സിനിമ സ്വപ്നം കണ്ട് എവിടെയുമെത്താതെപോയ രാജീവിനും പറയാനുണ്ടേറെ : മൂവി വേൾഡ് മീഡിയയുമായി സംസാരിക്കുന്നു

0
217

ഡിജോ ജോസ് ആ​ന്റണിയുടെ സിനിമ ‘മലയാളി ഫ്രം ഇന്ത്യ’യുടെ കഥ മോഷ്ടിച്ച കഥയാണെന്ന നിഷാദ് കോയയുടെ ആരോപണം വ്യാജമാണെന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പ്രസ്മീറ്റിൽ തെളിഞ്ഞിരുന്നു. സിനിമാ നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം മലയാളി ഫ്രം ഇന്ത്യയുടെ കഥയുമായി കൂടുതൽ സാമ്യമുള്ള ഒരു തിരക്കഥ 2014 കാലഘട്ടത്തിൽ പ്രജിത് എന്ന സംവിധാകന് വേണ്ടി നവാ​ഗത എഴുത്തുകാരനായ രാജീവ് എഴുതിയിരുന്നെന്നും, അതിലെ പല കാര്യങ്ങളും മലയാളി ഫ്രം ഇന്ത്യയുമായി ഒരുപാട് സാമ്യമുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. സിനിമയുടെ ചർച്ചകൾ ദിലീപി​ന്റെ അടുത്തുവരെ എത്തിയെങ്കിലും നിർഭാ​ഗ്യവശാൽ ആ സിനിമ നടന്നില്ല, അദ്ദേഹം സിനിമയിലെത്തിയതുമില്ല. ഇന്നലെമുതൽ മാധ്യമങ്ങൾ തിരഞ്ഞ ആ എഴുത്തുകാരൻ മൂവി വേൾഡ് മീഡിയയുമായി സംസാരിക്കുകയാണ്. അങ്ങനൊരു സിനിമക്ക് കഥയെഴുതാനുണ്ടായ സാഹചര്യമാണ് രാജീവ് മൂവി വേൾഡ് മീഡിയയുമായി പങ്കുവെക്കുന്നത്.

രാജീവി​ന്റെ വാക്കുകൾ…

”ഞാൻ ബഹറൈനിലായിരുന്നു, 2007 ൽ പോയി. അവിടെ എന്റെ റൂമിൽ മുഹമ്മദ് അസ്‌കർ എന്നൊരു പാകിസ്താനി ആയിരുന്നു ഉണ്ടായിരുന്നത്. 2011 ൽ ഞാൻ തിരിച്ചുവന്നു. വന്നതിനു ശേഷമാണ് ഞാൻ ഈ കഥ ഡെവലപ് ചെയ്യുന്നത്. 2013 ഡിസംബറിൽ വടക്കൻ സെൽഫിയുടെ ഡയറക്ടർ പ്രജിത്തേട്ടനോട് ഞാൻ കഥ പോയി പറഞ്ഞു. കഥ കേട്ടപ്പോൾ നല്ല സാധനമാണ് എഴുതിനോക്കാൻ പറഞ്ഞു. 2014 ഏപ്രിലിൽ അതിന്റെ ഫസ്റ്റ് ഹാഫ് പൂർത്തിയാക്കിയിട്ട് ഞാൻ പ്രജിത്തേട്ടന് കൊടുത്തു. അദ്ദേഹത്തിനത് ഇഷ്ടമായി. ആ സമയത്തു വടക്കൻ സെൽഫിയുടെ എഴുത്തു നടക്കുകയാണ്. സെൽഫി കഴിഞ്ഞിട്ട് ഇത് ചെയ്യാമെന്ന നിലപാടിലായിരുന്നു.

അങ്ങനെ സെൽഫി ഇറങ്ങിയതിനു ശേഷം 2015 ലാണ് നിർമ്മാതാവ് രഞ്ജിത്തേട്ടന്റെ അടുത്ത് പോകുന്നത്. അദ്ദേഹത്തിനും ഇഷ്ടമായി, അങ്ങനെ അഡ്വാൻസ് തന്നു, പടം ലോക്ക് ചെയ്തു. പിന്നെ ആ സ്ക്രിപ്റ്റിന്റെ അവസാന പണികൾ കഴിയുന്നത് 2018 ലാണ്. അപ്പോഴാണ് ദിലീപേട്ടന്റെ അടുത്ത് ചെല്ലുന്നത്. അദ്ദേഹം തിരക്കഥ മുഴുവൻ വായിച്ചു. അദ്ദേഹം ഓക്കെ എന്നൊക്കെ പറഞ്ഞ, ചാർട്ട് ചെയ്തതാണ്. പക്ഷെ നീണ്ടുപോയി പടം സംഭവിച്ചില്ല.

