എൻടിആറി​ന്റെ ‘ദേവര’ : റിലീസ് തീയതി പുറത്ത്

0
91

കൊരട്ടല ശിവയുടെ സംവിധാനത്തിൽ ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എൻടിആർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘ദേവര പാര്‍ട്ട്‌ 1’. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നേരത്തേ പറഞ്ഞ സമയത്തിനും മുന്നേ എത്തുമെന്ന വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ചിത്രം ഈ വർഷം സെപ്തംബർ 27 നാണ് റിലീസിനെത്തുന്നത്. മുന്നേ പറഞ്ഞിരുന്ന റിലീസ് തീയതി ഒക്ടോബർ 10 ​ആയിരുന്നു.

ചിത്രത്തിലെ ആദ്യ ഗാനം മുൻപ് പുറത്തിറങ്ങിയത് വലിയ തോതിൽ വെെറലാവുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തെന്നിന്ത്യന്‍ തരംഗമായ അനിരുദ്ധ് രവിചന്ദർ സംഗീതം നല്‍കിയ ഗാനം വിവിധ ഭാഷകളിലായാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്. തെലുങ്കില്‍ രാമജോഗയ്യ ശാസ്ത്രി, തമിഴില്‍ വിഷ്ണു എടവന്‍, ഹിന്ദിയില്‍ മനോജ്‌ മുന്‍തഷിര്‍, മലയാളത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, കന്നടയില്‍ വരദരാജ് ചിക്കബല്ലപുര എന്നിവരാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് ഭാ​ഗങ്ങൾ സംഗീതസംവിധായകനായ അനിരുദ്ധ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. എന്നാൽ മലയാളം, കന്നഡ ഭാ​ഗങ്ങൾ ആലപിച്ചിരിക്കുന്നത് സന്തോഷ്‌ വെങ്കിയാണ്. ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാത്ത വളരെ മികച്ചൊരു ഗാനമാണ് അനിരുദ്ധ് ഒരുക്കിയ ഫിയര്‍ സോങ്ങ് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഒക്കെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജനതാ ഗാരേജ് എന്ന ചിത്രത്തിന്ശേഷം, കൊരട്ടല ശിവയും എൻടിആറും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂർ, സെയ്ഫ് അലി ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണ് എൻടിആറിനൊപ്പമുള്ള ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി മറ്റ് പ്രധാന താരങ്ങളും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നതെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ ആയി സാബു സിറിള്‍, എഡിറ്റർ ആയി ശ്രീകര്‍ പ്രസാദ് എന്നിവരുമാണ് എത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here