സച്ചി​ന്റെ പ്രണയം ഏറ്റെടുത്ത് പ്രേക്ഷകർ : ‘പ്രേമലു’വിന് മികച്ച അഭിപ്രായം

0
265

ടുത്ത കാലത്ത് യുവപ്രേക്ഷകർക്കിടയിൽ വളരെ പ്രതീക്ഷ ജനിപ്പിച്ച ചിത്രമായിരുന്നു ‘പ്രേമലു’. ​മമിത ബൈജുവും നസ്ലിനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായം തന്നെയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഷോ കണ്ട പ്രേക്ഷകരിൽ ഭൂരിഭാഗവും പറയുന്നത് ഇതൊരു പ്രണയവും തമാശയുമൊക്കെ പരിഭവവുമൊക്കെ കോർത്തിണക്കിയ ചിത്രമാണെന്നതാണ്.

കുടുംബപ്രേക്ഷകരും യുവതലമുറയും കുട്ടികളുമൊക്കെ ഏറ്റെടുത്ത തണ്ണീർമത്തൻ ദിനം, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. കോളേജ് പഠനം കഴിഞ്ഞശേഷം യുകെയിൽ പോയി രക്ഷപ്പെടണം എന്ന ആ​ഗ്രഹമുള്ള യുവാവായ സച്ചിനായാണ് നസ്ലിൻ എത്തുന്നത്. ഹെെദരാബാദിൽ എത്തുന്ന അവ​ന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പെൺകുട്ടി എത്തുകയാണ്. അവളോട് തോന്നുന്ന പ്രണയവും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം. റീനുവെന്ന കഥാപാത്രമായി മമിതയാണ് വേഷമിട്ടിരിക്കുന്നത്.

പഠിക്കാൻ വേണ്ടി അന്യസംസ്ഥാനങ്ങളിലെത്തിച്ചേരുന്ന യുവതലമുറ നേരിടുന്ന പ്രശ്നങ്ങളെ തമാശചാലിച്ച് പറയുകയാണ് ചിത്രത്തിൽ. അന്യദേശത്ത് എത്തിപ്പെടുമ്പോൾ മലയാളികൾ തമ്മിൽ പരസ്പരമുണ്ടാകാറുള്ള ബന്ധവും സംവിധായകൻ ചിത്രത്തിൽ ഭം​ഗിയായി അവതരിപ്പിച്ചിട്ടുണ്ട്. പ്രണയത്തിനൊപ്പം സൗഹൃദവും ചിത്രത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സിറ്റുവേഷണൽ കോമഡി കൊണ്ടും സമ്പന്നമാണ് പ്രേമലു. നസ്ലിനും മമിതയും തങ്ങളുടെ വേഷം വളരെ ഭം​ഗിയായി ചെയ്തിട്ടുണ്ട്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ശ്യാം മോഹന്‍ അവതരിപ്പിച്ച് ആദി എന്ന കഥാപാത്രത്തിന് ചിത്രത്തിലുടനീളം കെെയടിയും ലഭിക്കുന്നുണ്ട്.

വിഷ്ണു വിജയ് ഒരുക്കിയ സം​ഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. പശ്ചാത്തല സം​ഗീതവും ​ഗാനങ്ങളും മികച്ച അഭിപ്രായമാണ് നേടിയത്. ഒരിടവേളയ്ക്ക് ശേഷം കെ ജി മാർക്കോസ് ​ഗാനം ആലപിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രേമലുവിനുണ്ട്. സുഹൈല്‍ കോയയുടെ രചനയിൽ മാർക്കോസ് പാടിയ ‘തെലങ്കാന ബൊമ്മലു’ എന്ന ഗാനം ചിത്രമെത്തുന്നതിനുമുന്നേ മുന്നെ ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അജ്മല്‍ സാബുവാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. ആകാശ് ജോസഫ് വര്‍ഗീസ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here