എന്റെ ജീവിതവുമായി ആ കഥയ്ക്ക് സാമ്യമുണ്ട്. ഞാൻ ആ പാകിസ്താനിയുമായി റൂം ഷെയർ ചെയ്ത കഥ. നമ്മൾ എഴുതിയ പോലെയോ, അല്ലെങ്കിൽ സിനിമയിൽ കാണുന്ന പോലെയോ അല്ല ശരിക്കും പാകിസ്ഥാനികൾ. അവർക്കു അവരുടേതായ കാഴ്ചപ്പാടും രീതിയുമൊക്കെ ഉണ്ട്. ചെന്ന സമയത്തു ഞങ്ങൾ അധികം സംസാരിക്കാറില്ലായിരുന്നു. ഒരു മുറിയുടെ രണ്ടറ്റത്തായിരുന്നു ഞങ്ങൾ. ഒരുമിച്ചാണ് വർക്കിന്‌ പോകുന്നത്. എനിക്കധികം ഹിന്ദി അറിയാത്തതുകൊണ്ട് അധികം സംസാരം ഇല്ലായിരുന്നു. പതിയെ ആണ് ഞങ്ങൾ അടുത്തത്. പിന്നെ അവിടെ സൈറ്റിൽ ഒരുപാട് നോർത്തിന്ത്യൻസ് ഉണ്ടാകും. പക്ഷെ അവർ പറയുന്ന ഹിന്ദി എനിക്ക് മനസിലാവില്ല, അസ്‌കർ പറയുന്ന ഹിന്ദി മാത്രമേ എനിക്ക് മാനസിലാവുകയുള്ളു. അങ്ങനെ ഇന്ത്യക്കാരായ ഞങ്ങൾ സംസാരിക്കണമെങ്കിൽ എനിക്ക് അവൻ വേണമായിരുന്നു. പിന്നെ ഒരു മൂന്നു വർഷത്തിന് ശേഷം ഞാൻ തിരിച്ചുപോന്നു. ഒന്നരവർഷത്തോളം മാസത്തിൽ ഒരിക്കലെങ്കിലും അസ്‌ക്കാർ എന്നെ വിളിക്കുമായിരുന്നു. പിന്നെ സിം നഷ്ടമായിപ്പോയപ്പോ ആ ബന്ധവും അങ് പോയി. അന്ന് അവിടുന്ന് പോന്നത് സിനിമ ചെയ്യാനുള്ള ആഗ്രഹത്തിന്റെ മുകളിലാണ്. സിനിമയിൽ രക്ഷപ്പെടുമോ എന്നൊക്കെ അവൻ ചോദിച്ചിരുന്നു. അറിയില്ല നോക്കാമെന്നാണ് പറഞ്ഞത്. പക്ഷെ ഈ ഇന്ത്യ പാകിസ്ഥാൻ കഥയൊന്നും അന്ന് മനസ്സിൽ ഇല്ലായിരുന്നു. വന്നതും ഇക്കാര്യങ്ങൾ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോളാണ് അതിലൊരു സിനിമയുണ്ട് ചെയ്ത് നോക്ക് എന്നൊക്കെ പറഞ്ഞത്. സിനിമ കോളേജ് കാലം മുതലേ എന്റെ സ്വപ്നമായിരുന്നു. ഇന്റീരിയർ ഡിസൈനിങ് ആർടിസ്റ്റായാണ് ഞാൻ ഗൾഫിലേക്ക് പോയത് . ഞാൻ എഴുതിയ സ്ക്രിപ്റ്റിലും അങ്ങനെയൊക്കെ തന്നെയാണ് കഥാപാത്രം. അസ്‌കർ എന്റെ ഹെൽപറുമായിരുന്നു.”

LEAVE A REPLY

Please enter your comment!
Please enter your name here