‘നല്ലൊരു വിഷയത്തെ അവർ ഒരു മധ്യവയസ്‌ക്കന്റെ കാമപ്രാന്തൊക്കെ ആയി, വളരെ നിലവാരം കുറഞ്ഞൊരു സിനിമയാക്കിക്കളഞ്ഞു’ : മുഷ്‌താഖ്‌ റഹ്മാൻ

0
319

നിഷാദ് കോയ തന്നെ ചതിച്ചു ചെയ്ത സിനിമയാണ് മധുരനാരങ്ങ എന്നാണ് സംവിധായകൻ മുഷ്താഖ് റഹ്മാൻ പറഞ്ഞത്. ഈ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത്. നിഷാദ് കോയയ്ക്കെതിരെ ആർപ്പ് എന്ന മുഷ്താഖിന്റെ സിനിമയുടെ സംവിധായകൻ കേസ് നൽകിയിരുന്നു. എന്നാൽ, ആ കേസ് തങ്ങൾക്കു പ്രതികൂലമായി വന്നെന്നും അത് തനിക്ക് പറ്റിയ ചെറിയൊരു തെറ്റിന്റെ പേരിൽ ആണെന്നും മുഷ്താക്ക് പറഞ്ഞു. കൂടാതെ വലിയൊരു പ്രധാനപ്പെട്ട വിഷയം സംസാരിച്ച ആർപ്പ് എന്ന സിനിമയിൽ നിന്നും കഥ എടുത്തിട്ട് വളരെ നിലവാരം കുറഞ്ഞ കഥയുള്ള സിനിമയിലേക്ക് അവർ എത്തിച്ചെന്നും മുഷ്താഖ് ആരോപിക്കുന്നുണ്ട്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

മുഷ്താഖി​ന്റെ വാക്കുകൾ…

‘നിഷാദ് കോയയുമായുള്ള പ്രശ്നങ്ങളിൽ എനിക്കൊരു മിസ്റ്റേക്ക് പറ്റിയിരുന്നു. സലാം കോട്ടക്കലും ആർപ്പ് സിനിമയുടെ പ്രൊഡ്യൂസറും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അപ്പോൾ ഞാൻ വിചാരിച്ചത് അദ്ദേഹം കൂടി അറിഞ്ഞുകൊണ്ടാണ് ഈ സിനിമ കൊടുത്തത് എന്നായിരുന്നു. ഞാൻ പിന്നെ അതിലേക്കൊന്നും പോയില്ല. അതൊക്കെ നഷ്ട്ടപ്പെട്ടു എന്നു പറഞ്ഞിരിക്കുമ്പോളാണ് 2016 ൽ ഈ സിനിമ റീലീസാവുന്നത്. ഒരു പെരുന്നാൾ സമയത്ത്. അപ്പോൾ ഈ പ്രൊഡ്യൂസറിന്റെ മകളുടെ കല്യാണമാണ്. അന്ന് കല്യാണത്തിന് വന്നവരിൽ പലരും അദ്ദേഹത്തിന്റെ അടുത്തുവന്നു സിനിമ നന്നായിട്ടുണ്ടെന്നും പറഞ്ഞു. അത് അദ്ദേഹത്തിന് മനസിലായില്ല. ഒരാളെ മാറ്റിനിർത്തി ചോദിച്ചപ്പോഴാണ് മധുരനാരങ്ങ എന്ന സിനിമയെപ്പറ്റി പറയുന്നത്. അദ്ദേഹം ഞെട്ടിപ്പോയി. അന്നുരാത്രിതന്നെ അദ്ദേഹം എന്നെ വിളിച്ചുചോദിച്ചു. ഞാൻ പറഞ്ഞു അദ്ദേഹത്തിനറിയാം എന്ന് വിചാരിച്ചിട്ടാണ് പറയാതിരുന്നത് എന്ന്. അന്നദ്ദേഹം എന്നെ കുറെ ചീത്ത പറഞ്ഞു. എന്നിട്ടു പറഞ്ഞു, ഇത് പറ്റില്ല, നമ്മളെ ചതിച്ചു കൊണ്ടുപോയതാണ് എന്ന്. സ്ക്രിപ്റ്റ് റൈറ്ററും അദ്ദേഹത്തെ അറിയിച്ചിരുന്നില്ല.

കേസിനു പോയശേഷം നിഷാദ് കോയ പ്രൊഡ്യൂസറെ നിരവധി തവണ വിളിച്ചിരുന്നു കേസിനു പോകരുത് എന്നുപറഞ്ഞിട്ട്. കാരണം മധുരനാരങ്ങയുടെ നിർമ്മാതാക്കൾ പല തവണ ചോദിച്ചിരുന്നു ഈ സിനിമയുടെ നിർമ്മാതാവിന്റെ കയ്യിൽ നിന്നും അനുവാദം വാങ്ങിയിരുന്നോ എന്ന്, അപ്പോളദ്ദേഹം ഉണ്ട് എന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ സിനിമ നിന്നുപോയാൽ വലിയ പ്രശ്നമാകും എന്നൊക്കെ നിഷാദ് കോയ പറഞ്ഞിരുന്നു. കേസിനു പോയപ്പോൾ കോടതി ചോദിച്ച എല്ലാ തെളിവുകളും കൊടുത്തു, കേസ് സ്വീകരിച്ചശേഷം കോടതി പറഞ്ഞു അമിക്യസ്ക്യൂറിക്ക് സിനിമ കാണാൻ വേണ്ടി പണം കെട്ടിവെ കേസ് നമ്മൾക്ക് പ്രതികൂലമായി. കാരണം ആർപ്പ് ഞങ്ങൾ സെൻസർ ചെയ്തിട്ടുണ്ടായിരുന്നില്ല. അപ്പോൾ ആർപ്പ് ഞങ്ങളുടെ സിനിമയാണെന്ന് കോടതിക്ക് പറയ്യാൻ പറ്റില്ല.

അതിലെ മറ്റൊരു കാര്യമെന്തെന്നാൽ, ഞാൻ ഷാർജയിൽ നിൽക്കുന്ന സ്ഥലത്തുനിന്നും തൊട്ടടുത്തുള്ള സ്ഥലത്താണ് അതെല്ലാം ഷൂട്ടുചെയ്തത്. എന്റെ മനസ്സിൽ ആർപ്പിലെ നായകൻ താമസിക്കുന്ന അതെ പോലത്തെ സ്ഥലം തന്നെയാണ് അവർ തെരഞ്ഞെടുത്തതും, അതുകണ്ടപ്പോൾ എനിക്ക് സന്തോഷമായി, കാരണം അതിനുവേണ്ടി അവർ വലിയ വാടക ഒക്കെ കൊടുത്തു അതെടുത്തു. ആർപ്പ് സംസാരിച്ചത് വലിയൊരു വിഷയമായിരുന്നു. ആ വിഷയത്തിനെ ഇവർ കൊണ്ടുപോയിട്ട് ഒരു മധ്യവയസ്‌ക്കന്റെ കാമപ്രാന്തൊക്കെ ആയിട്ട് വളരെ നിലവാരം കുറഞ്ഞൊരു സിനിമയാക്കിക്കളഞ്ഞു. ആ സിനിമയുടെ കാമ്പ് എടുത്തിട്ട് വളരെ മൂന്നാംകിട സാധനങ്ങൾ ചേർത്തിട്ട് ആ സിനിമയെ നശിപ്പിച്ചുകളഞ്ഞു.’

LEAVE A REPLY

Please enter your comment!
Please enter your name here