ങൾകൊണ്ട് ഏറെ ചർച്ചചെയ്യപ്പെടുന്ന ചിത്രങ്ങളാണ് മമ്മൂട്ടി പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെ സമകാലിക ചർച്ചകൾക്ക് വഴിവെച്ച ഒരു ചിത്രം ഒരുക്കിയ ജിയോ ബേബിയും ചേരുമ്പോൾ പ്രേക്ഷകർക്ക് ആവേശമായിരുന്നു. മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചെത്തിയ ‘കാതൽ ദി കോർ’ എന്ന ചിത്രം ഇപ്പോൾ പ്രേക്ഷക മനസുകളിൽ നിറഞ്ഞിരിക്കുകയാണ്. ആദ്യ പ്രതികരണങ്ങൾ വരുമ്പോൾ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

തീയറ്റര്‍ വിടുമ്പോള്‍ ചിത്രത്തിനായി തോന്നിയ കൗതുകവും ആകാംക്ഷയും അതിലേറെ ഒരു അത്ഭുതമായി പ്രേക്ഷകന്‍റെ മുഖത്തുണ്ടായിരുന്നു. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ കൈകാര്യം ചെയ്ത് മമ്മൂട്ടി പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. നിര്‍മ്മാതാവായും, ഒരു പെര്‍ഫോമറായും മമ്മൂട്ടി എന്ന നടനും ഒപ്പം അഭിനയിക്കുന്നവരും മനസില്‍ പതിയുന്ന രീതിയില്‍ സിനിമയിൽ നിറഞ്ഞാടുകയായിരുന്നു.

 

 

ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മൂന്നാം വാര്‍ഡില്‍ നാട്ടിലെ പ്രസക്തനായ സഹകരണ ബാങ്ക് മുന്‍ മാനേജറായ മാത്യൂസ് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തുന്നയിടത്താണ് കാതല്‍ എന്ന സിനിമ ആരംഭിക്കുന്നത്. ഭാര്യ ഓമനയ്ക്കും പിതാവിനും മകള്‍ ഫെനിക്കും ഒപ്പം ആര്‍ക്കും സന്തുഷ്ഠമെന്ന് തോന്നുന്ന ജീവിതം നയിക്കുന്നയാളാണ് മാത്യുസ്. എല്ലാവരും ഉറപ്പിച്ച വിജയം. അതിനിടെ പ്രതീക്ഷിക്കാതെ ഒമാന വിവാഹമോചനത്തിലേക്ക് നീങ്ങുന്നു. അവിടെനിന്നാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നത്.

മമ്മൂട്ടി എന്ന നട​ന്റെ അഭിനയ മികവിനെ വീണ്ടും പറഞ്ഞുവെക്കുന്ന ഒന്നാണ് മാത്യൂസ് എന്ന റോളിലൂടെ പ്രേക്ഷകന് മുന്നില്‍ കാഴ്ച്ചവെച്ചത്. മുഴുവനും ഇമോഷന്‍ നിറച്ച ഒരു തിരക്കഥയില്‍ മമ്മൂട്ടി പ്രേക്ഷകനെ നെഞ്ചോട് ചേർക്കുകയാണ്. വെറും ഒരു മമ്മൂട്ടി ചിത്രമല്ല കാതല്‍ എന്ന് വീണ്ടും പറയുന്ന തരത്തിലുള്ള ഒരു സിനിമ. പ്രധാനമായും ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രം. മമ്മൂട്ടിയോളം പോന്ന അതിനൊപ്പം നില്‍ക്കുന്ന കഥാപാത്ര നിര്‍മ്മിതിയാണ് ഓമനയുടെത്. അത് ജ്യോതിക അഭിനയംകൊണ്ട് ഭദ്രമാക്കുകയും ചെയ്തു.

സുധി കോഴിക്കോടും, മമ്മൂട്ടിയുടെ അച്ഛ​ന്റെ റോളില്‍ എത്തിയ നടനും അസാധ്യ പ്രകടനമാണ് സ്ക്രീനിൽ നടത്തിയത്. തീര്‍ത്തും ഇമോഷണലായി ഒഴുകുന്ന തിരക്കഥയില്‍ ഇത്തരമൊരു വിഷയത്തെ ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ എന്നിവര്‍ ഗംഭീര കൈയ്യടക്കത്തോടെ മറികടക്കുന്നുണ്ട്. അതിനപ്പുറം ചിത്രത്തിന്‍റെ ഗതിയെ മികച്ച ക്രാഫ്റ്റിലും മേയ്ക്കിംഗിലും ഗംഭീരമാക്കാൻ എപ്പോഴത്തെയുംപോലെ ജിയോ ബേബി എന്ന സംവിധായകന് സാധിച്ചിട്ടുണ്ട്.

സമൂഹം ഒന്നാകെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് ചിത്രത്തിന്‍റെ കാതൽ എന്നുപറയുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളിലെ അകകാമ്പ് ചിലപ്പോള്‍ മനസിലാക്കാന്‍, അല്ലെങ്കില്‍ അത് പരുവപ്പെടാന്‍ കാലങ്ങളുടെ കാത്തിരിപ്പ് അത്യാവിശ്യമായിരിക്കും. തന്‍റെ സ്വത്വത്തെ തിരിച്ചറിയാനും, അത് അംഗീകരിക്കാനും സാമൂഹിക തടസ്സങ്ങളും ഉണ്ടാകാം. എന്നാല്‍ സാഹചര്യവും സന്ദര്‍ഭവും സമൂഹവും ഒരിക്കൽ അനുകൂലമാകും. നന്നായി കെെകാര്യം ചെയ്തുകൊണ്ട് അവസാനിപ്പിക്കുന്ന വിഷയത്തിനവസാനം പ്രേക്ഷകന് നിറഞ്ഞ മനസോടെയല്ലാതെ തീയേറ്റർ വിട്ടിറങ്ങാൻ സാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here