ബോക്സോഫീസ് പടികൾ കയറി ടൊവിനോയുടെ ‘നടികർ’

0
122

ടൊവിനോ തോമസ് നായകനായി ലാൽ ജൂനിയർ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ‘നടികർ’. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങൾ തന്നെയാണ് ചിത്രത്തെകുറിച്ച് ആദ്യ പ്രദർശനം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. ടൊവിനോ തോമസ് എന്ന നടന് ഏറെ അഭിനയസാധ്യതയുള്ള സിനിമയായിരുന്നു ഇതെന്നും, അത് അദ്ദേഹം കൃത്യമായി ഉപയോ​ഗിച്ചു എന്നുമാണ് പ്രേക്ഷകർ പറയുന്നത്. ടൊവിനോ സിനിമയിൽ തകർത്തഭിനയിച്ചു, സിനിമയ്ക്കുള്ളിലെ സിനിമ, ഒട്ടും പ്രതീക്ഷിക്കാത്ത ക്ലെെമാക്സായിരുന്നു എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയും അതിലെ താരങ്ങളുടെയുമൊക്കെ കഥ പറഞ്ഞുപോകുന്ന സിനിമ പ്രേക്ഷകരെ വളരെ ഇമോഷണലായും പിടിച്ചിരുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

സിനിമയുടെ വലിയ ലോകത്തിലേക്ക് മൊത്തത്തില്‍ സിനിമ സെറ്റ് ചെയ്യുന്നതിന് പകരം ഡേവിഡ് പടിക്കല്‍ എന്ന, മലയാള സിനിമയിലെ ഒരു യുവ സൂപ്പര്‍താരത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് നടികർ എന്ന ചിത്രത്തിലൂടെ ലാല്‍ ജൂനിയര്‍. വലിയ പിൻബലമില്ലാതെ ഇല്ലാതെ സ്വന്തം പരിശ്രമത്തിലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് ഡേവിഡ് പടിക്കൽ. സിനിമാലോകത്ത് വൻവിജയമായ അദ്ദേഹത്തി​ന്റെ ചിത്രങ്ങൾ അയാളുടെ തലവര മാറ്റി. പലരും ആ​ഗ്രഹിക്കുന്ന സൂപ്പര്‍സ്റ്റാര്‍ പട്ടം തേടിയെത്തി. പക്ഷെ പിന്നീട് പരാജയത്തിലേക്ക് പോയ അയാളുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിച്ചത്.

ഹണി ബീയും ഡ്രൈവിംഗ് ലൈസന്‍സുമടക്കം മികച്ച ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലാല്‍ ജൂനിയര്‍. സ്റ്റൈലിഷ് ആയി ഫ്രെയിമുകള്‍ തയ്യാറാക്കുന്ന, തിയറ്ററുകളില്‍ സെലിബ്രേഷന്‍ മൂഡ് സൃഷ്ടിക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് അദ്ദേഹം. ഹായ് ഐ ആം ടോണി തുടങ്ങിയ വഴിമാറിനടക്കലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും. നടികറില്‍ എത്തുമ്പോള്‍ കുറേക്കൂടി ഒതുക്കവും ഗൗരവവുമുള്ള സംവിധായകനെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. സെലിബ്രേഷന്‍ മൂഡും സ്റ്റൈലിഷ് ഫ്രെയിമുകളുമൊക്കെ ഇവിടെയുമുണ്ടെങ്കിലും പറയുന്ന കഥയില്‍ നിന്ന് ഒരു മിനിറ്റ് പോലും പ്രേക്ഷകരുടെ ശ്രദ്ധയെ വഴിമാറ്റുന്നില്ല അദ്ദേഹം. ഡേവിഡ് പടിക്കലിന്‍റെ സ്വപ്നതുല്യമായ ജീവിതത്തിലൂടെ കഥ പറയുന്ന പശ്ചാത്തലത്തിലേക്ക് പ്രേക്ഷകരെ നേരിട്ട് എത്തിക്കുകയാണ് ലാൽ ജൂനിയർ.

സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന മാനേജരും ബാലു വര്‍ഗീസ് അവതരിപ്പിക്കുന്ന ഡ്രൈവർ കഥാപാത്രവും സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന ആക്റ്റിംഗ് കോച്ചും മാത്രമാണ് ചിത്രത്തില്‍ ഉടനീളം നീണ്ടുകിടക്കുന്നത്. എന്നാല്‍ അതേസമയംതന്നെ മറ്റ് കഥാപാത്രങ്ങളുടെ കാസ്റ്റിംഗും ചിത്രത്തില്‍ നന്നായിത്തന്നെ വന്നിട്ടുണ്ട്.

രഞ്ജിത്ത് അവതരിപ്പിക്കുന്ന സീനിയര്‍ സംവിധായകനും അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന സീനിയര്‍ നടനുമൊക്കെ മികച്ച കാസ്റ്റിംഗ് തന്നെയാണ്. പ്രത്യേകിച്ച് രഞ്ജിത്ത് അവതരിപ്പിച്ച, ലൊക്കേഷനില്‍ കുറച്ച് ടെറര്‍ ആയ സംവിധായകന്‍. സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, രഞ്ജിത്ത്, അനൂപ് മേനോന്‍ എന്നിങ്ങനെ ഒരുമിച്ച് അങ്ങനെ കണ്ടിട്ടില്ലാത്ത താരങ്ങളെ ബിഗ് സ്ക്രീനില്‍ ഒരുമിച്ച് കാണുന്നതിന്‍റെ ഫ്രെഷ്നസ് കൂടി നടികറിന് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here