25 ദിവസങ്ങള്‍ക്കൊണ്ട് 160 കോടി; ‘2018’ ബോക്സ് ഓഫീസ് വിജയഗാഥ തുടരുന്നു

0
151

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളത്തിലെ തിയേറ്ററുകള്‍ക്ക് ആവേശം നല്‍കി കൊണ്ട് ബോക്സ് ഓഫീസ് വിജയഗാഥ തുടരുകയാണ്. ഏറ്റവും വേഗത്തില്‍ നൂറുകോടി ക്ലബ്ബില്‍ ഇടം നേടി പുലിമുരുകന്റെ റെക്കോര്‍ഡിനെ മറികടന്ന ചിത്രം 22 ദിവസങ്ങള്‍കൊണ്ട് 150 കോടി കളക്ഷന്‍ നേടിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ 25 ദിവസങ്ങള്‍ക്കൊണ്ട് ചിത്രം 160 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. നിലവിലുള്ള പല റെക്കോര്‍ഡുകളും തകര്‍ത്താണ് ചിത്രത്തിന്റെ കുതിപ്പ്.

അതേസമയം, ഭാഷാതീതമായ സ്വീകാര്യത കൊണ്ടും ചിത്രം ജൈത്രയാത്ര തുടരുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ റിലീസ് ചെയ്തിരുന്നു. ഭേദപ്പെട്ട സ്‌ക്രീന്‍ കൗണ്ടോടെയാണ് ചിത്രം ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യയിലും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈക്കൂട്ടത്തില്‍ തെലുങ്ക് പതിപ്പാണ് ഏറ്റവും മികച്ച പ്രതികരണം നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിനത്തില്‍ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത് 1.01 കോടിയാണ്.

മൂന്നുദിവസം കൊണ്ട് ചിത്രം നേടിയത് 4.5 കോടി രൂപയും. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് അപൂര്‍വ്വ നേട്ടമാണിത്. തെലുങ്ക് പതിപ്പിന്റെ ഹൈദരാബാദില്‍ സംഘടിപ്പിച്ച വിജയാഘോഷത്തിലും തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലും പങ്കെടുക്കാന്‍ ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി, ജൂഡ് ആന്തണി ജോസഫ്, നരെയ്ന്‍, സുധീഷ് എന്നിവര്‍ എത്തിയിരുന്നു. മനുഷ്യ മനസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിപ്പെടുത്തി ആ കാലഘട്ടത്തെ 2018 എന്ന പേരില്‍ ജൂഡ് ആന്റണി ജോസഫ് സിനിമയാക്കിയപ്പോള്‍ സംഭവിച്ചത് ഒരു മഹാത്ഭുതമായിരുന്നു.

നമ്മള്‍ നേരിട്ട് കണ്ട ദുരിതാശ്വാസ ക്യാമ്പുകള്‍, നമുക്ക് മുന്‍പില്‍ വച്ച് തകര്‍ന്നുപോയ വീടുകള്‍, ജീവന്‍ നഷ്ടപ്പെട്ട മനുഷ്യര്‍, ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി നെട്ടോട്ടമോടുന്ന ജനത അവരുടെയെല്ലാം കഥകളെ അഖില്‍ പി ധര്‍മ്മജനും ജൂഡ് ആന്റണിയും ചേര്‍ന്ന് പരിവര്‍ത്തനം ചെയ്തപ്പോള്‍ അതൊരു മറക്കാനാവാത്ത ഓര്‍മ്മയായി സിനിമ കണ്ടിറങ്ങിയ മനുഷ്യരില്‍ അടയാളപ്പെട്ടിട്ടുണ്ട്.

ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് കളക്ഷനിലേയ്ക്കാണ് ചിത്രം എത്തിയത്. കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ബോര്‍ഡുകളും ഷോകളുമാണ് ചിത്രത്തിനുള്ളത്. ചിത്രത്തിന് വന്നിരിക്കുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ മൂലം അര്‍ദ്ധ രാത്രി സ്‌പെഷ്യല്‍ ഷോകളും ആരംഭിച്ചിരുന്നു.ഒറ്റ ദിവസം കൊണ്ട് തന്നെ വാമൊഴിയായി മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. വലിയ രീതിയിലുള്ള പ്രൊമോഷനുകള്‍ പോലും ഇല്ലാതെയാണ് ‘2018’ എന്ന ഈ ചിത്രത്തിന് ഒറ്റ ദിവസം കൊണ്ട് ഈ അവിശ്വസനീയ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി എന്നിവര്‍ ചിത്രത്തിന്റെ ഭാഗമായി. യാതൊരുവിധത്തിലുള്ള അനാവശ്യ ചേരുവകളും ഇല്ലാതെയുള്ള ഒരു പച്ചയായ ദൃശ്യാവിഷ്‌കാരം തന്നെയാണ് ‘2018’. ജൂഡ് ആന്റണിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം തന്നെയാണ് ഇത്.

 

LEAVE A REPLY

Please enter your comment!
Please enter your name here