നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു

0
3244

നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ  സ്വകാര്യ  ആശുപത്രിയില്‍ രാത്രി 10 30ഓടെയാണ് അന്ത്യം. നാളെ രാവിലെ 8 മണി മുതൽ 11 വരെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും.

രണ്ടാഴ്ചയായി ക്യാന്‍സര്‍ സംബന്ധമായ ചികിത്സയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമായത്. എക്‌മോ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

അര്‍ബുദത്തോട് പടപൊരുതി, അതിജീവിച്ച് ജീവിതത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസന്റ്. ക്യാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തികൊണ്ട് നേരിട്ട താരം മറ്റുള്ളവര്‍ക്കെല്ലാം ഒരു പ്രചോദനമാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു.

1948 മാര്‍ച്ച് 4 ന് തെക്കേത്തല വറീതിന്റെയും, മാര്‍ഗരീത്തയുടെയും മകനായി തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. എട്ടാം തരത്തില്‍ പഠനം അവസാനിപ്പിച്ച അദ്ദേഹം സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് ആയാണ് സിനിമയില്‍ പ്രവേശിക്കുന്നത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ചില സിനിമകിളില്‍ ചെറിയ വേഷങ്ങളും കൈകാര്യം ചെയ്തു.

1972 ല്‍ ഇറങ്ങിയ നൃത്തശാലയായിലൂടെയാണ് നടനെന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ജീസസ്, നെല്ല്, രണ്ടു പെണ്‍കുട്ടികള്‍, വാടക വീട് തുടങ്ങിയ ചില സിനിമകളിലും വേഷമിട്ടു. അക്കാലത്ത് തന്നെ ബിസിനസിലും അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ ആരംഭിച്ച തീപ്പെട്ടി കമ്പനിയാണ് ആദ്യസംരംഭം. ബിസിനസിനോടൊപ്പം തന്നെ നാടകാഭിനയത്തിലും സജീവമായിരുന്നു. ദാവണ്‍ഗരെയില്‍ നിന്ന് തിരികെ നാട്ടിലേക്കെത്തിയ ഇന്നസെന്റ് രാഷ്ട്രീയത്തിലേക്കിറങ്ങി. 1979ല്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.

1980 കളുടെ തുടക്കത്തില്‍ തന്നെ ഇന്നസെന്റ് മലയാള സിനിമയില്‍ സജീവമാകാന്‍ തുടങ്ങിയിരുന്നു. മോഹന്‍, ഭരതന്‍,ഭദ്രന്‍,രാമു കാര്യാട്ട്,കെജി ജോര്‍ജ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലായിരുന്നു 80 കളുടെ തുടക്കത്തില്‍ അദ്ദേഹം വേഷമിട്ടത്. പഞ്ചവടിപ്പാലം, കാതോട് കാതോരം, അരം പ്ലസ് അരം കിന്നരം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 1985 ന് ശേഷം ഇറങ്ങിയ പല ഹിറ്റ് സിനിമകളുടെയും ഭാഗമാകാന്‍ ഇന്നസെന്റിന് സാധിച്ചു.

1989 ല്‍ സിദ്ധിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ ഒരു വഴിത്തിരിവായത്. ചിത്രത്തിലെ മാന്നാര്‍ മത്തായി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലാണ്.തുടര്‍ന്ന് ഗജകേസരി യോഗം, ഗോഡ് ഫാദര്‍, കിലുക്കം, വിയ്റ്റ്‌നാം കോളനി, ദേവാസുരം, കാബൂളിവാല … എന്നിങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി.

നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തിയ അദ്ദേഹം പില്‍ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളാണ്.
പന്ത്രണ്ട് വര്‍ഷം മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. നടന്‍ എന്നതിലുപരി നിര്‍മാതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രണ്ടു സിനിമകള്‍ക്ക് കഥ എഴുതിയിട്ടുണ്ട്. എഴുത്തുകാരന്‍ കൂടിയായ ഇന്നസെന്റ് ഞാന്‍ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിയ്ക്കുപിന്നില്‍ (ആത്മകഥ) , കാന്‍സര്‍വാര്‍ഡിലെചിരി.. എന്നി പുസ്തകങ്ങളും എഴുതി. 2014 ലെ ലോക്‌സഭാ ഇലക്ഷനില്‍ ഇന്നസെന്റ് എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here