‘മണിച്ചിത്രത്താഴ്’ കണ്ടത് 50 തവണ, രാജ്യത്തിന്റെ അഭിമാനമാണ് മോഹൻലാൽ സർ’ : ചിത്രത്തിനെ പുകഴ്ത്ത് തമിഴ് സംവിധായകൻ

0
69

രുപക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ പ്രേക്ഷകർ കണ്ടിരുന്ന സിനിമകളിൽ ഒന്നായിരിക്കും ‘മണിച്ചിത്രത്താഴ്’. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് ടെലികാസ്റ്റ് ചെയ്യുമ്പോൾ കാത്തിരുന്ന് കാണുന്നവരാണ് ഓരോ മലയാളിയും. എന്നാൽ മലയാളികൾ മാത്രമല്ല തമിഴകത്തും മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന് ആരാധകർ ഉണ്ടെന്നതിന് തെളിവിപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകൻ സെൽവരാഘവൻ ആണ് മണിച്ചിത്രത്താഴ് സിനിമയെ പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുന്നത്.

‘മണിച്ചിത്രത്താഴ്’ ഏകദേശം അൻപത് തവണയെങ്കിലും താൻ കണ്ടിട്ടുണ്ടെന്നും, മോഹൻലാൽ എന്ന നടൻ രാജ്യത്തിന് അഭിമാനമാണെന്നും സെൽവരാഘവൻ കുറിക്കുകയുണ്ടായി. തന്റെ ട്വിറ്റർപേജിലൂടെ ആയിരുന്നു സംവിധായകൻ പ്രശംസ അറിയിച്ചത്. “മണിച്ചിത്രത്താഴ്, ഒരു അൻപത് തവണയെങ്കിലും ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസിൽ സാറിന്റെ ഒരു ക്ലാസിക് സിനിമ ആണത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്കാരവും കിട്ടിയിരുന്നു. രാജ്യത്തിന്റെ അഭിമാനമാണ് മോഹൻലാൽ സർ”, എന്നാണ് സെൽവരാഘവൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചത്.

സെൽവരാഘവന്റെ പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. പ്രത്യേകിച്ച് മലയാളികൾ. ഏതൊക്കെ ഭാഷകളിൽ റീമേക്ക് ചെയ്താലും, ചിത്രത്തിന് തുടർ ഭാ​ഗങ്ങൾ വന്നാലും മലയാളം മണിച്ചിത്രത്താഴിന്റെ തട്ട് താണുതന്നെ ഇരിക്കും എന്നാണ് ആരാധകർ കമ​ന്റിൽ പറയുന്നത്. ഒപ്പം തമിഴിനെക്കാൾ തങ്ങൾക്ക് ഇഷ്ടം മലയാളം സിനിമ ആണെന്ന് പറയുന്ന തമിഴ്നാട്ടുകാരും ഇക്കൂട്ടത്തിൽ ഉണ്ട് എന്നതും മറ്റൊരു ശ്രദ്ധേയ കാര്യമാണ്.

1993 – ൽ ആണ് ഫാസിലിന്റെ സംവിധാനത്തിൽ മണിച്ചിത്രത്താഴ് എന്ന സിനിമ പ്ര​ദർശനത്തിന് എത്തിയത്. ഡോക്ടർ സണ്ണി എന്ന കഥാപാത്രമായി മോഹൻലാൽ സിനിമയിൽ എത്തിയപ്പോൾ നകുലൻ എന്ന സുഹൃത്തായി സുരേഷ് ​ഗോപിയും, നകുല​ന്റെ ഭാര്യ ​ഗം​ഗയായും നാഗവല്ലിയായും ശോഭനയും സ്ക്രീനിൽ തകർത്ത് അഭിനയിച്ചിരുന്നു. തിലകൻ, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ്, കെപിഎസി ലളിത, സുധീഷ്, കുതിരവട്ടം പപ്പു, ​ഗണേഷ് കുമാർ, ശ്രീധർ, രുദ്ര തുടങ്ങി നിരവധി താരങ്ങളും മണിച്ചിത്രത്താഴ് സിനിമയിൽ അണിനിരന്നിരുന്നു. അതേസമയം, ഇനി എത്രയൊക്കെ സിനിമകൾ വന്നാലും മണിച്ചിത്രത്താഴ് എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി തുടരും. ചിത്രത്തിന് തമിഴിലുള്ള റീമേക്ക് ആയിരുന്നു രജനീകാന്ത് നയൻതാര, പ്രഭു എന്നിവരൊക്കെ അണിനിരന്ന ചന്ദ്രമുഖി എന്ന ചിത്രം. പിന്നീട് ഇതിന് മറ്റ് തുടർഭാ​ഗങ്ങൾ വന്നിരുന്നു. ഹിന്ദി റീമേക്ക് ഭൂൽ ഭൂലയ്യ ആയിരുന്നു. ഇതിനും തുടർഭാ​ഗങ്ങൾ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here