നിങ്ങൾ കേഡിയോ റൗഡിയോ ആണോ..?; ‘ആക്ഷൻ ഹീറോ ബിജു 2 ‘കാസ്റ്റിംഗ് കോൾ

0
171

നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലെത്തി തിയേറ്ററുകളില്‍ ഹിറ്റടിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹിറോ ബിജു. 1983ക്ക് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒരുമിച്ച ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു. എസ്.ഐ ബിജു പൗലോസ് ആയി നിവിന്‍ പോളി തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലായിരുന്നു ചിത്രം വരുമെന്ന് പ്രഖ്യാപിച്ചത്.

ആക്ഷന്‍ഹീറോ ബിജു 2 വരുന്നതിന്റെ മുന്നോടിയായി ഓഡിഷന്‍ ആരംഭിച്ച വാര്‍ത്തയും പുറത്ത് വന്നിരുന്നു.ചിത്രത്തിനായുള്ള ഒരു ഓപ്പണ്‍ ഓഡിഷനാണ് നേരത്തെ സംഘടിപ്പിച്ചത്. ഇപ്പോഴിതാ വ്യത്യസ്തവും കൗതുകവും നിറഞ്ഞ ഒരു പുതിയ കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിവിന്‍ പോളിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് കാസ്റ്റിംഗ് കോളിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

‘വെള്ളിവെളിച്ചത്തില്‍ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവര്‍ ചിത്രങ്ങള്‍ സഹിതം ബന്ധപ്പെടുക’ എന്നാണ് കാസ്റ്റിംഗ് കോളില്‍ അറിയിച്ചിരിക്കുന്നത്. അതിനു ചുവടെ ബിജു പൗലോസിന്റെ ഒപ്പും പതിപ്പിച്ചിട്ടുണ്ട്. ഇരുപതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ [email protected] എന്ന മെയില്‍ ഐഡിയിലും ഇരുപതിനും അന്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ [email protected] എന്ന മെയില്‍ ഐഡിയിലുമാണ് വിവരങ്ങള്‍ പങ്കുവെക്കേണ്ടത്.

അതേസമയം, പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവിധ തരത്തിലുള്ള പരാതികളും ചെറിയതും പ്രധാനപ്പെട്ടതുമായ കേസുകളും കൈകാര്യം ചെയ്യുന്ന എസ്ഐ ബിജു പൗലോസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ചുറ്റിപ്പറ്റിയതായിരുന്നു ആദ്യ ഭാഗം. സംവിധായകന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളിയെക്കൂടാതെ ജോജു ജോര്‍ജും സിനിമയില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

നിരവധി പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു ആക്ഷന്‍ഹീറോ ബിജു. നിവിന്‍ പോളി, ഷിബു തെക്കുംപുറം, എബ്രിഡ് ഷൈന്‍ എന്നിവരായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഹാസ്യത്തിലൂടെ സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടിയ സിനിമ കൂടിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 2016 ഫെബ്രുവരി 4നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അനു ഇമ്മാനുവേല്‍ ആയിരുന്നു നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങിയവാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here