ഏവർക്കും പ്രചോദനമാകുന്ന ചടങ്ങു നടത്തി കയ്യടി നേടി അംബാനി കുടുംബം

0
52

ഘോഷങ്ങളുടെയും ആഡംബരത്തിന്റെയും കഥകൾ മാത്രമാണ് ഇതുവരെയും ആനന്ദ് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകൾക്ക് പറയാനുണ്ടായിരുന്നത്. എന്നാൽ ഇത്തവണ അംബാനി കുടുംബം ഒന്നാകെ ഞെട്ടിച്ചു കളഞ്ഞു. ഓരോന്നിന്റെയും വിശേഷങ്ങളും പുരോഗതികളും മറ്റുള്ളവരിലേക്ക് പങ്ക് വക്കാൻ മാധ്യമങ്ങൾ തിരക്കുകൂട്ടുമ്പോൾ, തന്റെ ഇളയ മകന്റെ വിവാഹ ചടങ്ങുകൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനി . ചിലവഴിച്ച പണത്തിന്റെയോ ആഡംബരത്തിന്റെയോ കണക്കുകൾ അപ്പുറം ആർക്കും പ്രചോദനമാവുന്ന ഒരു ചടങ്ങ് നടത്തിയാണ് ഇക്കുറി മുകേഷ് അംബാനിയും കുടുംബവും കൈയ്യടി നേടുന്നത്. ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുൻപായി നൂറ് സാധാരണക്കാരുടെ സ്വപ്‌നങ്ങൾക്ക് നിറം പകർന്നിരിക്കുകയാണ് അംബാനി കുടുംബം.

നിരാലംബരായ അൻപത് ദമ്പതികളുടെ വിവാഹമാണ് അംബാനി കുടുംബം ഏറ്റെടുത്ത് നടത്തിയത്. നവി മുംബൈയിലുള്ള റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കില്‍ നടന്ന സമൂഹ വിവാഹത്തില്‍ പാല്‍ഘര്‍ മേഖലയിൽ നിന്നുള്ള 50 ദമ്പതികള്‍ക്കാണ് പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പ് നടത്തി കൊടുക്കാൻ അംബാനിമാർ ചുക്കാൻ പിടിച്ചത്. മുകേഷ് അംബാനിക്ക് പുറമെ ഭാര്യ നിത അംബാനി, ആകാശ് അംബാനി, ശ്ലോക അംബാനി, ഇഷ അംബാനി, ആനന്ദ് പിരാമല്‍ തുടങ്ങി കുടുംബത്തിലെ അംഗങ്ങളിൽ ഭൂരിഭാഗവും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി എത്തിയെന്നതും മറ്റൊരു പ്രത്യേകതയാണ്. ആർസിപിയിൽ ഒരുക്കിയ വലിയ വിവാഹ വേദിയിൽ വച്ച് നടന്ന ചടങ്ങുകൾക്ക് മുകേഷ് അംബാനി തന്നെയാണ് നേതൃത്വം നൽകിയത്.

കേവലം വിവാഹ ചടങ്ങുകൾ നടത്തികൊടുക്കുക എന്നതിലുപരി ദമ്പതികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങളും വരെ നൽകിയാണ് ചടങ്ങുകൾ അംബാനി നടത്തിയത്. മംഗളസൂത്രം, വിവാഹ മോതിരം, മൂക്കുത്തികള്‍ എന്നിവയുള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങളും കാല്‍വിരലുകള്‍, കണങ്കാല്‍ എന്നിവിടങ്ങളില്‍ അണിയാന്‍ വെള്ളി ആഭരണങ്ങളും ഇവർക്കായി സമ്മാനിക്കുകയും ചെയ്‌തു.

തീർന്നില്ല, ഇവർക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും സമ്മാനിക്കാനും അംബാനി കുടുംബം മറന്നില്ല. പാത്രങ്ങള്‍, ഗ്യാസ് സ്‌റ്റൗ, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, മെത്ത, തലയിണ എന്നിങ്ങനെ മുപ്പത്തിയാറിൽ അധികം വസ്‌തുക്കൾ അടങ്ങിയ കിറ്റാണ് ഇവർക്ക് നൽകിയത്. ഒപ്പം ഓരോ വധുവിനും 1.01 ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഏകദേശം എണ്ണൂറിൽ അധികം ആളുകള്‍ ഈ സമൂഹ വിവാഹത്തില്‍ പങ്കെടുത്തുവെന്നാണ് കണക്കുകൾ. ചടങ്ങിനുശേഷം അതിഥികള്‍ക്കായി വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു. ആനന്ദ് അംബാനിയുടെയും, രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് മുകേഷ് അംബാനി ഈ ചടങ്ങ് സംഘടിപ്പിച്ചത്.

ജൂലൈ 12നാണ് നാട് കാത്തിരിക്കുന്ന ഇവരുടെ വിവാഹം. എന്നാൽ ജൂണ്‍ 29ന് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയില്‍ വച്ച് നടന്ന ചടങ്ങുകളോടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായിരുന്നു. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററാണ് വിവാഹവേദി. സിനിമാ, രാഷ്ട്രീയ, കായിക, വാണിജ്യ മേഖലയിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here